ഓസ്കർ സ്വപ്നങ്ങളുമായി ‘സഞ്ജയിയുടെ ദൈവങ്ങൾ’

സഞ്ജയ് പട്ടേൽ (ഇടത്)

ഏതൊരു അഞ്ചു വയസ്സുകാരനേയും പോലെ, ഇന്ത്യൻ വംശജരായ മാതാപിതാക്കളോടൊപ്പം കാലിഫോർണിയയിൽ താമസിച്ചിരുന്ന സഞ്ജയിയുടെയും കുട്ടിക്കാം കാർട്ടൂണിന്റെ മായാലോകങ്ങൾ ആയിരുന്നു. എന്നാൽ ആരാധന നിറഞ്ഞ മിഴികളുമായി ടി വിയുടെ മുന്നിൽ കാർട്ടൂണ്‍ കഥാപാത്രങ്ങളും സൂപ്പർ ഹീറോസും തുറന്നു കൊടുക്കുന്ന വീരകഥകളുടെ ലോകംകാണാൻ ആർത്തിയോടെ കാത്തിരിക്കുമായിരുന്ന സഞ്ജയിന്റെ സ്വപ്നങ്ങൾക്ക് വിഘ്നം വരുത്തിയിരുന്നത് സാക്ഷാൽ വിഘ്നേശ്വരൻ തന്നെ ആയിരുന്നു.

സത്യത്തിൽ വിഘ്നേശ്വരൻ മാത്രമല്ല, വിഷ്ണുവും ശിവനും ദുർഗ്ഗയും ഹനുമാനുമെല്ലാം അവന്റെ കാർട്ടൂണ്‍ കാഴ്ചകൾക്ക്‌ വിലങ്ങുതടിയായി നിന്നു. അച്ഛന്റെ പൂജാവേളകളിൽ ഉള്ള ടി.വി. കാണലാണ് കൊച്ചുസഞ്ജയ്ക്ക് വിനയായി തീർന്നത്. അച്ഛന്റെ നിർബന്ധപ്രകാരം വല്ല വിധേനയും ടി.വി. ഓഫ്‌ ചെയ്ത് നിലവിളക്കിനു മുന്നിൽ എത്തിയാലുടനെ സഞ്ജയ്‌ ഉറക്കം തുടങ്ങും. അങ്ങനെ ഒരവസരത്തിൽ ആണ് ദേവലോകത്തെ മുഴുവൻ ദൈവങ്ങളും ആരാധനാപാത്രങ്ങളായ സൂപ്പർഹീറോകളായി മാറി അവന്റെ സ്വപ്നലോകത്തെത്തി അവനെ ആ സങ്കടക്കടലിൽ നിന്നും രക്ഷപ്പെടുത്തുന്നത്.

അന്ന് സഞ്ജയ്‌യുടെ സ്വപ്നത്തിൽ ആണ് ദൈവങ്ങൾ കാർട്ടൂണ്‍പരിവേഷം അണിഞ്ഞതെങ്കിൽ, ഇന്ന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്‌സ് (CALARTS) ബിരുദധാരിയായ അതേ സഞ്ജയ്‌ വഴി, പിക്സർ അനിമേറ്റഡ് സ്റ്റുഡിയോസ് നിർമിക്കുന്ന ‘സഞ്ജയ്സ് സൂപ്പ‍ര്‍ ടീം’ എന്ന ഹ്രസ്വചിത്രമാണ് കൊച്ചു മനസ്സുകൾ കീഴടക്കാൻ എത്തുന്നത്‌. പിക്സർ സ്റ്റുഡിയോയിൽ കഴിഞ്ഞ പതിന്നാലു വർഷത്തിലേറെയായി അനിമേറ്റർ ആയി ജോലി നോക്കുന്ന, ടോയ് സ്റ്റോറി ഉൾപ്പടെ നിരവധി ഹിറ്റുകൾ സമ്മാനിച്ച, സഞ്ജയ്‌ പട്ടേലിന്റെ സംവിധാന രംഗത്തെ പ്രഥമസംരംഭം കൂടിയാണ് ‘സഞ്ജയ്സ് സൂപ്പ‍ര്‍ ടീം. ചിത്രത്തിന് ശബ്ദമിശ്രണം നടത്തുന്നത് ഓസ്കാര്‍ ജേതാവ് മൈക്കി‍ള്‍ ഡാന്നയാണ്.

രണ്ടു സംസ്കാരങ്ങളുടെ ഇടയിൽ പെട്ട് ഞെരുങ്ങി, ഇഷ്ടമില്ലാത്ത ഒന്നിലേയ്ക്ക് വലിച്ചിഴക്കപ്പെടുന്ന കൊച്ചു സഞ്ജയ്‌യുടെ മനസ്സിന്റെ രസകരമായ ഭാവനകളുടെ ആകെത്തുകയാണ് ഈ ഷോർട്ട് ഫിലിം. ഹിന്ദു ദൈവങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പിക്സർ നിർമിക്കുന്ന ആദ്യ ചിത്രം, ഒരു ഇന്ത്യൻ വംശജനായ സംവിധായകന്റെ ആദ്യ പിക്സർ ചിത്രം എന്നീ സവിശേഷതകളും ഈ ഷോർട്ട് ഫിലിമിനുണ്ട്.

2016 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി നടക്കുന്ന എണ്‍പത്തിയെട്ടാമത് ഓസ്കർ അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന 10 ഷോർട്ട് ഫിലിമുകളിൽ ഒന്നാണ് ദൈവങ്ങളടങ്ങിയ സഞ്ജയ്‌യുടെ ഈ സൂപ്പർ ടീം. ഈ പത്തു ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു മികച്ച ചിത്രങ്ങളാകും, ഓസ്കറിനു വേണ്ടി അവസാനറൗണ്ടിൽ പരിഗണിക്കപ്പെടുക. നവംബർ ഇരുപത്തിയഞ്ചാം തീയതി തിയറ്ററുകളിൽ എത്തുന്ന "ദ് ഗുഡ് ദിനോസർ" എന്ന പിക്സർ ചിത്രത്തിന്റെ മുന്നോടിയായിട്ടാകും ഏഴു മിനിട്ട് ദൈർഘ്യമുള്ള സൂപ്പർ ടീം പ്രദർശിപ്പിക്കപ്പെടുന്നത്.