വിവാദം വീണ്ടും കത്തുന്നു: മൈ സ്റ്റോറിയിലെ പുതിയ ഗാനത്തിനും ‘സൈബർ ആക്രമണം’

പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. മായാമഞ്ചലേറി എന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്. പാർവതി ടോം ബോയ് ലുക്കിൽ എത്തുന്നുവെന്നതാണ് പാട്ടിന്റെ മുഖ്യ ആകർഷണം. 

ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്.  ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്. പുതിയ ലുക്കിലെത്തുന്ന പാർവതിയെ വിമർശിക്കുന്ന കമന്റുകളാണ് പാട്ടിനു താഴെ വന്നിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായികയായ റോഷ്നി ദിനകർ തനിക്കു നേരിടുന്ന സൈബർ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത് ഇന്നലെയാണ്. പൃഥ്വിരാജോ പാർവതിയോ സിനിമയെ പിന്തുണച്ചില്ലെന്നും അവർ ആരോപി‌ച്ചിരുന്നു. പൃഥ്വിരാജ് തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ പാട്ടിനു താഴെയും ഇൗ ആരോപണത്തെ സാധൂകരിക്കുന്ന കമന്റുകളാണ് വരുന്നത്. അധികവും പാർവതിയെ ലക്ഷ്യമാക്കിയുള്ളവ. 

റോഷ്നി ദിനകർ തന്നെ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. മൈ സ്റ്റോറിയിലെ ആദ്യ ഗാനങ്ങൾക്ക് യൂട്യൂബിൽ ഒരുപാട് ഡിസ്‌ലൈക്കുകൾ ലഭിച്ചിരുന്നു. പുതിയ ഗാനം അണിയറക്കാർ യൂട്യൂബിൽ റിലീസ് ചെയ്തിട്ടില്ല.