സ്പെക്ട്രയുടെ ഗിന്നസ് റെക്കോർഡ് സ്ഫോടനം

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് സിനിമയുടെ മാത്രം പ്രത്യേകതയാണ്. ഒരു ജയിംസ്ബോണ്ട് ചിത്രമാണെങ്കിൽ പറയുകയും വേണ്ട. ഇക്കാര്യത്തിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് പുതിയ ജയിംസ്ബോണ്ട് ചിത്രമായ സ്പെക്ട്ര.

ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഏറ്റവും വലിയ സ്‌ഫോടനത്തിന്റെ ഗിന്നസ് റെക്കോർഡ് ആണ് സ്‌പെക്ട്ര സ്വന്തമാക്കിയത്. ജയിംസ് ബോണ്ട് 007 എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റെക്കോർഡിന്റെ വിവരം പുറത്തുവിട്ടിരിക്കുന്നത്.

ഡാനിയല്‍ ക്രേഗും കാമുകിയായി അഭിനയിക്കുന്ന ലേ സെഡോക്‌സും അഭിനയിക്കുന്ന ഒരു രംഗത്തിലാണ് സ്ഫോടനം ചിത്രീകരിച്ചിരിക്കുന്നത്. മൊറോക്കോയിലെ എര്‍ഫോഡില്‍ ആണ് ലൊക്കേഷൻ. ഇതിനായി 8418 ലിറ്റര്‍ ദ്രവീകൃത ഇന്ധനവും 33 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചു. ഇൻസ്പെഷൻ എന്ന നോളൻ ചിത്രത്തിന്റെ സ്പെഷൽ ഇഫക്ട് നിർവഹിച്ച ക്രിസ് കോർബോൾഡ് ആണ് സ്പെക്ട്രയുടെ ഇഫക്ടുകളും കൈകാര്യം ചെയ്തിരിക്കുന്നത്.