Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർണായകം: കാണാതെ പോകരുതാത്ത ചിലത്

asif-ali-nirnayakam

ഒരു കലാസൃഷ്ടിയുടെ ജീവിതത്തെ നിർണയിക്കുന്നത് അത് സൃഷ്ടിക്കപ്പെട്ട കാലവുമായും ആ കാലത്തെ സമൂഹവുമായുള്ള അതിന്റെ സംവേദനമാണ്. അതുതന്നെയാണ് അതിന്റെ രാഷ്ട്രീയവും. നിലവിലുള്ള ലാവണ്യബോധത്തെ അത് പിന്തുടരുകയോ പൊളിച്ചുകളയുകയോ പുതുക്കിപ്പണിയുകയോ ചെയ്തേക്കാം. പക്ഷെ അത്തരം സ്കെയിലുകൾക്കപ്പുറം അത് കാട്ടിത്തരുന്ന ജീവിതവും അതിന്റെ രാഷ്ട്രീയവുമാണ് അതിനെ പിൽക്കാലങ്ങളിലും നിലനിർത്തുക. നിർണായകം അത്തരമൊരു വായനയിലേക്കു ജനാല തുറക്കുന്ന സിനിമയാണ്.

കച്ചവടത്തിന്റെ പതിവു ചേരുവകൾ ചേർത്ത് കൊഴുപ്പിച്ചെടുക്കുന്ന സിനിമാശീലത്തിൽനിന്ന് മാറിനടക്കാനുളള ശ്രമങ്ങൾ ഇടയ്ക്കിടെ മലയാളസിനിമയിലുണ്ടാകാറുണ്ട്. ചിലവ കയ്യടിച്ചു സ്വീകരിക്കപ്പെടും. ചിലത് ബോധപൂർവമോ അല്ലാതെയോ അവഗണിക്കപ്പെടുകയും (ചിലപ്പോഴൊക്കെ പോരായ്മകളെണ്ണിയെടുത്ത് അധിക്ഷേപിക്കപ്പെടുകയും) ചെയ്യും. അങ്ങനെ നിശബ്ദരായിപ്പോയ ചില പാവം സിനിമകളെ ഏതെങ്കിലും പിൽക്കാല കാണി ചാനലുകളിലോ ഡിവിഡിയിലോ കണ്ട് ‘എന്തൊരു സിനിമ എന്നത്ഭുതപ്പെടും. പിന്നെപ്പിന്നെ പലരും അതിനെ വാഴ്ത്തി മാസ്റ്റർപീസുകളാക്കും. ഇറങ്ങിയ കാലത്ത് അവയെ തിയറ്ററിൽ മൽസരിച്ചു തോൽപ്പിച്ച കച്ചവടഹിറ്റുകളാകട്ടെ, ആരെങ്കിലും പേരു പറഞ്ഞാൽമാത്രം ഓർമിച്ചേക്കാമെന്ന മട്ടിൽ മറവിയിലാകുകയും ചെയ്യും.

സിനിമയുടെ സൗന്ദര്യശാസ്ത്ര തിയറികൾ അനുസരിച്ച് കീറിമുറിച്ചു നോക്കിയാൽ നിർണായകം എന്ന സിനിമയിൽ പാകപ്പിഴകൾ‌ പലതും നിങ്ങൾക്ക് കണ്ടെത്താനായേക്കാം. പക്ഷെ അതു സംസാരിക്കുന്ന രാഷ്ട്രീയം നിങ്ങൾ കേൾക്കാതെ പോകരുത്.

അജയ് എന്ന യുവാവിന്റെ വ്യക്തിജീവിതത്തിൽനിന്നു തുടങ്ങുന്ന സിനിമ പതിയെപ്പതിയെ സാമൂഹികജീവികളായ എല്ലാ മലയാളികളിലേക്കും പടരുന്നുണ്ട്. ആ പടർച്ചയ്ക്കിടെ അജയ് എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം ഒരു ഇല പോലെ കൊഴിഞ്ഞുപോകുകയും ഗതാഗതക്കുരുക്കെന്ന ഗതികേട് അനുഭവിച്ചുകൊണ്ടിരിക്കുന്ന, ഞാനും നിങ്ങളുമുൾപ്പെടുന്ന ഓരോ മലയാളിയും അവിടേക്കു കടന്നു നിൽക്കുകയും ചെയ്യുന്നു.

sudheer-karamana

ട്രാഫിക്കോ മുംബൈ പോലീസോ പോലെ ശിൽപഭദ്രമല്ല നിർണായകം. കഥപറച്ചിലിൽ ചിലയിടത്ത് സംവിധായകനോ തിരക്കഥാകൃത്തുക്കൾക്കോ വഴുക്കുവെന്നും തോന്നിയേക്കാം. പക്ഷെ കഥയ്ക്കപ്പുറം ഒരു അനുഭവമെന്ന നിലയിൽ സിനിമ വിജയമാണ്.‌‌‌

കഥയിലെ കേന്ദ്രകഥാപാത്രത്തിന്റെ എതിർവശത്തു നിൽക്കുന്നതും വിചാരണ ചെയ്യപ്പെടുന്നതും സ്റ്റേറ്റും അതിന്റെ കൈകളായ ബ്യൂറോക്രസിയും അതിനെ ചലിപ്പിക്കുന്ന രാഷ്ട്രീയകക്ഷികളുമാണ്. പക്ഷെ അക്കാരണം കൊണ്ട് ഈ സിനിമയ്ക്ക് അരാഷ്ട്രീയം എന്ന ലേബലൊട്ടിക്കാനാവില്ല. രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ പൗരന് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുമ്പോൾ കക്ഷിരാഷ്ട്രീയം ഒരു കോമാളിത്തമാശയാകുന്നു. അതിനെ ചോദ്യം ചെയ്യുന്നത് അരാഷ്ട്രീയതയല്ല, മറിച്ച് അതാണ് ശരിയായ രാഷ്ട്രീയവും പൗരബോധവും. അങ്ങനെയൊരു കാഴ്ചപ്പാടാണ് നിർണായകം മുന്നോട്ടുവയ്ക്കുന്നത്.

ജനാധിപത്യം അതിന്റെ പൗരന് നൽകുന്ന ഉറപ്പുകൾ ഒരു ദാക്ഷിണ്യവുമില്ലാതെ ലംഘിക്കപ്പെടുമ്പോൾ അവന്റെ അവസാന ആശ്രയം കോടതിയാണ്. ചില കോടതിവിധികൾ സംശയത്തിന്റെ നിഴലിലാകുന്നുണ്ടെങ്കിലും പലപ്പോഴും സാധാരണക്കാരനുവേണ്ടി കോടതികൾ നീതിയുടെ വാതിൽ തുറന്നിടുന്നുണ്ട്. അത്തരമൊരു കോടതിമുറിയാണ് നിർണായകത്തിലെ നിർണായകരംഗം. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനം അന്ധേർ നഗരി ചൗപട് രാജായിലെ രാജാവിനെ ഓർമിപ്പിക്കുംമട്ടിൽ അധികാരികൾ ജനങ്ങളുടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോൾ കോടതി അവരോടു ചോദിക്കുന്നത് ഓരോ സാധാരണപൗരന്റെയും ഉള്ളിലുള്ള ചോദ്യങ്ങളാണ്. ആ കോടതി രംഗത്ത് സുധീർ കരമനയും പ്രേംപ്രകാശും നടത്തുന്നത് അവരുടെ എക്കാലത്തെയും മികച്ച പ്രകടനം തന്നെയാണ്.

boby-sanjay-vkp

സ‍ഞ്ജയ് ബോബിമാരുടെ പല സിനിമകളിലുമെന്ന പോലെ മനുഷ്യബന്ധങ്ങളുടെ കുരുക്കുകൾ നിർണായകത്തിലുമുണ്ട്. അമ്മയുടെ പുരുഷസുഹൃത്തിനെ അംഗീകരിക്കാനാവാതെയാണ് അജയ് ഇഷ്ടമില്ലാതിരുന്നിട്ടും അച്ഛന്റെയടുത്തെത്തുന്നത്. അയാളാകട്ടെ, ഭാര്യയേയും മകനേയും ഉപേക്ഷിച്ച് വളരെമുൻപുതന്നെ പോയതാണ്. ഒരു നിർണായക സമയത്ത് മകന്റെ സഹായമാവശ്യമായപ്പോഴാണ് അയാൾ അവനെ വിളിക്കുന്നത്. ജീവൻ നിലനിർത്തുകയാണ് അയാളുടെ ആവശ്യം. അത് പക്ഷെ അയാൾക്കു വേണ്ടിയല്ല. അയാളുടെ ജീവൻ മറ്റൊരാൾക്ക് നിർണായകമാണ്. ആ മനുഷ്യനാകട്ടെ എല്ലാവർക്കും വേണ്ടിയുള്ള ഒരു പോരാട്ടത്തിലാണ്. വിജയിക്കുകയെന്നത് വളരെച്ചെറിയ സാധ്യത മാത്രമായ ഒരു പോരാട്ടം. ആ സാധ്യതയിലേക്ക് അജയ് തന്നെയും ചേർത്തുവയ്ക്കുകയാണ്.

വർത്തമാനകാല മലയാളസിനിമയിൽ നിർണായകത്തിന്റെ പ്രസക്തിയെന്ത് എന്നാണെങ്കിൽ, അത് തീർച്ചയായും അതിന്റെ രാഷ്ട്രീയം തന്നെയാണ്. കാൽപ്പനികഭംഗിയും തമാശയും ത്രില്ലുമൊക്കെയുള്ള മികച്ച, ലക്ഷണമൊത്ത എന്റർടെയ്നറുകൾ അരങ്ങുവാണോട്ടെ. പക്ഷെ, അവയുടെ കോലാഹലങ്ങൾക്കിടെ, നമ്മുടെ - എന്റെയും നിങ്ങളുടെയും - ചുറ്റുപാടുകളെയും നിസ്സഹായതകളെയും കുറിച്ച് സംസാരിക്കുന്ന ചില പാവം സിനിമകളുടെ ശബ്ദം കേൾക്കാതെപോകരുത്. അവയുടെ അഴകളവുകൾ ലാവണ്യശാസ്ത്രത്തെ അനുസരിക്കുന്നില്ലായിരിക്കാം. എങ്കിലും അവ പറയുന്നത് നമ്മെക്കുറിച്ചുകൂടിയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.