ഡികാപ്രിയോയുടെ ഓസ്കർ ശാപം

ഡികാപ്രിയോ

യാഥാർഥ്യത്തോട് ഇഴചേർന്നു നിൽക്കുന്ന അഭിനയമുഹൂർത്തങ്ങളെ തേടി വീണ്ടുമൊരു ഓസ്കർ എത്തുന്നു. ഇത്തവണത്തെ ഓസ്കറിന്റെ പ്രത്യേകതയെന്തെന്ന് ചോദിച്ചാൽ അത് ലിയനാർഡോ ഡി കാപ്രിയോയാണ്.

ഓസ്കർ പ്രഖ്യാപന വേദിയിലേക്ക് നീലക്കണ്ണിൽ കണ്ണീരുള്ള ചിരിപടർത്തി ലിയനാർഡോ നടന്നുചെല്ലുന്നതു കാണാൻ. അക്കാദമിയുടെ പുരസ്കാരം ആ കൈകളില്‍ ചേർന്നിരിക്കുന്നതു കാണാൻ പ്രേക്ഷക പക്ഷം ഏറെ ആഗ്രഹിക്കുന്നു. റെവറെന്റിലെ അഭിനയം ലിയനാർഡോയ്ക്ക് ഓസ്കർ നേടിക്കൊടുക്കുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ.

ഇതിനു മുൻപ് ലിയനാർഡോയും ലോകവും ആ പുരസ്കാരം ഏറെ ആഗ്രഹിച്ച മുഹൂർത്തങ്ങളുണ്ട്. അഭിനയം കൊണ്ട് ലിയനാർ‌ഡോ അതിയശിപ്പിച്ചിട്ടും പക്ഷേ പാതിവഴിയിൽ ഓസ്കർ മടങ്ങിപ്പോയി. ആ യാത്ര ഇത്തവണ പൂർണതയിലെത്തട്ടെ. ലിയനാർഡോ ഓസ്കർ നേടുമെന്ന് ലോകം ഉറപ്പിച്ച കുറച്ച് സിനിമകളിലേക്കൊന്നു പോകാം.

ഏവിയേറ്റർ

ലിയനാർഡോയുടെ അഭിനയ ജീവിതത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓടിയെത്തുക ഏവിയേറ്ററിലെ ആ തീയറ്റർ രംഗം തന്നെയെന്നതിൽ തർക്കമില്ല. ലിയനാർഡോ ഹൊവാർഡ് ഹ്യൂഗ്സ് ആയി മാറിയ ചിത്രത്തിൽ ഈ ഒരൊറ്റ സീനിലെ അഭിനയം മതിയായിരുന്നു പ്രേക്ഷകർക്ക് ഓസ്കർ പ്രതീക്ഷിക്കാൻ. ലിയനാർഡോയെന്ന നടന്റെ അഭിനയം തലച്ചോറിനെ ലഹരി പിടിപ്പിച്ചു. മാർട്ടിൻ സ്കോർസീസിന്റെ സംവിധാന മികവും ലിയനാർഡോയിലെ നടനും ഒന്നു ചേർന്നപ്പോഴെല്ലാം ലോക ചലച്ചിത്രത്തിനു ലഭിച്ചത് എക്കാലത്തേയും മികച്ച ചിത്രങ്ങളായിരുന്നു. അതിലൊന്നാണ് ഏവിയേറ്റർ.

ദ് ബാസ്ക്കറ്റ് ബോൾ ഡയറീസ്

എത്രത്തോളം ശക്തമായ നടനവൈഭവമാണ് ലിയനാർഡോയുടേതെന്ന് ആദ്യം ലോകമറിഞ്ഞത് ദി ബാസ്ക്കറ്റ് ബോൾ ഡയറീസ് എന്ന ചിത്രത്തിലൂടെയാണ്. അമേരിക്കൻ എഴുത്തുകാരൻ ജിം കാരളിന്റെ ആഥ്മകഥ സിനിമാക്കിയപ്പോൾ അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിച്ചത് ലിയനാർഡോയായിരുന്നു. ലിയനാർഡോയും മാർക്ക് വാൾബർഗും തകർത്തഭിനയിച്ച ചിത്രം. യുവത്വത്തിന്റെ വേഗതയ്ക്കപ്പുറം പക്വതയേറിയ അഭിനയത്തിലേക്ക് ലിയനാർഡോ ഓരോ ഫ്രെയിമുകൾ പിന്നിടുന്തോറും അടുക്കുന്നതു കാണാം ഈ ചിത്രത്തിൽ. കൂടുതൽ ഹൃദയങ്ങളിലേക്ക് ലിയനാർഡോ കടന്നുചെന്നത് ഈ ചിത്രത്തിലൂടെയാണ്.

ബ്ലഡ് ഡയമണ്ട്

വികാരതീക്ഷണമായ രംഗങ്ങളെ അതിഭാവുകത്വമില്ലാതെ അഭിനയിച്ചവസാനിപ്പിക്കുന്ന ലിയനാർഡോ പ്രാഗത്ഭ്യം തെളിഞ്ഞു കണ്ട ചിത്രമാണ് ബ്ല‍ഡ് ഡയമണ്ട്. ജീവനുള്ള അഭിനയമെന്തെന്ന് അദ്ദേഹം കാണിച്ചു തന്ന. ബ്ലഡ് ഡയമണ്ട് അത്രയേറെ മികച്ചൊരു ചിത്രമൊന്നുമായിരുന്നില്ല. അതിനിത്രയേറെ സൗന്ദര്യം കൈവന്നത് പക്ഷേ ലിയനാർഡോ എന്ന ഒരൊറ്റ വ്യക്തിയുടെ അഭിനയം കൊണ്ടാണ്.

ദ് വോൾഫ് ഓഫ് വാൾ സ്ട്രീറ്റ്

മാർട്ടിൻ സ്കോർസീസും ലിയനാർഡോയും ഒന്നുചേർന്ന മറ്റൊരു അവിസ്മരണീയ ചിത്രം. ജോർദാൻ ബെൽഫോർട്ട് ഒരു ക്രൂരനായ കഥാപാത്രമായിരുന്നിട്ടും ലിയനാർ‍ഡോയുടെ അഭിനയത്തിലൂടെ ആ കഥാപാത്രത്തിന് പ്രേക്ഷകന്റെ സ്നേഹം കിട്ടി.

ജാങ്കോ അൺചെയ്ൻഡ്

ലിയനാർഡോയ്ക്ക് ഓസ്കർ നോമിനേഷൻ പോലും കിട്ടിയില്ല ഈ ചിത്രത്തിന്. സഹനടനുള്ള ഓസ്കർ പുരസ്കാരം പക്ഷേ ക്രിസ്റ്റഫർ വാൾട്സിന് കിട്ടി ഈ ചിത്രലൂടെ. അടിമക്കച്ചവടം നിലനിന്നിരുന്ന കാലത്തെ അമേരിക്കയെ കുറിച്ചാണ് ക്വിൻറീൻ ടാരൻറീനോ ജാങ്കോ അൺചെയ്ൻഡ് ഒരുക്കിയത്. ഹോളിവുഡിലെ പരമ്പരാഗത രീതികളെ പൊളിച്ചെടുക്കുന്ന സംവിധായകന്റെ ചിത്രത്തിൽ വ്യത്യസ്തനായ ലിയനാർഡോയെയാണ് ലോകം കണ്ടത്.

ഇത്തവണയും ലോകം കാത്തിരിക്കുകയാണ്. ഫെബ്രുവരി ഇരുപത്തിയെട്ടിന് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ റെവറെന്റിലെ അഭിനയത്തിന് ലിയനാർഡോയ്ക്ക് ഓസ്കർ കിട്ടുമെന്ന്. ഒരു മനുഷ്യ ജന്മം കടന്നുപോകാവുന്ന ഏറ്റവും ദുഷ്കരമായ ജീവിതത്തെ അഭിനയിച്ചു പ്രതിഫലിച്ച ലിയനാർഡോ ഇത്തവണ അതർഹിക്കുന്നുണ്ട്. കൂടാതെ റെവറെന്റ് മനോഹരമായ ഒരു ചിത്രവും കൂടിയാണ്. ലിയനാർഡോ ആത്മാവ് കൊടുത്ത് പൂർത്തിയാക്കിയ ചിത്രമെന്നു പറയാം ഇതിനെ.