Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇതൊക്കെയാണു മാസ്റ്റേഴ്സ്’; കുട്ടൻ മാരാരെ കാണാൻ പ്രിയനെത്തി

Priyadarshan with Peruvanam Kuttan Marar

തൃശൂർ∙ ഇല്ലായ്മകളിൽനിന്നും നല്ല ദിവസങ്ങളിലേക്കു കൊട്ടിക്കയറിയ രണ്ടുപേർ. ഇരുവർക്കും തികച്ചും അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ അദ്ഭുതവും സന്തോഷവും.  മേള പ്രമാണി പെരുവനം കുട്ടൻ മാരാരെ കാണാൻ മനോരമയുടെ അതിഥിയായി കാത്തിരുന്നതു  സംവിധായകൻ പ്രിയദശനാണെന്നറിഞ്ഞപ്പോൾ കുട്ടൻ മാരാർ പറഞ്ഞു, ‘സിനിമയിലൂടെ എന്നെ ഒരു പാടു സന്തോഷിപ്പിച്ച ആളാണ്. കാണും എന്നു കരുതിയതല്ല. ’  നിങ്ങളെപ്പോലെ സമർപ്പണത്തിലൂടെ, ഒന്നും പ്രതീക്ഷിക്കാതെ വളർന്നവരെ കണ്ടുമുട്ടുന്നു എന്നതാണു എനിക്കു സിനിമ സമ്മാനിച്ച നല്ല കാര്യം. പ്രിയദർശൻ മറുപടി പറഞ്ഞു.

കൊട്ടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമെല്ലാം ഇരുവരും ഏറെ സംസാരിച്ചു. കുട്ടൻ മാരാരുടെ മകൻ കാർത്തിക് മാരാർ  ഇലത്താളക്കാരനും വീക്കം ചെണ്ടക്കാരനുമെല്ലാമായി പതുക്കെ പതുക്കെ അച്ഛന്റെ കൂടെ വളരുകയാണെന്നു പറഞ്ഞപ്പോൾ പ്രിയദർശൻ പറഞ്ഞു, ‘രക്ഷിതാക്കളുടെ ലോകമാണു നല്ലതെന്നു കുട്ടികൾ സ്വയം തീരുമാനിക്കുന്ന സമയമാണു അച്ഛനെന്ന നിലയിൽ നമ്മൾ ഏറ്റവും  സന്തോഷിക്കുന്നത്. എന്റെ രണ്ടു കുട്ടികളും ഇപ്പോൾ ഞങ്ങൾ നടന്ന സിനിമയുടെ വഴിയെ വരികയാണ്. പഠിക്കുമ്പോൾ ഒരു തവണപോലും ഞാൻ ഈ വഴി നടക്കണമെന്നു പറഞ്ഞിട്ടില്ല. ’ പ്രിയൻ പറഞ്ഞു. 

priyan-kuttanmarar-1 സംവിധായകൻ പ്രിയദർശനും പെരുവനം കുട്ടൻമാരാറും തൃശൂരിൽ കണ്ട് മുട്ടിയപ്പോൾ. ചിത്രം: ഫഹദ് മുനീർ

കാലിന്റെ വേദനയെക്കുറിച്ചു കുട്ടൻ മാരാർ സൂചിപ്പിച്ചപ്പോൾ പ്രിയൻ പറഞ്ഞു, ‘എത്ര നേരമാണു നിൽക്കുന്നത്. അതും ഇത്രയും കനമുള്ളൊരു വാദ്യവും തൂക്കി. ചെരുപ്പുപോലും ഇടാനാകില്ല. ദേഹം മുഴുവൻ വേദനിക്കും. അല്ലെ. ’ 

‘പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോൾ സൂര്യൻ തലയ്ക്കു നേരെ മുകളിലാകും. ഒന്നര മണിക്കൂറോളം അവിടെ നിൽക്കണം. എന്നാൽ വെയിൽ അറിയാറില്ല. മനസ്സിൽ കൊട്ടു മാത്രമെ ഉണ്ടാകാറുള്ളു. കൂടെ നിൽക്കുന്നവരുടെയും ചുറ്റമുള്ളവരുടെയും മനസ്സിലെല്ലാമുള്ളതു കൊട്ടു മാത്രമാണ്. അപ്പോഴൊന്നും ചൂടോ വെയിലോ ക്ഷീണമോ അറിയില്ല. കുട്ടൻ മാരാർ പറഞ്ഞു. 

priyan-kuttanmarar സംവിധായകൻ പ്രിയദർശനും പെരുവനം കുട്ടൻമാരാറും തൃശൂരിൽ കണ്ട് മുട്ടിയപ്പോൾ. ചിത്രം: ഫഹദ് മുനീർ

‘ശരിയാണ്. ചൂടത്തും മഴയത്തും പുറത്തിറങ്ങാൻ മടിക്കും. എന്നാൽ ഷൂട്ട് ചെയ്യുമ്പോൾ അതൊന്നും ഒരാളും ഓർക്കാറില്ല. എത്രയോ ആളുകൾ സ്വന്തം തൊഴിലിനോടു കാണിക്കുന്ന സ്നേഹമാണു എന്നെപ്പോലുള്ളവരെ ആവേശത്തോടെ അവിടെ നിർത്തുന്നത്.’ പ്രിയദർശൻ പറഞ്ഞു.

∙ പണ്ടത്തെപ്പോലെ നല്ല കൊട്ടുകാർ അടുത്ത തലമുറയിൽ ഉണ്ടാകുമോ, പ്രിയദർശൻ ചോദിച്ചു.  

സംശയിക്കേണ്ട. എത്രയോ നല്ല കൊട്ടുകാർ ഉയർന്നു വരുന്നുണ്ട്. പലരും ചെറിയ ജോലി ചെയ്തു കലയുടെ രംഗത്തു സജീവമാകാനാണു നോക്കുന്നത്. നല്ല ജോലി വേണ്ടെന്നുവച്ചു ഇതിനു പുറകിൽ വരുന്നവർ ഇതിനെ അത്രയേറെ സ്നേഹിക്കുന്നവർതന്നെയാണ്. കുലത്തൊഴിലിന്റെ കാലത്തു ഇതു ജീവിത മാർഗമായിരുന്നു. ഇന്ന് അതേ നിലയിലേക്കു മടങ്ങിവരികയാണ്. ചെണ്ട ജീവിതമാർഗംകൂടിയാകണം. എന്നാലെ കൂടുതൽ കൂടുതൽ നന്നായി കൊട്ടാനാകൂ. അത്തരക്കാരുടെ വലിയൊരു നിര ഇപ്പോൾ ഉണ്ട്. ’  

പ്രിയദർശൻ ∙ ഇതു കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. നമ്മുടെ കലകൾ പലതും ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴാണു മേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും വലിയ വളർച്ച ഉണ്ടാകുന്നത്. ഇത്തരം പരമ്പരാഗത കലകൾ സിനിമപോലെ പെട്ടെന്നു രക്ഷപ്പെടാവുന്ന ഒന്നല്ല. വർഷങ്ങളുടെ പരിശ്രമമാണു നിങ്ങളെപ്പോലുള്ളവരെ ഇവിടെ എത്തിച്ചത്. ആ കാത്തിരിപ്പിനു തയാറായവരുണ്ട് എന്നറിയുന്നതെ സന്തോഷം.  

ഇലഞ്ഞിത്തറ മേളം ഞാൻ ടിവിയിൽ കണ്ടിട്ടുണ്ട്. വലിയൊരു മഴ പെയ്യുന്നതുപോലെയാണു അതെന്നു തോന്നിയിട്ടുണ്ട്. മഴയത്തു നിൽക്കുമ്പോൾ നാം വേറെയൊരു ലോകത്താണ്. ആ മഴയുടെ പ്രമാണിയോടൊപ്പം ചെലവഴിക്കാനായി എന്നതു ഭാഗ്യംതന്നെയാണ്. പ്രിയൻ പറഞ്ഞു. 

പ്രിയദർശന്റെ ജന്മദേശമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കു കുട്ടൻ മാരാരെ ക്ഷണിച്ചിട്ടുണ്ട്. ഇനി നമുക്കവിടെ കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. പ്രിയദർശൻ പറഞ്ഞു. കുട്ടൻ മാരാരുടെ വാഹനം നീങ്ങുമ്പോൾ പ്രിയദർശൻ പറഞ്ഞു, ഇതൊക്കെയാണു മാസ്റ്റേഴ്സ്. എത്രയോ കാലത്തെ സാധകമാണു അവരെ ഇവിടെ എത്തിച്ചത്. പ്രതിഫലം മോഹിക്കാത്ത ജീവിതം. അവരുടെ മുന്നിൽ വരുമ്പോഴാണു നമ്മളെല്ലാം ആരാണെന്നു തിരിച്ചറിയുന്നത്.