ഒബാമയുടെ പ്രേമജീവിതം സിനിമയിൽ

അധികാരമൊഴിയുന്ന യുഎസ് പ്രസിഡന്റിനെപ്പറ്റി ഹോളിവുഡിൽ ഒരു സിനിമ പതിവാണ്. ഒന്നുകിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, അല്ലെങ്കിൽ തിര‍ഞ്ഞെടുപ്പുകഴിഞ്ഞാലുടൻ. വിരമിക്കുന്ന പ്രസിഡന്റിനെ കളിയാക്കുന്നതോ പരിഹസിക്കുന്നതോ ആകും. ഇത്തവണ, അതിൽനിന്നെല്ലാം വ്യത്യസ്തമായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രേമവും വിവാഹവും പ്രമേയമാക്കിയ ഒരു സിനിമ കഴിഞ്ഞമാസമിറങ്ങി.

‘സൗത്ത് സൈഡ് വിത്ത് യൂ’ ഒബാമയും മിഷേലും ആദ്യം കണ്ടതുമുതലുള്ള കഥകളാണ്. സ്ഥാനമൊഴിയുന്ന ഒരു പ്രസിഡന്റിനും ഇത്ര മധുരമാർന്ന സമ്മാനം ഹോളിവുഡിൽ മുൻപുണ്ടായിട്ടില്ല. സാമൂഹികവും വംശീയവുമായ പ്രശ്നങ്ങൾക്കൊപ്പം വൈകാരികബന്ധത്തിന്റെ ഊഷ്മളത കൂടി പകരുന്ന നല്ല സിനിമ എന്നാണു നിരൂപകർ ‘സൗത്ത്സൈഡ് വിത്ത് യൂ’ വിനെ വിശേഷിപ്പിക്കുന്നത്. സംവിധാനം റിച്ചാർഡ് ടാൻ. പാർക്കർ സോയേഴ്സ് ആണു ഒബാമയുടെ വേഷത്തിൽ. മിഷേൽ ആയി ടിക്ക സംപ്ടറും.

ഹാർവഡിൽനിന്നു നിയമബിരുദം നേടിയ യുവനായകൻ (ഒബാമ) ഷിക്കാഗോയിലെ നിയമസ്ഥാപനത്തിൽ താല്ക്കാലിക ജോലിയെടുക്കുമ്പോഴാണു മിഷേൽ റോബിൻസണിനെ ആദ്യം കാണുന്നത്. സ്ഥാപനത്തിൽ നായകന്റെ ബോസായിരുന്നു മിഷേൽ. സുന്ദരമായ ആ വേനൽക്കാലസായാഹ്നങ്ങളിൽ അവർ ഒരുമിച്ചു ഷിക്കാഗോ നഗരത്തിൽ നടക്കാൻ പോയി. ഒരുമിച്ചു ഐസ്ക്രീം കഴിച്ചു. സിനിമയ്ക്കു പോയി.

സ്ഥാനമൊഴിയുന്ന പ്രസിഡന്റുമാരോടു സഹാനുഭൂതി കാട്ടുന്ന പതിവ് ഹോളിവുഡിലില്ല. 2008ൽ ജോർജ് ഡബ്ലൂ ബുഷ് രണ്ടാം വട്ടം മൽസരിക്കാൻ തയാറെടുക്കുമ്പോഴാണു ഒലിവർ സ്റ്റോൺ ‘ഡബ്ലൂ’ എന്ന സിനിമയുമായി വന്നത്. ബുഷിനെ വഷളനായ മണ്ടൻ ആയിട്ടാണു ആ സിനിമ ചിത്രീകരിച്ചത്. മോനിക്ക ലെവിൻസ്കി വിവാദം കത്തിനിൽക്കെയാണു 1998ൽ ‘പ്രൈമറി കളേഴ്സ്’ എന്ന സിനിമയിറങ്ങിയത്. മൈക്ക് നിക്കോളാസിന്റെ ഈ സിനിമ ജോ ക്ലെയിനിന്റെ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു വെങ്കിലും സംഭവം ബിൽ ക്ലിന്റൻ ഉൾപ്പെട്ട വിവാദം അനുസ്മരിപ്പിക്കുന്നതായിരുന്നു. റീഗന്റെ കാലത്തിനു മുൻപ് ഇത്തരത്തിലുള്ള വിമർശനം ചിന്തിക്കാനാവില്ലായിരുന്നു. വാട്ടർഗേറ്റ് അഴിമതി പ്രമേയമായ ‘ഓൾ പ്രസിഡന്റ്സ് മെൻ’ (1976) പോലും നിക്സൻ രാജിവച്ചു രണ്ടുവർഷം കഴിഞ്ഞാണ് ഇറങ്ങിയത്.