ആനന്ദത്തിലെ പാട്ട് വൈറലാകുന്നു

കോളജ് കാലത്തിന്റെ രസക്കൂട്ടുകളെ കുറിച്ചുള്ള ദൃശ്യങ്ങളാണു പാട്ടിനുള്ളത്.  കോളജ് കാലത്ത് നമ്മളേറെ ആവേശത്തോടെ കാത്തിരിക്കുന്ന കാര്യമാണല്ലോ വിനോദയാത്ര. ക്ലാസിലെ ഗേൾ‌ ഫ്രണ്ടിനും ബെസ്റ്റ് ഫ്രണ്ട്സിനുമൊപ്പം ഏറ്റവുമധികം സ്വാതന്ത്ര്യത്തോടെ ഉല്ലസിക്കുവാൻ കിട്ടുന്ന അവസരം. ലോകത്താരും പറഞ്ഞാൽ വിശ്വസിക്കാത്ത കുരുത്തക്കേടുകൾ വരെ നമ്മൾ ചെയ്തു കൂട്ടും അന്നേരം. ആനന്ദത്തിലെ ഈ പാട്ടിലുള്ളതും അത്തരം കാര്യങ്ങളാണ്. അതുകൊണ്ടു തന്നെയാണ് ഒറ്റ ദിവസം കൊണ്ട് യുട്യൂബിൽ മികച്ച പ്രേക്ഷക പിന്തുണ ഈ സിനിമയ്ക്കു നേടാനായതും. 

ദൂരെയോ എന്നു തുടങ്ങുന്ന പാട്ട് വിനീത് ശ്രീനിവാസനാണു രചിച്ചത്. വിശാഖ് നായരും സുചിത് സുരേശനും അശ്വിൻ ഗോപകുമാറും സച്ചിൻ വാര്യറും ചേർന്നാണു പാടിയത്. സച്ചിന്റേതാണു സംഗീതവും. ഗിത്താറും ബാസും ഡ്രമ്മും ഇലക്ട്രിക് ഗിത്താറും ചേർന്ന ഓർക്കസ്ട്രയും പ്രസരിപ്പാർന്ന വരികളും ചേർന്ന ഗാനം യുവത്വത്തിന് ഏറെ ഇഷ്ടമാകുമെന്നുറപ്പ്. ദൃശ്യങ്ങളിലെ യാഥാർഥ്യത കാരണം പാട്ട് എത്ര കണ്ടാലും വിരസമാകുകയുമില്ല. ഗണേഷ് രാജ് ആണു സിനിമയുടെ തിരക്കഥയും സംവിധാനവും.