Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎഎസ് പരീക്ഷാ ഘടനയിൽ പിഎസ്‌സി തീരുമാനമായില്ല

PSC

തിരുവനന്തപുരം∙കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസി(കെഎഎസ്)ലേക്കുള്ള പരീക്ഷാ ഘടന സംബന്ധിച്ചു പിഎസ്‌സി യോഗം ചർച്ച ചെയ്ത‌ങ്കിലും തീരുമാനമായില്ല. പരീക്ഷയ്ക്ക് എത്ര പേപ്പർ വേണം, എത്ര മാർക്കു വേണം തുടങ്ങിയ കാര്യങ്ങളാണു ചർച്ച ചെയ്തത്. പരീക്ഷാ ഘടനയും മറ്റും സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ 12 ഐഎഎസ് ഉദ്യോഗസ്ഥരോടു പിഎസ്‌സി അഭ്യർഥിച്ചിരുന്നു. അവരുടെ നിർദേശങ്ങളും ചർച്ച ചെയ്തു.

പിഎസ്‌സിയുമായി ചർച്ച ചെയ്തു പരീക്ഷയുടെ സ്കീമും സിലബസും സർക്കാർ തീരുമാനിക്കുമെന്ന ആദ്യ നിർദേശത്തിൽ സർക്കാർ തന്നെ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതനുസരിച്ചു സർക്കാരുമായി ചർച്ച ചെയ്തു പിഎസ്‌സിയാണു തീരുമാനമെടുക്കേണ്ടത്. ഡപ്യൂട്ടി കലക്ടർ ഉൾപ്പെടെ ഒരു തസ്തികയിലേക്കും സർക്കാരുമായി ചർച്ച ചെയ്തല്ല പരീക്ഷാ കാര്യങ്ങൾ തീരുമാനിക്കുന്നത്. എങ്കിലും സെക്രട്ടേറിയറ്റിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിർബന്ധം മൂലമാണ് ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തിയതെന്നു പിഎസ്‌സി അധികൃതർ കരുതുന്നു.

യുപിഎസ്‌സി മാതൃക കെഎഎസിൽ നടപ്പാക്കണമെന്നതു പിഎസ്‌സി തള്ളിയിരുന്നു. പകരം സ്വന്തം മാതൃകയിൽ ഇതു നടത്താനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷയുടെ സിലബസ് വിദഗ്ധ സമിതി തീരുമാനിക്കും. പൊതുവിഭാഗത്തിലെ സംവരണം ഉൾപ്പെടെയുളള കാര്യങ്ങളും സർക്കാരിനെ അറിയിക്കും.

കോഴിക്കോട് ജില്ലയിൽ പാർ്ട്ട് ടൈം എച്ച്എസ്എ ഉറുദു(എൽസി ആംഗ്ലോ ഇന്ത്യൻ) തസ്തികയിലേക്കു രണ്ടു തവണ വിജ്ഞാപനം ഇറക്കിയിട്ടും ഉദ്യോഗാർഥികളെ ലഭിക്കാത്ത സാഹചര്യത്തിൽ മാതൃ റാങ്ക് പട്ടികയിലെ മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ഈ ഒഴിവു നൽകി നികത്താൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (തസ്തിക മാറ്റം) ഹിന്ദി തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തും. കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ്, മുനിസിപ്പൽ കോമൺ സർവീസ് എന്നിവയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.