ബോണ്ടിന്റെ നീണ്ട ചുംബനം വെട്ടി ഇന്ത്യൻ സെൻസർ ബോർഡ്

ബോണ്ടിന് പോലും ഇന്ത്യയിൽ മര്യാദയ്ക്ക് ചുംബിക്കാനുള്ള അനുമതിയില്ല. പുതിയ ജയിംസ്ബോണ്ട് ചിത്രമായ സ്പെക്ട്രയിൽ ഒരു നീണ്ട ചുംബനരംഗം കത്രികവച്ചിരിക്കുകയാണ് ഇന്ത്യൻ സെൻസർ ബോർഡ്. നായകന്‍ ഡാനിയല്‍ ക്രെയിഗും മോണിക്കാ ബലൂച്ചിയും തമ്മിലുള്ള ചുംബനരംഗത്തിനാണ് ദൈര്‍ഘ്യം കൂടി പോയെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച്ച മുതല്‍ പ്രദര്‍ശനത്തിന് എത്തുന്ന സിനിമയില്‍ പലഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചെന്നാണ് പറയുന്നത്. യു/എ വിഭാഗത്തിലുള്ള സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.

അതേസമയം ഹോളിവുഡ് സിനിമ പോലും കത്രിക വച്ച് നശിപ്പിക്കുന്ന സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ചുകൊണ്ട് നിരവധി ആളുകള്‍ ട്രോളുമായി നിരത്തി. സംസ്‌കാരി ബോണ്ട് എന്ന ഹാഷ്ടാഗ് ഇന്നലെ മുതല്‍ ട്വിറ്ററിൽ തരംഗമായിരുന്നു. നേരത്തെ ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ എന്ന ചിത്രത്തിന്റെ ഇന്ത്യൻ റിലീസ് സമയത്തും ഇതുപോലൊരു വിവാദം ഉണ്ടായിരുന്നു.

ഹോളിവുഡിന് മാത്രമല്ല ബോളിവുഡിനും ഇതുതന്നെയാണ് അവസ്ഥ. തമാശ എന്ന ചിത്രത്തിലെ രൺബീറിന്റെയും ദീപികയുടെയും ലിപ്‌ലോക്കിനും സെൻസര്‍ ബോർഡ് കത്രികവച്ചു.