Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017ൽ കേട്ട പത്തു മികച്ച തമിഴ് പ്രണയഗാനങ്ങളിലൂടെ...

best-tamil-love-songs-2017

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവു മികച്ച ഗാനങ്ങൾ പിറവിയെടുക്കുന്ന ചലച്ചിത്ര ഭൂമികയാണ് തമിഴകം. ഇളയരാജയേയും റഹ്മാനെയും പോലെയുള്ള സീനിയർ മ്യൂസിഷ്യനിനൊപ്പം ജിബ്രാനെയും അനിരുദ്ധ് രവിചന്ദ്രനെയും പോലെയുള്ള യുവ കലാകാരൻമാരുടെയും പുതുമുഖ സംഗീത സംവിധായകരുടെയും പ്രതിഭയെ ഒരുപോലെ ബഹുമാനിക്കുന്ന ആസ്വാദകാരാണ് തമിഴ്പാട്ടിനെ പ്രണയിക്കുന്നവർ. ഒരു സംഗീത വർഷത്തിൽ ഏറ്റവും കൂടുതൽ ശബ്ദങ്ങൾ പരീക്ഷിക്കപ്പെടുന്ന മറ്റൊരു ഇൻടസ്ട്രീയും ഒരുപക്ഷേ ഇന്ത്യയിൽ മറ്റെവിടെയും ഉണ്ടാകില്ല. 2017ലെ തമിഴിലെ പത്തു മികച്ച പ്രണയഗാനങ്ങളിലൂടെ ഒരു സംഗീതയാത്ര. ആസ്വാദകരുടെ അഭിരുചികൾ വ്യത്യസ്തമാണെന്നതുകൊണ്ടു തന്നെ ഈ പട്ടിക അവസാനവാക്കോ പൂർണ്ണവുമാണെന്ന് അവകാശപ്പെടുന്നതിൽ യുക്തിയില്ല. എങ്കിലും വരികൾ, സംഗീതം, ഓർക്കസ്ട്രേഷൻ, ആലാപനം തുടങ്ങീ എല്ലാ ഘടകങ്ങളെയും വിശദമായി വിശകലനം ചെയ്തു തന്നെയാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. 

സിൽവർ ജൂബിലി വർഷത്തിൽ റഹ്മാൻ കാത്തുവെച്ച ഈണങ്ങൾ...

മണിരത്നം ഇന്ത്യൻ സിനിമക്കു നൽകിയ ഏറ്റവും മികച്ച സംഭാവന എന്താണെന്ന് ചോദിച്ചാൽ ഉത്തരങ്ങൾ പലതുണ്ടാകും. അദ്ദേഹം സൃഷ്ടിച്ച സിനിമകൾ, കഥാപാത്രങ്ങൾ, പരിചയപ്പെടുത്തിയ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ അങ്ങനെ മറുപടികൾ പലവഴികളിലേക്കും നീളും. ഇന്ത്യൻ സിനിമക്കു മാത്രമല്ല ലോകസിനിമക്കു തന്നെ അദ്ദേഹം നൽകിയ ഏറ്റവും ശ്രേഷ്ഠമായ സംഭാവന 25 വർഷങ്ങൾക്കു മുമ്പു സംഭവിച്ചു എന്നുകരുതുന്നതാകും ഉചിതവും നീതിയും. 1992 -ൽ പുറത്തിറങ്ങിയ ‘റോജ’യിലൂടെ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തെ തന്നെ പൊളിച്ചെഴുത്തിയ അല്ലാ രഖാ റഹ്മാൻ എന്ന എ.ആർ. റഹ്മാൻ തന്നെയാണ് മണിരത്നത്തിന്റെ അസംഖ്യം കണ്ടെത്തലുകളിലെ ഏറ്റവും ശ്രേഷ്ഠമായത്. കാൽ നൂറ്റാണ്ടിനപ്പുറവും മണി-റഹ്മാൻ കൂട്ടുകെട്ടിന്റെ മാധുര്യം കുറഞ്ഞിട്ടില്ല. 2017ൽ മണിരത്നത്തിന്റെതായി പുറത്തിറങ്ങിയ  'കാട്ര് വെളിയിടെ’ അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളുടെ കോക്ക്ടെയിലായിരുന്നെങ്കിലും സിനിമയിലെ ഓരോ ഗാനങ്ങളും വ്യത്യസ്തവും പുതുമയും നിറഞ്ഞതായിരുന്നു. കാർത്തിയുടെയും അതിഥിയുടെയും സ്ക്രീൻ കെമിസ്ട്രിയും രവി വർമ്മന്റെ ക്യാമറ കാഴ്ചകളും ശ്രീകർ പ്രസാദിന്റെ കട്ടുകളും പാട്ടുകളെ ഒരു ദൃശ്യ അനുഭവമാക്കി മാറ്റുന്നു. റഹ്മാന്റെ പാട്ടും പശ്ചാത്തല സംഗീതവുമാണ് ഒരേ റൂട്ടിലോടി വിരസമായി മാറിയ ഈ മണിരത്നം യാത്രയെ അൽപ്പമെങ്കിലും ജീവസുറ്റതാക്കുന്നത്. 

അഴകിയേ, ജുഗിനി ഗാനങ്ങൾ യുവമനസ്സുകളെ ത്രസിപ്പിക്കുന്ന പ്രണയ ഈണങ്ങളാണ്. ജുഗ്നിയിലെ പശ്ചാത്തലത്തിൽ റഹ്മാന്റെ ശബ്ദ സാന്നിധ്യവുമുണ്ട്. 'നല്ല അല്ലേയ്' മറ്റൊരു മനോഹര ഈണമാണ്. എങ്കിലും ഈ പ്രണയകാവ്യത്തിന്റെ സിഗ്നേച്ചർ ഗാനം വൈരമുത്തുവിന്റെ വിരൽതുമ്പിൽ നിന്ന് പിറന്ന 'വാൻ വരുവാൻ' എന്ന കവിത തന്നെയാണ്. കഥാപാത്രങ്ങളുടെ മനസ്സുകൂടി സംഗീതത്തിലൂടെ പകർന്നു നൽകുന്നു റഹ്മാൻ. കാശ്മീരി വേരുകളുള്ള കാനേഡിയേൻ ഗായിക ശഷാ ത്രിപതി മാന്ത്രിക ശബ്ദം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. ഓകെ കൺമണി, അച്ചം എൻപത് മടമയെടാ എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ ഗായിക ഒരിക്കൽ കൂടി ആസ്വാദക ഹൃദയങ്ങളിൽ പ്രണയത്തിന്റെ മഞ്ഞ് പൊഴിക്കുന്നു.

ജിഎസ്ടി, നോട്ടുനിരോധനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ വിവാദങ്ങൾക്കു തിരികൊളുത്തിയ ചിത്രമാണ് അറ്റ്ലിയുടെ ഇളയദളപതി ചിത്രം മെർസൽ. ജോസഫ് വിജയ് യുടെ ജാതിയും മതവും വരെ വിവാദകൊടുങ്കാറ്റിൽ ചോദ്യ ചെയ്യപ്പെട്ടു. വിവാദങ്ങൾക്കു വിട നൽകി പാട്ടുകളിലേക്ക് വരാം. സിനിമയിലെ തന്റെ സിൽവർ ജൂബിലി വർഷം സംഭവ ബഹുലമായി തന്നെ ആഘോഷിക്കുകയാണ് ഇസൈ പുയൽ എ.ആർ. റഹ്മാൻ. വിവേകിന്റെ പ്രണയാദ്രമായ വരികൾ ശ്രേയാ ഘോഷൽ എന്ന ശബ്ദ വിസ്മയം പിന്നണി തീർക്കുമ്പോൾ 2017ലെ ഏറ്റവും മനോഹരമായ പ്രണയഗാനമായി ‘നീ താനെ നീ താനെ എൻ നെഞ്ചേ തട്ടും സത്തം’ മാറുന്നു. ശ്രേയക്കൊപ്പം റഹ്മാൻ തന്നെയാണ് പിന്നണി തീർത്തിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ആസ്വാദകരുടെ നെഞ്ചിൽ തൊടുന്നു ഈ ഗാനം. 

വിക്രംവേദ ഒരു മ്യൂസിക്കൽ ക്രൈം ത്രില്ലർ

മക്കൾ സെൽവൻ വിജയ് സേതുപതിയും എവർ ഗ്രീൻ ഹീറോ ആർ. മാധവനും ഒന്നിച്ച വിക്രംവേദ പോയവർഷത്തെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിലൊന്നാണ്. പാട്ടിലൂടെയും പാശ്ചത്താല സംഗീതത്തിലൂടെയും സാം സി.എസ്. എന്ന യുവ സംഗീത സംവിധായകൻ 2017 തന്റെ പേരിലേക്ക് എഴുതി ചേർക്കുന്നു. വേദയുടെ മാസ് എൻട്രി ബിജിഎം ഏറെ ശ്രദ്ധിക്കപ്പെടിരുന്നു. പശ്ചാത്തല സംഗീതത്തിന്റെ മൗലികതെയെ സംബന്ധിച്ചു വിവാദങ്ങളും ഉണ്ടായിരുന്നു. അതൊന്നും പക്ഷേ ഈ യുവ കലാകാരന്റെ പ്രതിഭയുടെ തിളക്കം കുറക്കുന്നില്ല. 

രണ്ടു പ്രണയ ഈണങ്ങളാണ് വിക്രം വേദയിൽ നിന്ന് തിരഞ്ഞെടുക്കാൻ നിർബന്ധിതനാകുന്നത്. അനിരുദ്ധ് രവിചന്ദ്രനും ശക്തിശ്രീ ഗോപാലനും ചേർന്നു ആലപിച്ച 'യാൻഞ്ചി യാൻഞ്ചി യെൻ നെഞ്ചിൽ വന്ത് വന്ത് നിക്കിരെൻ’ ഓർക്കസ്ട്രേഷനിലെ പുതുമ കൊണ്ടും ആലാപനം കൊണ്ടും വ്യത്യസ്തമാണ്. സത്യപ്രകാശിന്റെ ബാക്കിങ് വോയ്സും മനോഹരമായ ഉപയോഗപ്പെടുത്തിയിരിക്കുന്നു. മോഹൻരാജിന്റെതാണ് വരികൾ. 'നെഞ്ചത്തിയെ നെഞ്ചത്തിയെ’ എന്നു തുടങ്ങുന്ന ഭാഗം ഏറെ ഹൃദ്യമാണ്. 

'പോഗാതെ എന്നൈവിട്ട്' എന്ന ഗാനം മറ്റൊരു മനോഹര ഈണമാണ്. പ്രദീപ് കുമാറിന്റെ നെഞ്ചിൽ തൊടുന്ന ശബ്ദം തന്നെയാണ് ഈ ഗാനത്തിന്റെ ആത്മാവ്.  മലയാളിക്കു അഭിമാനിക്കാനും സ്വകാര്യമായി അഹങ്കിരക്കാനുമുള്ള വകയുണ്ട് ഈ ഗാനത്തിനു പിന്നിൽ. ഫിലിപ്പ്സ് ആന്റ് ദി മങ്കിപെനിലൂടെ അരങ്ങേറ്റം കുറിച്ച നേഹ വേണുഗോപാലിന്റേതാണ് പിന്നണിയിലെ മലയാളി ശബ്ദം. ഏറെ കാലത്തെ ഇടവേളക്കു ശേഷം നേഹക്കു ലഭിക്കുന്ന മികച്ച ബ്രേക്ക് കൂടിയാണ് ഈ ഗാനം. 

അനിരുദ്ധ് സ്പെഷ്യൽ 

ഫഹദ് ഫാസിന്റെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ തമിഴ് ചിത്രമാണ് വെലൈക്കാരൻ. മലയാളികൾക്കു ഏറെ പ്രിയപ്പെട്ട ശിവ കാർത്തികേയനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംഗീതം യൂത്ത് സെൻസേഷൻ അനിരുദ്ധ് രവിചന്ദ്രന്റെതാണ്. ജോനിദ ഗാന്ധിയും അനിരുദ്ധും ചേർന്നു ആലപ്പിച്ചിരിക്കുന്ന ‘ഈരയിവാ’ 2017 പ്രണയഗാനങ്ങളിൽ പ്രിയങ്കരമായി മാറുന്നു. ആരോഹണഅവരോഹണങ്ങളുള്ള ഗാനമാണിത്. ഒന്നിലെറെ അടരുകളുള്ള ഗാനത്തിന്റെ ഈണം കടലുപോലെ ഇടക്ക് ശാന്തമായും മറ്റു ചിലപ്പോൾ പ്രക്ഷുബദ്ധവുമായി മാറുന്നു. 

ജിബ്രാന്റെ ലാലി ലാലി ഗാനം

വിക്രംവേദക്കൊപ്പം 2017ൽ പ്രേക്ഷകരെ പിടിച്ചു ഉലച്ച ആക്ഷൻത്രില്ലറാണ് 'തീരൻ അധികാരം ഓൺട്രു’. ഉത്തമവില്ലനിലൂടെ തന്റെ സാന്നിധ്യമറിയിച്ച സംഗീത സംവിധായകനാണ് ജിബ്രാൻ. പ്രണയത്തിന്റെ പ്രവാചകനായ ലെബനീസ് കവിയുടെ പേരുകാരനായ ഈ സൗത്ത് ഇന്ത്യൻ കംപോസറും പ്രണയ ഈണങ്ങൾ സൃഷ്ടിക്കുന്നതിൽ സമർത്ഥനാണ്. കാർത്തിയും രകുൽ പ്രീതും സ്ക്രീൻ പങ്കിടുന്ന ചിത്രത്തിലെ ‘ലാലി ലാലി’ ഗാനം ലളിതവും മനോഹരവുമാണ്. രാജു മുരുകന്റെ വരികൾക്കു പിന്നണി തീർത്തിരിക്കുന്നത് ജിബ്രാനും സത്യപ്രകാശും പ്രഗതി ഗുരുപ്രസാദും ചേർന്നാണ്.

ഹിപ്പ്ഹോപ്പ് തമിഴയുടെ സംഗീത മഹോത്സവം

തമിഴിലെ മ്യൂസിക്കൽ Duo ഹിപ്പ്ഹോപ്പ് തമിഴ (ആദിത്യ ആദി വെങ്കിടപതിയും ആർ. ജീവയും) ബാലചന്ദ്ര മേനോൻമാരാകുന്ന സിനിമയാണ് ‘മീസയാ മുറുക്ക്’ അഭിനയം, കഥ, സംഗീത, സംവിധാനം, ഗാനരചന, ആലാപനം തുടങ്ങി ചിത്രത്തിന്റെ എ റ്റു ഇസഡ് കാര്യങ്ങളിൽ സാന്നിധ്യം അറിയിക്കുന്നു ഈ ജോഡി. ‘എന്നൈ നടന്താലും പെണ്ണേ ഉന്നൈ വിടമാട്ടേൻ’ എന്ന ഗാനം 2017-ൽ ക്യാംപസുകൾ ഇളക്കിമറിച്ച പ്രണയഗാനാമായി മാറി. ആദിയും ജീവയും ചേർന്നെഴുത്തി സംഗീതം നൽകി ആലപ്പിച്ചിരിക്കുന്നു ഈ ഗാനം. ഇവർക്കൊപ്പം കൗഷിക്ക് ക്രിഷും പിന്നണിയിൽ സാന്നിധ്യം അറിയിക്കുന്നു. 

പാട്ടിൽ നോക്കി പായും ഗൗതം

ഇളയരാജയോ എ.ആർ റഹ്മാനോ, ഹാരിസ് ജയരാജോ സംഗീത സംവിധായകർ ആരുമാകാട്ടെ പാട്ടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. ധനുഷിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന 'എന്നെ നോക്കി പായും തോട്ടാ’ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെയുള്ളു. എന്നിരുന്നാലും സിനിമയുടേതായി പുറത്തുവന്ന മറുവാർത്തേ എന്ന സിംഗിൾ ഇതിനോടകം സൂപ്പർഹിറ്റായി കഴിഞ്ഞു. പതിവുപോലെ താമരയാണ് ഇത്തവണയും കവിത തുളുമ്പുന്ന വരികൾക്കു പിന്നിലെ തൂലിക. സിദ്ധ് ശ്രീറാം എന്ന അനുഗ്രഹീത ഗായകൻ ഒരു ഗാനം കൂടി തന്റെ പേരിലേക്ക് എഴുതിചേർക്കുന്നു. ദർബുകാ ശിവയാണ് ഈ മനോഹര ഗാനത്തിന്റെ സംഗീത സംവിധായകൻ.  ഏറെനാൾ സസ്പെൻസിനൊടുവിലാണ് ചിത്രത്തിന്റെ സംഗീത സംവിധായകനാരാണെന്നു ഗൗതം മേനോൻ വെളിപ്പെടുത്തിയത്. 

ഹിറ്റ് മെഷീൻ സിദ്ധ് ശ്രീറാം

നൈർമല്യവും ലാളിത്യവുമുള്ള ‘നീ മട്ടും പോതും’ എന്ന ഗാനത്തിലൂടെ മെയ്ദാ മാൻ എന്ന ചിത്രവും 2017ലെ മികച്ച പ്രണയഗാനങ്ങളുടെ പട്ടികയിൽ ഇടം കണ്ടെത്തുന്നു. മിർച്ചി വിജയ് യുടെ വരികൾക്കു ഗായകൻ കൂടിയായ പ്രദീപ് കുമാറാണ് ഈണം നൽകിയിരിക്കുന്നത്. കെ.ടി. ദർശനയുടേതാണ് ഫീമെയിൽ ലീഡ് വോയ്സ്. സിദ്ധ് ശ്രീറാമെന്ന ഹിറ്റ് മെഷിനിൽ നിന്നൊരു മറ്റൊരു മനോഹര ഈണം. 

ഒരു മല്ലു തമിഴ് പാട്ട് 

തമിഴിലെ മികച്ച പത്തു പ്രണയഗാനങ്ങളുടെ പട്ടിക പൂർത്തിയാകുമ്പോൾ മലയാളിക്കു വീണ്ടും അഭിമാനിക്കാൻ ഇടമുണ്ട്.  സത്യയെന്ന ക്രൈം ത്രില്ലറിലെ യാവനാ ഗാനം ആലപിച്ചിരിക്കുന്നത് രണ്ട് മലയാളി ഗായകരാണ്. കല്യാണി നായരും യാസിൻ നിസാറും ചേർന്നു ആലപ്പിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ മദൻ കർക്കിയുടേതാണ്. സൈമൺ കെ. കിങിന്റേതാണ് സംഗീതം. സിബി സത്യരാജിനൊപ്പം മലയാളി താരം രമ്യ നമ്പീശൻ നായികാകുന്നു എന്ന പ്രത്യേകതയുമുണ്ട്. രമ്യയും യാസിനും ചേർന്നൊരുക്കിയ ഗാനത്തിന്റെ കവർ പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.