Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജ് പാഠ്യപദ്ധതിയിലേക്ക് നാരായണ ഗുരു ചിന്തകളും

education-books

ന്യൂഡൽഹി∙ ശ്രീനാരായണഗുരുവിന്റെ ചിന്തകൾ ഉൾപ്പെടുത്തി ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള നിർദേശം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരിഗണനയിൽ. വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന ആർഎസ്എസ് സംഘടനയായ ഭാരതീയ ശിക്ഷൺ മണ്ഡലാണു നിർദേശം മുന്നോട്ടുവച്ചത്.

മൂല്യവിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും ഊന്നൽ നൽകി സ്കൂൾ, കോളജ് പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള നീക്കത്തിലാണു കേന്ദ്രസർക്കാർ. പരിഷ്കരിച്ച സ്കൂൾ പാഠ്യപദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത അധ്യയന വർഷം നടപ്പാക്കും. വെറും ബിരുദത്തിനു പകരം ബിഎ, ബികോം, ബിഎസ്‌സി പ്രഫഷനൽ ബിരുദങ്ങൾ ആവിഷ്കരിക്കാനാണു ‌പദ്ധതി. നാട്യശാസ്ത്രം, ന്യായശാസ്ത്രം, വിദുർനീതി തുടങ്ങിയവയും വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കണമെന്നു ഭാരതീയ ശിക്ഷൺ മണ്ഡൽ നിർദേശിച്ചിട്ടുണ്ട്.

ഹൈന്ദവ തത്വചിന്തയെക്കുറിച്ചു വിദ്യാർഥികൾക്കും അധ്യാപകർക്കും അവഗാഹമുണ്ടാകണം. ‘സർവേ ഭവന്തു സുഖിന’ (എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ) എന്ന പ്രമാണം പുതുക്കിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനമാക്കണമെന്നും ആർഎസ്എസ് സംഘടന അഭിപ്രായപ്പെടുന്നു.

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനു രാജ്യമെങ്ങുംനിന്നു മന്ത്രാലയത്തിന് ഇതിനകം 37,000 നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പേരിൽ ആർഎസ്എസ് അജൻഡ അടിച്ചേൽപിക്കുകയാണു ലക്ഷ്യമെന്ന ആക്ഷേപവും ശക്തമാണ്. യുജിസി വേണ്ടെന്നു വച്ച് ഉന്നതവിദ്യാഭ്യാസ കമ്മിഷൻ രൂപീകരി‌ക്കുന്നത് ഇതിന്റെ ഭാഗമാണെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.