താരസംഘടന 'അമ്മ' സീരിയല്‍ നിര്‍മാണരംഗത്തേക്ക്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഏതു ചാനലില്‍ ആണ് സീരിയല്‍ വരുന്നതെന്ന സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഇന്നസെന്‍റ് പറഞ്ഞു.
സിനിമയില്‍ അവസരങ്ങള്‍ കിട്ടാത്ത അംഗങ്ങളെ സഹായിക്കുക എന്നതാണ് സീരിയല്‍ നിര്‍മിക്കുന്നതിന്‍റെ പ്രധാനലക്ഷ്യം. മറ്റ് സിനിമാ സംഘടനകളുടെ സഹകരണവും തേടും.
വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ധനശേഖരണാര്‍ഥം താരനിശ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഫെഫ്കയുടെ സഹകരണത്തോടെയുള്ള പരിപാടിയുടെ തീയതിയും വേദിയും പിന്നീട് തീരുമാനിക്കും. താരനിശയ്ക്ക് നിര്‍മാതാക്കളുടെ പിന്തുണയുണ്ടാകുമെന്ന് 'അമ്മ'യുടെ 21-ാമത് വാര്‍ഷിക യോഗത്തിനു ശേഷം പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു.
ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി ഉള്‍പ്പെടെ 'അമ്മ'യുടെ പുതിയ ഭാരവാഹികളും വാര്‍ഷിക പൊതുയോഗത്തില്‍ ചുമതലയേറ്റു. ഈ സ്ഥാനം വഹിച്ചിരുന്ന മോഹന്‍ലാല്‍ ഇനി വൈസ് പ്രസിഡന്റായിരിക്കും. കെ.ബി. ഗണേഷ് കുമാറാണ് മറ്റൊരു വൈസ് പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനത്ത് ഇന്നസെന്റും സെക്രട്ടറിയായി ഇടവേള ബാബുവും തുടരും. ദിലീപാണ് ഖജാന്‍ജി.
അസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യ നമ്പീശന്‍, സിദ്ദിഖ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍. സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.