Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികളെ അഭിനന്ദിച്ച് വിദേശ നേതാക്കൾ

lulu ലുലു ബോൾഗാട്ടി രാജ്യാന്തര കൺവൻഷൻ സെന്ററിന്റെയും ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്റെയും ഉദ്ഘാടനച്ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യമന്ത്രി പിണറായി വിജയനും മറ്റു വിശിഷ്ടാതിഥികൾക്കുമൊപ്പം.

കൊച്ചി ∙ യുഎഇയുടെ വിജയത്തിനും വികസനത്തിനും പിന്നിൽ മലയാളികളാണെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ലുലു ഗ്രൂപ്പും യുഎഇയുടെ വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്. യുഎഇയുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും മലയാളികൾ പ്രധാനമാണ്. മലയാളികൾ കാര്യക്ഷമതയും സംരംഭകത്വവും ഉള്ളവരാണ്. അവരുടെ നാട് ഒരിക്കൽ കണ്ടാൽ തന്നെ ദൈവത്തിന്റെ സ്വന്തം രാജ്യമാണെന്നു മനസ്സിലാകും.

അത്രയ്ക്കു പച്ചപ്പും മനോഹാരിതയും ഉള്ള നാടാണ്. ലുലു കൺവൻഷൻ സെന്ററും ഹോട്ടലും കേരളത്തിന്റെ കിരീടത്തിലെ രത്നമാണെന്ന് ഷെയ്ഖ് നഹ്യാൻ വിശേഷിപ്പിച്ചു. ലുലു മാളുകളിലാണ് യുഎഇക്കാർ ഷോപ്പിങ്ങിനു പോകുന്നത്. സഹിഷ്ണുതാ മന്ത്രി എന്ന നിലയിൽ തനിക്ക് കേരളത്തിന്റെ പ്രശസ്തമായ സഹിഷ്ണുതയിൽ ഏറെ മതിപ്പുണ്ടെന്ന് അൽ നഹ്യാൻ പറഞ്ഞു

ബഹ്റൈൻ വികസനത്തിന് മലയാളികൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ബഹ്റൈൻ ഡപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു. ലുലു മാളുകൾ ബഹ്റൈൻ ജീവിതത്തിന്റെ ഭാഗമാണ്. മറ്റെന്തിനേക്കാളും ജനങ്ങളാണ് കേരളത്തിന്റെ നിധി എന്ന് അൽ ഖലീഫ പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണം പത്തു കോടിയായി വർധിപ്പിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. അതിനു ലുലു പോലുള്ള സൗകര്യങ്ങൾ ആവശ്യമാണ്. മികച്ചവരെ റിക്രൂട് ചെയ്യാനുള്ള യൂസഫലിയുടെ കഴിവാണ് ലുലു ഗ്രൂപ്പിനെ വളർത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു

പിന്തുണച്ചവർക്ക് നന്ദി: യൂസഫലി

കൊച്ചി ∙ ലുലു കൺവൻഷൻ സെന്റർ കൊച്ചിയിൽ സ്ഥാപിക്കാൻ തുടങ്ങുമ്പോഴുണ്ടായ നിർഭാഗ്യകരമായ വിവാദങ്ങൾ മൂലം താൻ പദ്ധതിയിൽ നിന്നു പിൻമാറാൻ ആലോചിച്ചുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. എന്നാൽ നാട്ടിലെ ചില നേതാക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹപൂർവമായ പ്രേരണ കൊണ്ടാണു പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.

പദ്ധതി ഉപേക്ഷിക്കരുതെന്നു പല തവണ ആവശ്യപ്പെട്ടവരെയും ആത്മവിശ്വാസം നൽകിയവരെയും നന്ദിപൂർവം ഓർമിക്കുന്നു. അവരിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയും വി.എസ്. അച്യുതാനന്ദനും ഉണ്ടായിരുന്നു. ഞാൻ തമ്പിച്ചായൻ എന്നു വിളിക്കുന്ന മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു എന്നോടു പിൻമാറരുതെന്നു പലവട്ടം ഉപദേശിച്ചു. മുൻ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.വി. തോമസ്, കെ. ബാബു, ബിജെപി നേതാവ് വി. മുരളീധരൻ തുടങ്ങി പലരും െധെര്യം പകർന്നു. എല്ലാവരുടേയും പേര് എടുത്തു പറയാത്തതിൽ ക്ഷമിക്കുക–യൂസഫലി പറഞ്ഞു.