എബിയിലുണ്ട് ഈ പാട്ടുകാരിയുടേയും സ്വപ്നം

ഒന്നുറങ്ങി കൺതുറന്ന്

മുന്നിലിന്ന് വരൂ 

പ്രഭാതാർക്ക രശ്മി പോലെ...

ആകാശത്തൂടെ പാറിനടക്കാൻ കൊതിക്കുന്ന എബിയുടെ ചിത്രം കൊട്ടകങ്ങളിൽ ചിറകുവിരിക്കുമ്പോൾ, സരിത റാം എന്ന ഗായികയുടെ സംഗീത സ്വപ്നങ്ങളും കൂടിയുണ്ടതിൽ. എബിയിൽ ബിജിബാൽ ഈണമിട്ട പാട്ട് വിനീത് ശ്രീനിവാസനൊപ്പം പാടിയത് സരിത റാമും കൂടിയാണ്. ഏഴാം വയസു മുതൽക്കേ സംഗീതവുമായി സജീവമാണെങ്കിലും മലയാള സിനിമയിൽ സരിതയുടെ സ്വരം പുതുസ്വരമാണ്. 

മലയാളം അടുത്തിടെ കേട്ട ഏറ്റവും വ്യത്യസ്തമായ പെൺസ്വരം. ഏതു പാട്ടും വഴങ്ങുന്ന സ്വരഭംഗിയുള്ള ഗായിക തന്റെ രണ്ടാം വരവില്‍ പാടിയ പാട്ട് പുലരിയിലെ ആദ്യത്തെ പ്രഭാത രശ്മി പോലെ സംഗീത ജീവിതത്തിലും പ്രകാശം നിറയ്ക്കുമെന്ന പ്രതീക്ഷയിലാണ്. 

പത്താം വയസിൽ യേശുദാസിനൊപ്പം റെക്കോഡിങ്, തൊട്ടടുത്ത വർഷം എസ് പി ബാലസുബ്രഹ്മണ്യയുമായി ഒരു ഡ്യുയറ്ര്, സൂര്യ കൃഷ്ണമൂർത്തിയുടെ സംഘത്തിലെ ഏക പാട്ടുകാരി, അങ്ങനെയങ്ങനെ നിരവധി അപൂർവ്വാനുഭങ്ങളാണ് സരിതയ്ക്കൊപ്പമുള്ളത്. കർണാടക സംഗീതത്തിൽ കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പും നേടി.  ഓൾ ഇന്ത്യ റേഡിയോയിൽ ഏ ഗ്രേ‍ഡ് ആർടിസ്റ്റു കൂടിയാണ് സരിത. ഓമനക്കുട്ടി ടീച്ചർ, ബി ശശികുമാർ, പണ്ഡിറ്റ് രമേശ് നാരായണൻ തുടങ്ങിയ പ്രതിഭാധനർക്കു കീഴിലായിരുന്നു സരിതയുടെ സംഗീത പഠനം. ചിദംബരനാഥും ദക്ഷിണാമൂർത്തിയും അർജുനൻ മാസ്റ്ററും രവീന്ദ്രൻ മാസ്റ്ററും അടക്കമുള്ള നിരവധി പ്രതിഭാധനർക്കു കീഴിൽ നിരവധി റെക്കോഡിങ്ങുകളും ചെയ്തു. എസ് പി ബാലസുബ്രഹ്മണ്യവും കെ. എസ് ചിത്രയും ഗംഗൈ അമരനും അടക്കമുള്ള നക്ഷത്രങ്ങൾക്കൊപ്പം വർഷങ്ങളായി സ്റ്റേജ് ഷോകളുമായും സജീവം. സംഗീതത്തിലും സോഷ്യോളജിയിലും ബിരുദമുള്ള സരിത പഠനകാലയളവിൽ സ്കൂള്‍-കോളജ് കലോത്സവങ്ങളിലെല്ലാം സമ്മാനങ്ങൾ വാരിക്കൂട്ടി. എന്നിട്ടുമെന്തേ മലയാള ചലച്ചിത്ര സംഗീതത്തിൽ ഇടം നേടാനായില്ല എന്നു ചോദിച്ചാൽ സരിത ചിരിച്ചു കൊണ്ടുപറയും, ഭാഗ്യത്തിന്റെ ചെറിയ കുറവ് അങ്ങനയേ തോന്നുന്നുള്ളൂ. 

രവീന്ദ്രൻ മാസ്റ്ററിന്റെ ഒരു പാട്ടിന് ഹമ്മിങ് പാടാൻ പോയതായിരുന്നു ഒരിക്കല്‍. ഹമ്മിങ് പാടിക്കഴിഞ്ഞപ്പോൾ അതിനുള്ള പ്രതിഫലത്തിനപ്പുറം ദക്ഷിണ പോലെ അദ്ദേഹം സ്വന്തം കയ്യിൽ നിന്നെടുത്ത് എനിക്കു വേറെയും തന്നു. അനുഗ്രഹിച്ചാണ് യാത്രയാക്കിയത്. റെക്കോ‍ഡിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അദ്ദേഹം തന്റെ മകനോട് എന്റെ പാട്ടിനെ കുറിച്ച് പറഞ്ഞിരുന്നുവത്രേ. മാഷിന്റെ ഈണത്തിൽ ഞാൻ ഒരു ഗാനം പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹം അപ്പോഴേക്കും ഈ ലോകത്തു നിന്നു തന്നെ പോയിരുന്നു. സരിത തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും മനോഹരമായ അഭിനന്ദനമായിട്ടാണ് ഇതിനെ കാണുന്നത്. ഇങ്ങനെയുള്ള കുറേ സംഗീതാനുഭവങ്ങളാണ് ഇവർക്ക് ഏറ്റവും പ്രചോദനം നൽകുന്നതും.

ജലസേചന വകുപ്പിൽ എഞ്ചിനീയറായിരുന്ന രാമചന്ദ്രൻ നായരുടെയും ലീലാ ഭായിയുടെയും മകളാണ് സരിത. മകൾക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നതും അച്ഛനാണ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം സംഗീതവും ടിവി ആങ്കറിങും സ്റ്റേജ് ഷോകളുമൊക്കെയായി സരിത സജീവമാകുമ്പോൾ ഏറ്റവും സന്തോഷിക്കുന്നതും അച്ഛൻ തന്നെ. അനിയൻ ശരത് ദക്ഷിണേന്ത്യയിൽ തന്നെ അറിയപ്പെടുന്ന കീബോർഡ് പ്രോഗ്രാമർ കൂടിയാണ്. അനിയനാണ് സരിതയ്ക്കു പിന്നിലെ മറ്റൊരു വലിയ ശക്തി. മകൾ സൂര്യദത്തയും അമ്മയുടെ പാട്ടുകളുടെ വലിയ ആരാധികയും. 

സൗക്കാർപ്പേട്ടൈ, ബ്രൂസ്‍ലി ഫൈറ്റേഴ്സ് 2, ശിവഗംഗ തുടങ്ങിയ ദക്ഷിണേന്ത്യൻ ചിത്രങ്ങളിലെല്ലാം പാടിയിട്ടുണ്ട്. കർണാടികും മെലഡിയും സൂഫിയും റാപും നാടക സംഗീതവും തുടങ്ങി ഒട്ടുമിക്ക സംഗീത ശൈലികളും സരിതയുടെ കണ്ഠത്തിനിണങ്ങും. പാട്ടിനൊപ്പം ഇത്രയും കാലം നീണ്ട സഞ്ചാരത്തിനിടയിൽ സരിതയ്ക്കു കിട്ടിയ അഭിനന്ദനങ്ങളും നല്ല വാക്കുകളും അവിടേക്കാണു ചെന്നു നിൽക്കുന്നത്. വൈകിയാണെങ്കിലും ആ വാക്കുകൾ‌ പാട്ടായി തന്നെതേടിയെത്തുമെന്നാണ് സരിതയുടെ പ്രതീക്ഷ.