പാവാടത്തുമ്പാലേയുടെ മേക്കിങ് വിഡിയോ

സംഗീതസംവിധായകൻ ബിജിബാലിന്റെ മകൾ ദയ ബിജിബാലിന്റെ മധുരമാർന്ന് ആലാപനം കൊണ്ട് ശ്രദ്ധേയമായ ഗാനം പാവാടാത്തുമ്പാലെയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒന്നിച്ചഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം കുഞ്ഞിരാമായണത്തിലെയാണ് പാവാടത്തുമ്പാലേ എന്ന ഗാനം. മനു മഞ്ജിത്തന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരനാണ് ഈണം പകർന്നിരിക്കുന്നത്. നേരത്തെ വെള്ളിമൂങ്ങയിലെ വെള്ളാരം കണ്ണുള്ള, സർ സിപിയിലെ കട്ടുറുമ്പിനും കാതുകുത്തണം, ജിലേബിയിലെ സൈക്കിൾ വന്നു തുടങ്ങിയ ഗാനങ്ങൾക്ക് കോറസ് പാടിയിട്ടുള്ള ദയ ആദ്യമായി ഒറ്റയ്ക്ക് പിന്നണി പാടുന്ന ഗാനമാണ് പാവാടത്തുമ്പാലേ എന്നത്.

അവികസിതമായ ഒരു ഗ്രാമത്തിന്റെയും അവിടത്തെ ഏതാനും ചെറുപ്പക്കാരുടെയും കഥ ഏറെ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച ചിത്രമാണ് കുഞ്ഞിരാമായണം. വിനീത് ശ്രീനിവാസും അനുജൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് വിനീതിന്റെ സഹസംവിധായകനായി പ്രവർത്തിച്ച ബേസിൽ ജോസഫാണ്. വികസനം അധികം കടന്ന് ചെല്ലാത്ത ദേശം എന്ന ഗ്രാമത്തിലെ കുഞ്ഞിരാമൻ, കുട്ടൻ, ലാലു എന്നിവരെ ചുറ്റിയാണ് ചിത്രത്തിലെ കഥ നടക്കുന്നത്. കുഞ്ഞിരാമന്റെ അമ്മാവന്റെ മകനാണ് ലാലു.

കുഞ്ഞിരാമനും ലാലുവും തമ്മിലുള്ള നിസ്സാരമായ പ്രശ്‌നം ഒരു കുടുംബവഴക്കിലേയ്‌ക്കെത്തുന്നു. അതോടെ ചെറുപ്പക്കാർ ഇരുപക്ഷത്തുമായി അണിനിരന്നു. തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ ഏറെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് കുഞ്ഞിരാമായണത്തിലൂടെ. ഒപ്പം ഒരു ദേശത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും എല്ലാം ചിത്രത്തിലൂടെ കടന്നു പോകുന്നു. കുഞ്ഞിരാമനായി വിനീത് ശ്രീനിവാസനും, ലാലുവായി ധ്യാനും, കുട്ടനായി അജു വർഗീസും എത്തുന്നു. ഇവരെ കൂടാതെ ബിജുക്കുട്ടൻ, ഹരീഷ്, നീരജ് മാധവ്, ദീപക്, ശ്രിന്ദ അഷാബ്, കൽപ്പന, സ്‌നേഹ ഉണ്ണകൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സംവിധായകൻ ബേസിൽ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപും. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.