എന്നാലും മഡോണ ഇങ്ങനെ ചെയ്യേണ്ടിയിരുന്നോ?

വേദിയിൽ വിചിത്രമായ രീതിയിൽ പെരുമാറുന്നയാളാണ് മഡോണ. സംഗീത ചക്രവർത്തിനി അതുകൊണ്ടു തന്നെ പലവട്ടം പുലിവാല് പിടിച്ചിട്ടുമുണ്ട് മഡോണ. ഇത്തവണത്തേത് അതിലൊന്നു മാത്രമാണെന്ന് പറയാൻ വരട്ടെ. തന്റെയും തന്റെ പാട്ടിന്റെയും കടുത്ത ആരാധികയായ പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തിയിട്ട് മഡോണ അവളോട് ചെയ്ത കാര്യം ലോകത്തെ ആകെ അമ്പരപ്പിച്ചു.

പതിനേഴുകാരിയായ പെൺകുട്ടിയുടെ മേൽവസ്ത്രം നീക്കം ചെയ്യുകയായിരുന്നു മഡോണ ചെയ്തത്. ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ സ്റ്റേജിലായിരുന്നു മഡോണയുടെ ചെയ്തി. പതിനേഴുകാരിയ ജോസഫൈൻ ജോർജിയു ആണ് മഡോണയുടെ ഈ പ്രവൃത്തിക്ക് ഇരയായത്. ബ്രിസ്ബെയിനിലെസംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. ലോകത്തൊട്ടാകെ ഇത് ചർച്ചയായെങ്കിലും ജോസഫൈന് ഇതിൽ പരാതിയൊന്നുമില്ല. മഡോണയ്ക്കൊപ്പം വേദി പങ്കിടാനായതിന്റെ ആവശേത്തിലാണ് ഈ കുട്ടി.

ചെറുപ്പം മുതൽക്കേ മഡോണയുടെ കടുത്ത ആരാധികയാണ് ഞാൻ. അവർ എന്നോട് വേദിയിൽ വച്ച് ചെയ്തത് അപമാനമായിട്ട് കാണുന്നില്ല. ദുരുദ്ദേശ്യം അതിനു പിന്നിലുണ്ടെന്ന് കരുതുന്നില്ല. സ്നേഹംകൊണ്ട് ചെയ്തതാകാം. ഞാനിതിനെ തമാശയായിട്ടേ കാണുന്നുള്ളൂ. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിത്. പരാതിയൊന്നുമില്ല എന്നായിരുന്നു ജോസഫൈന്റെ പ്രതികരണം. മദ്യപിച്ച് വേദിയിൽ പാട്ടു പാടുക, റെക്കോർഡിട്ട് ചുണ്ടനക്കി പാട്ടു പാടുന്നതായി കാണിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്ത് നിരവധി പ്രാവശ്യം മഡോണ വിവാദത്തിൽ ചാടിയിട്ടുണ്ട്.