വിനീതിന്റെ ശബ്ദത്തിൽ തെയ്യം വെർച്വൽ റിയാലിറ്റി

നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ അനുഷ്ഠാനകലയാണ് തെയ്യം. പുതിയതലമുറയിലെ കലാകാരന്മാർക്ക് തെയ്യം ആസ്വദിക്കാൻ വേദിയൊരുക്കുകയാണ് മനോരമ ഓൺലൈൻ. കേരളത്തിൽ നിന്നുള്ള ആദ്യ വെർച്വൽ റിയാലിറ്റി അനുഭവം പ്രേക്ഷകർക്കായി ഒരുക്കുന്ന ‘മനോരമ 360’ യുടെ വിഡിയോയിൽ ഇത്തവണ വിനീത് ശ്രീനിവാസൻ.

ഒരു കലാരൂപമെന്നതിനപ്പുറം നേത്രങ്ങളെ വശീകരിക്കുന്ന ദൃശ്യഭംഗിയും അതിനൊപ്പം തന്നെയുള്ള കലാകാരന്മാരുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമാണ് തെയ്യത്തെ വ്യത്യസ്തമാക്കുന്നത്. ഈ ദൃശ്യഭംഗി നവീനമായ രീതിയിൽ ആസ്വദിക്കാൻ ഈ വിഡിയോയിലൂടെ സാധിക്കും.

മലയാളത്തിലെ ആദ്യ 360 വിഡിയോയിൽ ഗാനമാലപച്ചിരിക്കുന്ന ആദ്യ സിനിമാതാരമാണ് വിനീത്. നേരത്തെ ആവേശത്തിന്റെ പൂരക്കാഴ്ച ഒരുക്കിയ കൊച്ചിൻ കാർണിവൽ 360 വിഡിയോയിൽ വിനയ് ഫോർട്ട് ആയിരുന്നു. വിനീതിന്റെ തന്നെ നാടായ കണ്ണൂരിലെ തെയ്യമാണ് ഗാനത്തിന്റെ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നത്.

സികെ ആനന്ദപണിക്കർ, സികെ ശിവദാസൻ, അഖിലേഷ് എന്നിവരാണ് തെയ്യം കലാകാരന്മാർ. ഗാനത്തിന് ഗിത്താർ വായിച്ചിരിക്കുന്നത് തൈക്കുടം ഫെയിം മിഥുൻ രാജ് ആണ്. വിനീത് ബംഗ്ലാൻ ആണ് കലാസംവിധാനം.

മാധ്യമരംഗത്തെ ഏറ്റവും പുതിയ തരംഗമാണു വെർച്വൽ റിയാലിറ്റി (വിആർ). സംഭവങ്ങളും സ്‌ഥലങ്ങളും കാഴ്‌ചക്കാരനു നേരിൽ കാണുന്ന പ്രതീതിയുണ്ടാക്കുമെന്നതാണു വെർച്വൽ റിയാലിറ്റിയുടെ സവിശേഷത. മുകളിലും താഴെയും വശങ്ങളിലുമുള്ള കാഴ്‌ചകളിലൂടെ ദൃശ്യത്തിന്റെ പൂർണ അനുഭവമാണു വിആർ പകർന്നുനൽകുന്നത്.