Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുന്നാളിന് ഇരട്ടിമധുരവുമായി നീരജ്

neeraj-madhav നീരജ് മാധവ്

നീരജ് മാധവ്- പേരു കേൾക്കുമ്പോൾ ‍തന്നെ ആരാധിക്കാൻ തോന്നും, ഒപ്പം പ്രേക്ഷകശ്രദ്ധ കിട്ടുന്ന കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ പിന്നെ പറയേണ്ടതുമില്ലല്ലോ!. ഈ അടുത്ത് പുറത്തിറങ്ങിയ എല്ലാ വിജയചിത്രങ്ങളിലും നീരജിന്റെ സാനിധ്യവുമുണ്ടായിരുന്നു. ഈ പെരുന്നാളിന് നീരജിന് ഇരട്ടിമധുരമാണ്. റമസാനോടനുബന്ധിച്ച് രണ്ടു ചിത്രങ്ങളാണ് നീരജിന്റേതായി പുറത്തിറങ്ങുന്നത്, മധുര നാരങ്ങയും, കെ എൽ 10 പത്തും.

രണ്ടു വ്യത്യസ്ത വേഷങ്ങൾ, ഒപ്പം രണ്ടു വ്യത്യസ്ത ടീം, എല്ലാവർക്കുമൊപ്പം നീരജും ആകാംക്ഷയിലാണ്, ഒപ്പം പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയിലും സന്തോഷത്തിലും. ആ സന്തോഷവും വിശേഷങ്ങളും നീരജ് മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ...

റമസാൻ പ്രമാണിച്ച് എത്തുന്ന രണ്ടു ചിത്രങ്ങൾ, രണ്ടു ചിത്രത്തെയും കുറിച്ച് എന്താണ് പ്രതീക്ഷ, എങ്ങനെയാണ് രണ്ടു ചിത്രങ്ങളും വ്യത്യസ്തത പുലർത്തുന്നത്?

എന്നെ സംബന്ധിച്ച് മധുരനാരങ്ങയും കെഎൽ പത്തും രണ്ടും വലിയ പ്രതീക്ഷ ഉള്ള ചിത്രങ്ങളാണ്. മധുരനാരങ്ങയിൽ ബിജു മേനോനും ചാക്കോച്ചനും ഒപ്പമാണ്. ഈക്വലി ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു റോളാണ് എനിക്കുമുള്ളത്. ബിജു ചേട്ടനും ചാക്കോച്ചനുമായി നല്ലൊരു കെമിസ്ട്രി ഉള്ളതാണ്. ഞാനും കൂടി ആയപ്പോൾ അതെങ്ങനെ വർക് ഒൗട്ട് ആയി എന്നറിയാനുള്ള ആകാംക്ഷയിലാണ് ഞാനും. ഇതിലേക്ക് എന്നെ കാസ്റ്റ് ചെയ്തിട്ട് സുഗീതേട്ടൻ പറഞ്ഞത് എന്തെല്ലാം താൽപര്യം ഉണ്ടോ, പുതിയ കോൺട്രീബ്യൂഷൻസ് എന്തൊക്കെ ഉണ്ടോ അതെല്ലാം ചെയ്തോളാനാണ്. അത്രയും സ്വാതന്ത്ര്യം തന്നിട്ടുണ്ടായിരുന്നു. ഇതിൽ കോഴിക്കോട് ഭാഷയാണ് സംസാരിച്ചിരിക്കുന്നത്. അതും ഒത്തിരി ഇംപ്രവൈസ് ചെയ്തിട്ടുണ്ട്. ബിജു ചേട്ടനാണെങ്കിൽ നമ്മൾ കാണുന്നതു പോലെയൊന്നുമല്ല കേട്ടോ, ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും സ്നേഹസമ്പന്നനും നല്ല കൂട്ടുകാരനുമാണ് അദ്ദേഹം. പുതിയ ഒരാളായി എന്നെ കരുതാതെ അവരിൽ ഒരാളായി തന്നെ അവർ രണ്ടു പേരും എന്നെയും കൂട്ടി. അതിനു രണ്ടു പേരോടും വളരെ നന്ദിയുണ്ട്.

neeraj-biju ബിജു മേനോനൊപ്പം മധുര നാരങ്ങയില്‍

നല്ല രീതിയിൽ വർ‌ക് ചെയ്യാൻ ഈ ഒരു കെമിസ്ട്രി സഹായിച്ചിട്ടുണ്ട്. ഒരു മാസത്തോളും ദുബായിലായിരുന്നു ഷൂട്ടിങ്. ഞങ്ങൾ ഒരേ ഹോട്ടലിലായിരുന്നു താമസം, തലേ ദിവസം ഒന്നിച്ചിരുന്ന് പിറ്റേന്നത്തെ സ്ക്രീനിനെക്കുറിച്ച് ചർച്ച ചെയ്യുമായിരുന്നു. ഇത് ഷൂട്ടിങ് സമയത്ത് ഒരുപാട് സഹായകരമായിട്ടുണ്ട്. തമാശ അല്ലാതെ കുറച്ചു കൂടി ഡെപ്ത് ഉള്ള ഒരു കാരക്ടറാണ്. യഥാർഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്, പെർഫോം ചെയ്യാനുള്ള ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ചിത്രത്തിന്റെ ഡബിങ് കഴിഞ്ഞ് ബിജു ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞു നന്നായി ചെയ്തിട്ടുണ്ട്, നല്ല ഫീൽ ഉണ്ടെന്ന്. അതു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.

കെ.എൽ പത്ത് മധുരനാരങ്ങയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മലബാറിന്റെ ഇതുവരെ കാണാത്ത ഒരു ഫ്ലേവർ ഇതിൽ കാണാൻ സാധിക്കും. മലപ്പുറം ഭാഷ അതിന്റേതായ ഭംഗിയോടെ തന്നെയും ഒഴുക്കൻ മട്ടിൽ രണ്ടു പേർ സംസാരിക്കുന്നത് അതുപോലെ തന്നെയും ഉപയോഗിച്ചിട്ടുണ്ട്. (ചിത്രത്തിന്റെ ട്രെയിലറിൽ മയ പെയ്തു പുയവെള്ളം... എന്നു തുടങ്ങുന്ന പാട്ട് ഇതിനൊരുദാഹരണമാണ്. ചിത്രത്തിൽ ഞാനും അജു വർഗിസും തമ്മിലുള്ള കോംപിനേഷനാണ്. സെൽഫിക്കു ശേഷം ഞങ്ങൾ ഒന്നിച്ച അടുത്ത ചിത്രം. ഫുട്ബോൾ, പ്രണയം എല്ലാം ഇതിലുണ്ട്. മൊഹ്സിനും യങ്ങായിട്ടുള്ള ഒരു സംവിധായകനാണ്. സ്ക്രിപ്റ്റ് കണ്ടിട്ട് എൽ.ജെ ഫിലിംസ് ചെയ്യണമെങ്കിൽ എന്തെങ്കിലും വ്യത്യസ്തത അല്ലെങ്കിൽ ആകർഷണീയത ചിത്രത്തിൽ ഉണ്ടാകാതിരിക്കില്ലല്ലോ! സ്ക്രിപ്റ്റിനു നല്ല വാല്യു ഉണ്ട്. ചിത്രത്തിന്റെ ടീസറിൽ ഞാനും അജുവും എല്ലാവരും കൂടി പാടിയ ഒരു പാട്ട് ഉണ്ട്. ആ ട്രെയിലർ ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ്. വായ്മെഴികളായിട്ടു പറയുന്ന വാക്കുകൾ അതേ സത്ത ഉൾക്കൊണ്ടുതന്നെ ചിത്രത്തിലുണ്ട്. മലബാറിന്റെ പുറത്തേക്ക് അധികം അറിയാത്ത കാര്യങ്ങൾ അതായത് അവരുടെ ഭക്ഷണത്തോടുള്ള പ്രിയം, ഭക്ഷണ സങ്കൽപം എല്ലാം ഇതിലുണ്ട്. ടോട്ടലി ഫ്രെഷ് ആയിട്ടുള്ള കാരക്ടറാണ് എന്റെയും അജുവിന്റെയും.

chaochan-neeraj

സെൽഫിക്ക് ശേഷം അജു വർഗീസുമൊത്ത്

ശരിക്കും ഞങ്ങൾ തകർത്തു. കോഴിക്കോട്, വയനാട് ഭാഗങ്ങളിലായിരുന്നു കൂടുതലും ഷൂട്ടിങ് നടന്നത്. കോഴിക്കോട്ടെ ഒട്ടുമിക്ക ഹോട്ടലുകളിലും ഞങ്ങൾ രണ്ടു പേരും കൂടി പോയി ആഹാരം കഴിച്ചു. ഞങ്ങൾ കയറാത്ത ഹോട്ടൽ കോഴിക്കോട് ഉണ്ടോ എന്ന സംശയമേ ഉള്ളു. അജുവിനെ കുറിച്ച് പറയുകയാണെങ്കിൽ അവൻ നന്നായി ഫുഡ് കഴിക്കുകയും കൂടെ ഉള്ളവരെ കഴിപ്പിക്കുകയും ചെയ്യും. കോഴിക്കോട്ടെ റഹ്മത്ത്, പാരഗൺ ഹോട്ടലുകളിൽ ലഞ്ച് അറേഞ്ച് ചെയ്യുമ്പോൾ നമ്മൾ ഇങ്ങനെ കറങ്ങി നടന്ന് വിവിധ രുചികൾ അസ്വദിക്കുകയായിരുന്നു. പിന്നെ ഞങ്ങളുടെയൊക്കെ കുടുംബസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ വീട്ടിലും പോയി ഭക്ഷണം കഴിച്ചു. ആരെയും വെറുതെ വിട്ടിട്ടില്ല.

neeraj-aju

ചാർലിയിൽ ദുൽഖർ സൽമാനോടൊപ്പം?

ദുൽഖറുമായി എനിക്ക് കോംപിനേഷൻ സീനുകളില്ല. ഞങ്ങൾ സെറ്റിൽ വച്ച് കണ്ട് സംസാരിക്കും. പാർവതിയും ആയിട്ടാണ് എന്റെ കോംപിനേഷൻ. ഇതിൽ കാമിയോ(ഗസ്റ്റ് പോലെ) വേഷമാണ്. 1983 മുതൽ മാർട്ടിൻ ചേട്ടനുമായി പരിചയം ഉണ്ട്. ആ പരിചയം വച്ചാണ് എന്നെ ഇതിലേക്ക് ക്ഷണിച്ചത്.

പുതിയ ചിത്രങ്ങൾ?

ബേസിൽ ജോസഫിന്റെ കുഞ്ഞിരാമായണം, തോമസ് സെബാസ്റ്റ്യന്റെ ജമുനാ പ്യാരി. ചാക്കോച്ചനോടൊപ്പമുള്ള എന്റെ രണ്ടാമത്തെ സിനിമയാണ് ജമുനാ പ്യാരി. അതിലും സന്തോഷം ചാക്കോച്ചനാണ് ഈ ചിത്രത്തിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് എന്നതാണ്. രണ്ടും ഓണത്തിന് റിലീസ് ആകും.

kl-10-team-neeraj

ഇതിനിടയ്ക്ക് കല്യാണം കഴിഞ്ഞു എന്ന ഒരു വാർത്തയും വന്നല്ലോ?

അതൊരു തെറ്റായ വാര്‍ത്തയാണ്. ഞാന്‍ അഭിനയിച്ച ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിന്റെ ഭാഗമായി മാത്രം പുറ‍ത്തിറങ്ങിയതാണ് അങ്ങനെയൊരു വാർത്ത. ഇതിൽ ഞാൻ നായകനാണെന്നും വാർത്ത വന്നിരുന്നു. ഞാനിതിൽ ഒരു സപ്പോർട്ടിങ് വേഷമാണ് ചെയ്തത്. പടത്തിന്റെ പേരു കൊണ്ടുണ്ടായ ഒരു തെറ്റായ വാർത്ത മാത്രമാണ് അത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.