Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണരാം, ഡിജിറ്റൽ വ്യവസായ വിപ്ലവത്തിലേക്ക്

digital-keralam..

വിദ്യാഭ്യാസ രീതിയും തൊഴിൽ ശീലവും അടിമുടി മാറണമെന്ന് മലയാള മനോരമ തിരുവനന്തപുരത്തു സംഘടിപ്പിച്ച ‍‘ഡിജിറ്റൽ കേരളം @ 2025’ ആശയക്കൂട്ടം.

നമ്മൾ ‘പൊളിക്കും’; വിദ്യാഭ്യാസം പൊളിച്ചെഴുതിയാൽ
എം. ശിവശങ്കർ (ഐടി സെക്രട്ടറി)
നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാതൽ വിജ്ഞാനമാണ്. കാലത്തിനനുസരിച്ചു മാറാൻ ഐടി അല്ലെങ്കിൽ ഡിജിറ്റൽ രംഗത്തെ മാത്രം പരിഗണിച്ചതുകൊണ്ടു കാര്യമില്ല. കേരളം ഇത്തരം മാറ്റങ്ങൾ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന സംസ്ഥാനമാണ്. നിലവിലുള്ള വിദ്യാഭ്യാസ രീതിയെ എങ്ങനെ മാറ്റാൻ കഴിയുമെന്നതാണ് കാലത്തിന്റെ ചോദ്യം. ഐഐടി, ഐഐഎം പോലെയുള്ള സ്ഥാപനങ്ങളിൽ പഠിച്ചുവന്നവർക്ക് ഈ മാറ്റത്തിനു തുടക്കം കുറിക്കാൻ കഴിയും. വിദ്യാഭ്യാസസമ്പ്രദായമാണ് നമ്മുടെ ഏറ്റവും വലിയ പോരായ്മ. ഇതു പരിഷ്കരിച്ചില്ലെങ്കിൽ, മാറ്റത്തെ നയിക്കുന്നവരെന്നും അതിനുകഴിയാതെ വീണുപോയവരെന്നുമുള്ള വിടവായിരിക്കും ഫലം.

എല്ലാവർക്കും വേണം ഡിജിറ്റൽ നയം
വി.കെ.മാത്യൂസ് (എക്സിക്യൂട്ടിവ് ചെയർമാൻ, ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസ്)
ഭാവിയിലെ ഡിജിറ്റൽ സംസ്ഥാനം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ രൂപരേഖയുണ്ടാക്കണം. വിദ്യാഭ്യാസം, നിയമവ്യവസ്ഥ അങ്ങനെ എല്ലാറ്റിന്റെയും ഭാവി എന്തായിരിക്കണമെന്നതിനെക്കുറിച്ചു വ്യക്തത വേണം. എല്ലാ സ്ഥാപനങ്ങളും ഡിജിറ്റൽ സേവന നയം എന്തെന്നു കൃത്യമായി നിർണയിക്കണം. ലഭ്യമായ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന ഊബർ. എയർ ബിഎൻബി പോലെയുള്ള സേവനങ്ങൾക്കിടെയാണ് നമ്മൾ ജീവിക്കുന്നതെന്നോർക്കണം. ബ്ലോക്ചെയിൻ പോലെ, സുതാര്യത ഉറപ്പാക്കുന്ന സാങ്കേതികവിദ്യകൾ വ്യാപകമാകുമ്പോൾ അക്കൗണ്ടിങ് പോലെയുള്ള പരിശോധനകൾ പോലും അപ്രസക്തമാകാം.

വിദ്യാഭ്യാസത്തിന് ഇപ്പോഴും ആവി എൻജിൻ
ജി.വിജയരാഘവൻ (ടെക്നോപാർക്ക് സ്ഥാപക സിഇഒ)
ഏറ്റവും ഒടുവിൽ നിങ്ങളൊരു ടൈപ്പിസ്റ്റ്, ലിഫ്റ്റ് ഓപ്പറേറ്റർ, ടെല്ക്സ് ഓപ്പറേറ്റർ എന്നീ തസ്തികയിൽ ജോലി ചെയ്യുന്നവരെ കണ്ടത് എപ്പോഴായിരിക്കും? ലോകം മാറുകയാണ്, ഹോട്ടലിൽ ഭക്ഷണം വിളമ്പാൻ പോലും ക്യുആർ കോഡ് ആവശ്യമായി വരുന്നു. നാളെ യുദ്ധങ്ങളിൽ പോരാടുന്നത് മനുഷ്യരെക്കാൾ യന്ത്രങ്ങളായിരിക്കും. ചില ജോലികൾ ഇല്ലാതാകുമ്പോഴും മറ്റു പല മേഖലകളും ഉയർന്നു വരുന്നു. സൈബർ സുരക്ഷ, ഡേറ്റ സയൻസ്, ജീനോമിക്സ്, വെർച്വൽ സ്റ്റോർ ഗൈഡ്സ് തുടങ്ങിയവയ്ക്ക് വലിയ പ്രാധാന്യം കൈവരും. ഇതൊക്കെയാണെങ്കിലും ആവി എൻജിൻ പോലെയുള്ള പഴയകാല സാങ്കേതികവിദ്യകൾ അപ്രത്യക്ഷമായിട്ടും നമ്മുടെ വിദ്യാഭ്യാസരീതി അതിൽ നിന്ന് ഒരു ചുവടുപോലും മാറുന്നില്ല എന്നത് നിരാശാജനകമാണ്. സർവകലാശാലകൾ ഇനിയും മാറിയില്ലെങ്കിൽ അവ അപ്രസക്തമാകും.

മനുഷ്യാ, യന്ത്രത്തിന് ചാൻസ് കൊടുക്കൂ
ഡോ.സാബു തോമസ് (പ്രോ വൈസ് ചാൻസലർ, എംജി സർവകലാശാല)
55 ശതമാനമെങ്കിലും യുവ ജനസംഖ്യയുള്ള കേരളത്തെ സംബന്ധിച്ച് മാറ്റങ്ങൾ എളുപ്പമാണ്. സർവകലാശാലകളിൽ ഓട്ടമേഷൻ രീതികൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവധിഅപേക്ഷ പോലും ചിലപ്പോ‍ൾ മാസങ്ങൾ നീളുന്ന പ്രക്രിയയാണ്. പേപ്പറിൽ എഴുതി നൽകുന്ന അപേക്ഷ 10 പേരുടെയെങ്കിലും കൈകളിലൂടെ കയറിയിറങ്ങണം. ഇത് ഒരു ദിവസം കൊണ്ടു നിർവഹിക്കാൻ കഴിയുന്ന ഓൺലൈൻ സംവിധാനം ഉടൻ നടപ്പാക്കും. കുട്ടികൾക്കു നിലവിലുള്ള കോഴ്സിനു പുറമെ ലോകത്തെവിടെയുമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനമാണു ലക്ഷ്യം.

ചരിത്രം അവിടെനിൽക്കട്ടെ; മാറിച്ചിന്തിക്കാം
ജി.കൃഷ്ണകുമാർ (എംഡി, റബ്ഫില ഇന്റർനാഷനൽ)
1980കളിൽ പ്രാമുഖ്യമുണ്ടായിരുന്ന വേഡ്സ്റ്റാർ എന്ന വേഡ് പ്രോസസിങ് സോഫ്റ്റ്‍വെയറാണ് അടുത്ത കാലം വരെ ചിലയിടങ്ങളിൽ പഠിപ്പിച്ചിരുന്നത്. വേഡ്സ്റ്റാർ അപ്രത്യക്ഷമായിട്ടും നമ്മുടെ രീതി അൽപം പോലും മാറിയില്ലെന്നതിന്റെ തെളിവാണിത്. പഴയ കാര്യങ്ങൾ പഠിക്കുന്നതിൽ തെറ്റില്ല, അതിന്റെ ചരിത്രമൊക്കെ തീർച്ചയായും അറിഞ്ഞിരിക്കണം, പക്ഷേ അവ പൂർണമായും പഠിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം. നിലവിലുള്ള സാമൂഹിക ചുറ്റുപാടിൽനിന്നു മാറിച്ചിന്തിക്കാൻ എങ്ങനെ പുതിയ തലമുറയെ തയാറാക്കണം എന്നാണു നമ്മൾ ചിന്തിക്കേണ്ടത്.

പഴയതെല്ലാം കൈവിടാറായില്ല
ശ്രീറാം വെങ്കിട്ടരാമൻ (ഡയറക്ടർ, കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസ്)
യുവതലമുറയുടെ മികവുയർത്താനാണു സർക്കാരും ലക്ഷ്യമിടുന്നത്. ഐടിഐ സിലബസിൽ ഭാവി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്താൻ ആലോചിക്കുമ്പോൾത്തന്നെ, നിലവിലുള്ള ഫിറ്റർ– ടേണർ ജോലികൾക്കു നല്ല ഡിമാൻഡ് ആണെന്നു തിരിച്ചറിയുന്നുമുണ്ട്. പഴയതും പുതിയതും ഒരുപോലെ കൊണ്ടുപോകണമെന്നാണു തോന്നുന്നത്. പഴയതിനെ പൂർണമായും വേണ്ടെന്നുവയ്ക്കാൻ കഴിയില്ല. കുറച്ചുനാളുകൾക്കു മുൻപ് ജർമനിയിലെത്തി ഊബർ ബുക്ക് ചെയ്തപ്പോൾ മുൻപിലെത്തിയത് വൈദ്യ.ുത കാർ ആയിരുന്നു. ‍ലോഗോ കണ്ടിട്ടു മനസിലായില്ല, ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് ടെസ്‍ലയായിരുന്നു എന്നു തിരിച്ചറിഞ്ഞത്. ഈ രീതിയിലാണ് മാറ്റങ്ങൾ മുന്നേറുന്നത്.

ഗവേഷണത്തിൽ കേരളം പിന്നിൽ
ഡോ.എ.അജയഘോഷ് ( ഡയറക്ടർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി)
പുത്തൻ മാറ്റങ്ങളെ പുണരാനായി അതിനു സാധ്യമായ പരിതസ്ഥിതി നിർമിച്ചുനൽകുക അത്യാവശ്യമാണ്. പുതിയ ഇക്കോസിസ്റ്റം വഴി മാത്രമേ പുത്തൻ വിദ്യകളുടെ ഗുണഫലം സ്വീകരിക്കാൻ കഴിയൂ. പുതുമയെക്കുറിച്ച് പറയുമ്പോഴും അടിസ്ഥാനമായ പ്രശ്നങ്ങൾക്കു ഒരു മാറ്റവുമില്ല. ആറ് കിലോമീറ്റർ സഞ്ചരിക്കാൻ അര മണിക്കൂറെങ്കിലുമെടുക്കുന്നു. ലീവ് ആപ്ലിക്കേഷൻ നടപടിക്ക് മൂന്നു മാസമെടുക്കുന്നു. ഇതിലൊന്നും ഒരു മാറ്റവും സംഭവിക്കുന്നില്ല. ഉന്നതവിഭ്യാഭ്യാസ രംഗത്തും ഗവേഷണരംഗത്തും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം എത്ര പിന്നിലാണെന്ന തിരിച്ചറിവും നന്നായിരിക്കും.

പുതിയ വഴി പോകണം പുതിയ വേഗത്തിൽ
കെ. നന്ദകുമാർ (സിഇഒ, സൺടെക്)
അൽഗരിതമാറ്റിക് ചിന്തകളാണ് ഇനി വേണ്ടത്. ഡേറ്റയെ വിശകലനം ചെയ്യുന്ന മനസും. പഴയ ടെക്നോളജിയിൽ നിന്നും പുതിയ ടെക്നോളജിയിലേക്കുള്ള സ്വയം മാറണം. ജാവ പഠിച്ചവർ അതിലുള്ള പ്രോഗ്രാം മാത്രമേ ചെയ്യൂ എന്നു വാശിപിടിച്ചാൽ തീർന്നു. എഐ ടെക്നോളജി സ്വായത്തമാക്കാനുള്ള ത്വര അവർക്കും വേണം. ഡിജിറ്റൽ ഇക്കോസിസ്റ്റം ആർകിടെക്ചർആണു ഭാവിയിൽ വേണ്ടത്. മൾട്ടിടാസ്കിങ്, മൾട്ടിലെവൽ ടാസ്കിങ് എന്നിങ്ങനെ പോകും വൈദഗ്ധ്യത്തിന്റെ മാനദണ്ഡങ്ങൾ. ടെക്നോളജി പുതിയ വഴിത്തിരിവുകളിലെത്തുമ്പോൾ അതേ ഗതിയിൽ, അതേ വേഗത്തിൽ മുന്നോട്ടുപോകണം.

കാത്തിരിക്കരുത്, നയിക്കണം
സജി ഗോപിനാഥ് (സിഇഒ, കേരളാ സ്റ്റാർട്ടപ് മിഷൻ)
ഓരോ സാങ്കേതികവിദ്യയുടെയും കാലാവധി വളരെ ചെറുതാണ് . ഭാവിയിൽ മാറ്റത്തിന്റെ വേഗം കൂടും. ട്രാക്ടറും കംപ്യൂട്ടറുമൊക്കെ വന്നതുപോലെ ഭാവിയുടെ സാങ്കേതിക വിദ്യകൾക്കുവേണ്ടിയും കേരളം കാത്തിരിക്കരുത്. പുതിയ സാങ്കേതികവിദ്യകളുടെ വിപ്ലവം കേരളം മുന്നിൽനിന്നു നയിക്കണം. ഇതിനു വിദ്യാഭ്യാസരീതികൾ മാറണം. കോളജുകൾക്കല്ല, വിദ്യാർഥികൾക്കാണ് ‘ഓട്ടോണമി’ ലഭിക്കേണ്ടത്. സ്വയം കണ്ടെത്തുന്ന, ലോകത്തെവിടെനിന്നും കണ്ടെത്തുന്ന അറിവിന് 30 ശതമാനം വരെ ക്രെഡിറ്റ് ലഭിക്കുന്ന യൂണിവേഴ്സിറ്റി കോഴ്സുകൾ വരണം. ഇന്നവേറ്റീവ് ഇക്കണോമിയിലേക്കാണ് ഓരോ വിദ്യാർഥിയും പഠനം കഴിഞ്ഞിറങ്ങുന്നത്.

കൃഷിയും മാറിനിൽക്കില്ല
ഡോ.കെ.വി. പീറ്റർ (കാർഷിക സർവകലാശാല മുൻ വിസി)
സാങ്കേതിക വിപ്ലവത്തിൽനിന്നു മാറിനിൽക്കാൻ കൃഷിമേഖലയ്ക്കും സാധിക്കില്ല. സാങ്കേതികവിദ്യ കൃഷി ലളിതവും കാര്യക്ഷമവുമാക്കും. കർഷകരുടെ കഠിനജോലികൾ പൂർണമായി യന്ത്രങ്ങൾ ഏറ്റെടുക്കും. സാങ്കേതികവിദ്യ വികസിക്കുമ്പോൾ കർഷകർ ഇല്ലാതാകുമെന്നല്ല, കൃഷി മാനേജർമാരായി മാറുമെന്നതാണു നേട്ടം. ജോലിഭാരം കുറയുകയും സ്കിൽഡ് ജോലിയായി കൃഷി മാറുകയും ചെയ്യുന്ന കാലം. കാർഷിക–ഭക്ഷ്യ മേഖലയിലേക്ക് സാങ്കേതികവിപ്ലവം വരണം.

നമ്മൾ ‘എക്കോ’ മാത്രം കേൾക്കുന്നു
ദീപു എസ്. നാഥ് (മാനേജിങ് ഡയറക്ടർ, ഫയ ഇന്നവേഷൻസ്)
റെയിൽവേ ട്രാക്കില്ലാതെ ട്രെയിൻ കൊണ്ടുവരുന്നതുപോലെയാണ് കേരളത്തിലെ പല സാങ്കേതികമാറ്റങ്ങളും. ബെംഗളൂരുവിലും മറ്റും ഇക്കാര്യത്തിലുള്ള കമ്മ്യൂണിറ്റി രൂപീകരണം കേരളത്തിലില്ല. നമ്മൾ പലപ്പോഴും ചില ‘എക്കോചേംബറു’കളിലാണ്. നമുക്ക് ചുറ്റമുള്ളവരും നമ്മുടെ അതേ നിലവാരത്തിലായതിനാൽ നാം പുറത്തു നടക്കുന്നതൊന്നും അറിയുന്നേയില്ല. നമ്മൾ പറയുന്ന കാര്യം തന്നെ ചുറ്റുമുള്ളവരിൽനിന്നു തിരിച്ചുകേൾക്കുന്നു.
പുതിയ സാങ്കേതികവിദ്യകൾ ചർച്ച ചെയ്യാനും തലപുകയ്ക്കാനുമായി സർക്കാരിനു നേതൃത്വം നൽകി നഗരങ്ങളിൽ കമ്മ്യൂണിറ്റി സെന്ററുകൾ ആരംഭിക്കുന്നതു നന്നായിരിക്കും. കൂട്ടായ്മയായി ജോലി ചെയ്യുന്ന രീതി ഇവിടെയും വരണം. പഴയകാലത്തുനിന്ന് ഇപ്പോഴുള്ള കാലത്തേക്ക് മാറാനെടുത്ത സമയംതന്നെ ഇനി ഭാവിയിലേക്കു നീങ്ങാനും ഉണ്ടല്ലോ എന്ന ശുഭാപ്തിവിശ്വാസമാണ് പലർക്കും, അതു തെറ്റിദ്ധാരണ മാത്രമാണ്.

തൊഴിലിന് ഉതകണം സിലബസ്
രാജേഷ് നായർ (എക്സിക്യൂട്ടിവ് ഡയറക്ടർ, മാർക്കറ്റ്സ്– ഏൺസ്റ്റ് ആൻഡ് യങ്)
ഇനി ലോകത്തൊരിടത്തും ഐടി കമ്പനി എന്നൊരു കമ്പനി ഉണ്ടാകില്ല. കാരണം എല്ലാ കമ്പനികളും ഐടി കമ്പനികളായി മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യയില്ലാതെ ഒരു കമ്പനിയും പ്രവർത്തിക്കുന്നില്ല. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ കൃത്യമായി മാനേജ് ചെയ്യാനുള്ള കഴിവാണ് ഇനിയുള്ള ജോലികൾക്കാവശ്യം. ഒരു കമ്പനിക്കും യോഗ്യനായ ഒരു എൻജിനീയറെ കൊടുക്കാൻ പറ്റുന്നതല്ല ഇന്നത്തെ കരിക്കുലം. തൊഴിൽരംഗത്തേക്കു കടക്കാനുള്ള ക്ഷമത നൽകുന്നതല്ല, ഒരു കോഴ്സും. സർവകലാശാലകളും വ്യവസായരംഗവും കൈകോർത്ത് ഈ വിടവു നികത്തുകയാണു വേണ്ടത്.

ബാങ്ക് നിറയെ ടെക്
ശാലിനി വാരിയർ (ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, ഫെഡറൽ ബാങ്ക്)
ബാങ്കുകളിലേക്കു നോക്കിയാൽത്തെന്നെ മേഖലയിലെ സാങ്കേതിക വിപ്ലവം മനസിലാക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക് ചെയിൻ, ബിഗ് ഡേറ്റ അനലറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ബാങ്കിങ് സേവനങ്ങളെ മാറ്റിമറിച്ചത്. ഉപയോക്താക്കളുടെ എണ്ണിയാലൊടുങ്ങാത്ത സംശയങ്ങൾക്കു നിമിഷങ്ങൾക്കുള്ളിൽ ഉത്തരം നൽകാൻ ചാറ്റ്ബോട്ടുകൾ, യൂസർ ഐഡികൾ, പാസ്‌വേഡുകൾ, ബയോമെട്രിക് അടയാളങ്ങൾ തുടങ്ങിയവയെല്ലാം ആർട്ടിഷിഫ്യൽ ഇന്റലിജൻസ് ഏറ്റെടുത്തു, ഡേറ്റ കൃത്യമായി സൂക്ഷിക്കുന്നതിനും വിശ്വാസ്യത കൂട്ടുന്നതിനും ബ്ലോക്ചെയിൻ, ഇടപാടുകാരുടെ വിശ്വാസ്യതയളക്കാൻ ബിഗ് ഡേറ്റ അനലെറ്റിക്സ്...ഡേറ്റ വിശകലനം ചെയ്യാനുള്ള കഴിവ് ബാങ്കിങ് രംഗത്തേക്കുള്ള അടിസ്ഥാന യോഗ്യതയായി മാറി.

വഴിയൊരുക്കാം, മാറ്റം കടന്നുവരട്ടെ
ഡോ. എസ്. അച്യുത് ശങ്കർ (ഡയറക്ടർ, കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫർമാറ്റിക്സ് സെന്റർ )
മാറ്റം വരുമെന്നതുറപ്പ്, എപ്പോൾ എന്നതാണു ചോദ്യം. എല്ലാ സാങ്കേതിക മാറ്റങ്ങളുടെയും ക്രെഡിറ്റ് സാധാരണ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സെൻസറുകളും മാപ്പും ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ഡ്രൈവർ ഇല്ലാത്ത കാറുകൾ റോഡ് അപകടങ്ങൾ കുറയ്ക്കും. പുതിയ സാങ്കേതികതയെ എതിർക്കുന്നതിനു പകരം ഗൂഗിൾ കാറുകൾക്കു വരാനുള്ള പാതയൊരുക്കുകയാണു നാം ചെയ്യേണ്ടത്. സാങ്കേതികവിദ്യയുടെ ചെലവും കുറയുകയാണ്. അഞ്ചു ഡോളറിനു വരെ ഇപ്പോൾ സെൻസറുകൾ ലഭിക്കും. മണ്ണിലെ നൈട്രജന്റെയും ഓക്സിജന്റെയും അളവും ജലാംശവുമെല്ലാം അളന്ന് ആവശ്യാനുസരണം ഇവ ലഭ്യമാക്കുന്ന ഫ്യൂച്ചർ കൃഷിയെക്കുറിച്ചാണു ചിന്തിക്കേണ്ടത്. അപകടം കുറഞ്ഞ, ചെലവു കുറയ്ക്കുന്ന, ഊർജം സംരക്ഷിക്കുന്ന നൂതന സാങ്കേതികവിദ്യകൾക്കുവേണ്ടി പാത ഒരുക്കിവയ്ക്കാം. ഇതിനായി ആദ്യം മാറേണ്ടത് വിദ്യാഭ്യാസ രീതി തന്നെയാണ്.