ശ്രീകൃഷ്ണനെ വില്ലനായി ചിത്രീകരിച്ചു; ഹോളിവുഡ് ചിത്രത്തിനെതിരെ ഹിന്ദുനേതാവ്

എക്സ്മെൻ സിനിമയിൽ നിന്നും (ഇടത്) , രാജൻ സെഡ്(വലത്)

എക്സ്മെൻ സീരിസിലെ ഒൻപതാമത്തെ ചിത്രമായ എക്സ്മെൻ: അപ്പൊകാലിപ്സിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അതിൽ വില്ലൻ കഥാപാത്രമായ അപ്പൊകാലിപ്സ് ശ്രീകൃഷ്ണനെക്കുറിച്ച് പരാമർശിക്കുന്ന ഒരു ഡയലോഗും ട്രെയിലറിൽ ഉൾപ്പെടുത്തിയിരുന്നു. “I have been called many things over many lifetimes — Ra, Krishna, Yahweh.”

പല ജന്മങ്ങളിലും എനിക്ക് പല പേരുകളായിരുന്നു– റാ ( ഈജിപ്ത് ഗോഡ്), കൃഷ്ണ, യഹോവെ). വില്ലൻ കഥാപാത്രമായ ഒസ്കർ ഐസക്കിന്റെ ഡയലോഗ് ആണിത്. മാത്രമല്ല വില്ലന്റെ രൂപവും ശ്രീകൃഷ്ണന്റെ നിറമായ നീല നിറത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഭഗവാൻ കൃഷ്ണനെ ഇങ്ങനെ താരതമ്യം ചെയ്യുന്നത് ഒരിക്കലും സംഭവിക്കരുതാത്തതാണെന്ന് ചൂണ്ടിക്കാട്ടി രാജൻ സെഡ് രംഗത്തെത്തി. നെവാഡയിലെ യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുവിസത്തിന്റെ പ്രസിഡന്റ് ആണ് രാജൻ. ഹിന്ദു വിശ്വാസികളുടെ മതവികാരങ്ങളെ ഈ ഡയലോഗ് വൃണപ്പെടുത്തുമെന്നാണ് രാജൻ പറയുന്നത്.

വീടുകളിലും ക്ഷേത്രങ്ങളിലും ആരാധിക്കുന്ന ദൈവമാണ് കൃഷ്ണൻ. അല്ലാതെ സിനിമാക്കാർക്ക് എന്തുതോന്ന്യവാസവും കാട്ടേണ്ട ഒരാളല്ല. മാത്രമല്ല ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ട്രെയിലറിൽ നിന്നും സിനിമയിൽ നിന്നും കൃഷ്ണനെക്കുറിച്ചുള്ള പരാമർശം സംവിധായകനായ ബ്രയാൻ സിങർ ഒഴിവാക്കണം. രാജന്‍ പറഞ്ഞു.

ബ്രയാൻ സിങർ സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റീമേക്ക് ചെയ്ത് എത്തുന്നുണ്ട്. അടുത്തവർഷം മെയ് 20നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ജയിംസ് മകോവി, മൈക്കൽ ഫാസ്ബെൻഡർ, ജെന്നിഫർ ലോറൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.