തരംഗമായി ഡോക്ടറിന്റെയും വധുവിന്റെയും വിവാഹ നൃത്തം

നാണംകുണുങ്ങി, അതിഥികളെയെല്ലാം ഭവ്യതയോടെ നോക്കി ചിരിച്ച്, ഇടയ്ക്കിടെ മുഖത്തെ മേക്കപ്പിനെ കുറിച്ച് ആകുലതയൊക്കെ കാണിച്ച് നിൽക്കുന്ന കാലമൊക്കെ പോയി. വധുവായാലും വരനായാലും മൊത്തത്തിൽ ഫ്രീക്ക് ആണ് ഇക്കാലത്ത്. പൂത്തിരി പോലെ ചിരിച്ചുല‍ഞ്ഞും നൃത്തമാടിയും ഔപചാരികതകളേതുമില്ലാതെ വിവാഹ ദിനത്തെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാക്കി മാറ്റുകയാണവർ. നൃത്തമാടുന്ന വധുവും വരനും ഒരു സിനിമ സങ്കൽപമല്ലാതായി മാറിക്കഴിഞ്ഞു. അതിൽ ചിലത് കാണുന്നവരുടെ ഹൃദയം കീഴടക്കും. അങ്ങനെയൊരു വിഡിയോയാണ് യുട്യൂബിലെ ട്രെൻഡ‍ിങിലെത്തിയത്.

ദന്ത ഡോക്ടറായ ജെറി കേര്‍ജാനും ഭാവി വധു ജെന്നിഫറും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങായിരുന്നു വേദി. ഇരുവരും വിവാഹ വസ്ത്രത്തിൽ അതീവ സുന്ദരരായിരുന്നു. ഉപ്പു കരുവാട് എന്ന ഹിറ്റ് തമിഴ് പാട്ടിനൊപ്പം തുടങ്ങിയ നൃത്തവും അതുപോലെ തന്നെ. വരനും വധുവും നൃത്തമാടുന്ന കൗതുകത്തിനപ്പുറം രസകരമായ നൃത്തച്ചുവടുകളും ആര്‍ക്കും ഇഷ്ടമാകുന്ന ഭാവപ്രകടനങ്ങളുമായിരുന്നു ഇരുവരുടേതും. ഇങ്ങനെയൊരു പ്രകടനത്തിനു വേണ്ടി ചെറുതല്ലാത്ത പരിശീലനം ഇരുവരും നേടിയിട്ടുണ്ടെന്നു വ്യക്തം. ഇരുവരേയും പോലെ ഊർജസ്വലരായ സുഹൃത്തുക്കളും കൂടി ഒന്നുചേർന്ന് നൃത്തത്തിന് കലാശക്കൊട്ടൊരുക്കി. അൽപം വണ്ണമുള്ള ജെറി ഇത്ര മനോഹരമായ നൃത്തമാടുന്നൊരാളാണെന്ന് കണ്ടാൽ ആർക്കും തോന്നില്ല. വിഡിയോ കണ്ടവർക്കും അതുകൊണ്ട് ഏറ്റവും പ്രിയങ്കരമായത് ജെറിയെ തന്നെയാണ്. പ്രതികരണങ്ങൾക്ക് െജറി സമൂഹ മാധ്യമത്തിലൂെട നന്ദി അറിയിച്ചു.