Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങള്‍ പ്രതികരിക്കുന്നത് സിനിമകളിലൂടെ

സമീപകാലത്തുണ്ടായ കോടതി വിധികള്‍ കേട്ടു ഞെട്ടി ആശ്ചര്യത്തോടെ ഈ കോടതിയുടെ പോക്കെവിടേക്കെന്നു മുഖത്തു വിരല്‍ വച്ചു നില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കോടതിക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമ ജൂണ്‍ 5 ന് റിലീസ് ആവുന്നു. ബോബി-സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ സംവിധായകന്‍ വി കെ പ്രകാശ് ഒരുക്കുന്ന ' നിര്‍ണായകം" എന്ന ഈ സിനിമയ്ക്കു ഏറ്റവും അധികം പ്രധാന്യവും ഇക്കാലത്തു തന്നെ. സിനിമയെക്കുറിച്ച് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ്‌യും മനോരമ ഓണ്‍ലൈനിനോട്:

ഹൗ ഓള്‍ഡ് ആര്‍ യുവിനു ശേഷം കോടതി. എന്താണിതില്‍ നിര്‍ണായകം?

കോടതിതന്നെയാണ് ഈ സിനിമയില്‍ നിര്‍ണായകമായ ഘടകം. ഇന്നത്തെ സാധാരണക്കാരായ ഓരോരുത്തരും ചില കോടതി വിധികള്‍ കേട്ടു ആശ്ചര്യഭരിതരാകുന്നു. എന്നാല്‍ എക്കാലവും സാധാരണക്കാരന്‍റെ പരമോന്നതമായ അഭയ സ്ഥാനം കോടതി തന്നെ. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയുന്ന ഒരു വിഷയവും അതാണ്.

മറ്റു സിനിമകളില്‍ കോടതി രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയല്ല നിര്‍ണായകത്തില്‍. ഒരു അഡ്വക്കേറ്റിനോടു ചോദിച്ചും ഒരു പാടു റിസേര്‍ച്ചുകള്‍ നടത്തിയുമാണ് ഈ സിനിമ ചെയ്തത്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണു ഈ സിനിമ പുറത്തു വരുന്നത്. ഇത്രയും സമയം എടുത്ത് വിശദമായി തന്നെയാണ് ഇതു ഞങ്ങള്‍ ചെയ്തത്.

കോടതി മാത്രമല്ല, നാഷണല്‍ ഡിഫന്‍സ് അക്കാദമിയും സിനിമയില്‍ വരുന്നുണ്ട്. എന്‍ഡിഎയില്‍ പോയി സീനിയര്‍ ആര്‍മി ഉദ്യോഗസ്ഥരോടു സംസാരിച്ചാണ് ഞങ്ങള്‍ രംഗങ്ങള്‍ എടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ കോടതിയുടേയും എന്‍ഡിഎയുടേയുമെല്ലാം സീനുകള്‍ റിയലിസ്റ്റിക് ആണ്.

കോടതിയിലെ ജഡ്ജ് ആയി സുധീര്‍ കരമന ചെയ്യുന്ന റോളിനെക്കുറിച്ച്?

അതിശയിപ്പിക്കുന്ന അഭിനയമാണ് സുധീര്‍ കരമന ജഡ്ജിന്‍റെ വേഷത്തില്‍ കാഴ്ച വച്ചത്. ഞങ്ങളുടെ എല്ലാ സിനിമകളിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്നു തോന്നിപ്പോയി ആ രംഗങ്ങള്‍ കണ്ടപ്പോള്‍. സുധീര്‍ കരമന മാത്രമല്ല ആസിഫ് അലി, നെടുമുടി വേണു, റിസബാവ, മാളവിക... തുടങ്ങി എല്ലാവരും നല്ല അഭിനയം തന്നെ കാഴ്ച വച്ചു.

ആസിഫ് അലിയെപ്പോലൊരു നടന്‍ എങ്ങനെ ഈ സിനിമയെ വിജയിപ്പിക്കും?

ഞങ്ങളുടെ എക്കാലത്തെയും വിശ്വാസം ഒരു സിനിമയെ വിജയിപ്പിക്കുന്നത് കഥയും തിരക്കഥയും ആണെന്നാണ്. നടനോ നടിയോ അല്ല. 'തട്ടത്തില്‍ മറയത്ത്" സിനിമ ആയപ്പോള്‍ നിവിന്‍ പോളി വിജയങ്ങള്‍ നേടിയ ഒരു താരം ആയിരുന്നില്ല.

നിങ്ങളുടെ പിതാവ് പ്രേം പ്രകാശും വളരെ പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്നുണ്ടല്ലോ?

ഇതിനു മുന്‍പ് ഞങ്ങള്‍ രചിച്ച'അവിചാരിതം" എന്ന സീരിയലില്‍ അച്ഛന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയിരുന്നു. അന്നേ അദ്ദേഹത്തില്‍ ഒരു നല്ല നടനുണ്ടെന്നും അദ്ദേഹത്തെ വച്ച് ഒരു പടം ചെയ്യണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചു. ആ ആഗ്രഹത്തിനൊത്ത് അദ്ദേഹം തന്‍റെ റോള്‍ ഭംഗിയാക്കിയിട്ടുമുണ്ട്.

യുവാക്കളും ഈ സിനിമയുടെ ഒരു ഘടകമാണ്?

തീര്‍ച്ചയായും. എന്‍ഡിഎയില്‍ ചേരുവാന്‍ ആഗ്രഹിച്ചു ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന യുവാവാണ് ആസിഫ് അലിയുടെ കഥാപാത്രം. യുവാക്കളെ എപ്പോഴും സിനിമയുടെ ഒരു പ്രധാന ഘടകമായാണ് ഞങ്ങള്‍ കരുതിയിരിക്കുന്നത്. 'ഇവന്‍ പയ്യനാണ്, ഇവനെന്തു പറയാന്‍" എന്ന രീതിയില്‍ മുതിര്‍ന്നവര്‍ ചെറുപ്പക്കാരെ ട്രീറ്റ് ചെയ്യുന്നു. എന്നാല്‍ യുവാവായ ഓരോരുത്തര്‍ക്കും അവരവരുടേതായിട്ടുള്ള അസ്തിത്വം ഉണ്ട്.

ഓരോ യുവാവും ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ നട്ടെല്ല് എന്തിനാണ്?

വീണ്ടും കോടതിയിലേക്ക് വരാം. കാശില്ലാത്ത സാധാരണക്കാരനല്ലേ കോടതി 'നിര്‍ണായകം" ആകുന്നത്?

കാശുള്ള കുറച്ച് പേര്‍ക്ക് അനുകൂലമായ കോടതി വിധികളുണ്ടായിട്ടുണ്ടെങ്കിലും അത് എണ്ണത്തില്‍ കുറവാണ്. സാധാരണക്കാരാണ് എന്നും ഒരു അഭയസ്ഥാനം കോടതി തന്നെയാണ് എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എഴുത്തിലൂടെ പ്രതികരിക്കുന്നത് പോലെ ഞങ്ങള്‍ പ്രതികരിക്കുന്നത് ഞങ്ങളുടെ സിനിമകളിലൂടെയാണ്. ഞങ്ങളുടെ ഓരോ സിനിമയും നോക്കിയാലറിയാം വെറും വിനോദം മാത്രമല്ല അവ നല്‍കിയിട്ടുള്ളത്. ഞങ്ങള്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ഞങ്ങളെ സ്വാധീനിച്ചതുമായ അനുഭവങ്ങളാണ് ഞങ്ങളുടെ ഓരോ സിനിമയും. നിര്‍ണായകവും ഒരു അനുഭവത്തില്‍ നിന്നുമുണ്ടായ സിനിമയാണ്.

ഹൗ ഓള്‍ഡ് ആര്‍ യു? വിലെ ജൈവകൃഷി എന്ന ആശയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജൂണ്‍ 5 ന് റിലീസ് ആകുന്ന 'നിര്‍ണായകം" കാണുന്നവരും ഈ സിനിമയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.