Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലിപ്കാർട്ട് വാൾമാർട്ടിന്റെ ഷോപ്പിങ് സഞ്ചിയിലേക്ക്

flipcart-walmart

ന്യൂഡൽഹി ∙ ഇന്ത്യൻ ഓൺലൈൻ വ്യാപാരക്കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ നിയന്ത്രണമേറ്റെടുക്കാൻ റീട്ടെയിൽ വ്യാപാരരംഗത്തെ വമ്പൻ അമേരിക്കൻ കമ്പനി വാൾമാർട്ട് നടത്തുന്ന ശ്രമങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഫ്ലിപ്കാർട്ടിലെ പ്രമുഖ നിക്ഷേപകരായ ടൈഗർ ഗ്ലോബൽ മാനേജ്മെന്റ്, സോഫ്റ്റ് ബാങ്ക് (ജപ്പാൻ) എന്നിവർ ഓഹരി വാൾമാർട്ടിനു വിൽക്കാൻ സന്നദ്ധരായിട്ടുണ്ട്. 1500 കോടി ഡോളറിന് (ഏകദേശം 99000 കോടി രൂപ) 75% ഓഹരി വാങ്ങാനാണു വാൾമാർട്ട് ലക്ഷ്യമിടുന്നത്.

വാൾമാർട്ടിന്റെ വാഗ്ദാനത്തെക്കാൾ ഉയർന്ന തുക, ഓൺലൈൻ രംഗത്തു ഫ്ലിപ്കാർട്ടിന്റെ മുഖ്യ എതിരാളിയായ യുഎസ് കമ്പനി ആമസോൺ വാഗ്ദാനം ചെയ്തെങ്കിലും വിപണിയിലെ മൽസരക്ഷമതയെ ബാധിക്കുന്ന കുത്തകവൽക്കരണമാകുമെന്നതിനാൽ കോംപറ്റീഷൻ കമ്മിഷൻ അംഗീകരിക്കാനിടയില്ലെന്നു ഫ്ലിപ്കാർട്ട് ബോർഡ് ഓഫ് ഡയറക്ടറേഴ്സ് വിലയിരുത്തി.

75% ഓഹരി വാൾമാർട്ടിനു നൽകാൻ ബോർഡ് തീരുമാനിച്ചെന്ന് യുഎസ് വാർത്താ ഏജൻസി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തെങ്കിലും ഫ്ലിപ്കാർട്ട് അതു സ്ഥിരീകരിച്ചില്ല. അന്തിമ തീരുമാനമായില്ലെന്നാണു കമ്പനിവൃത്തങ്ങൾ പറഞ്ഞത്. ഗ്യൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റും വാൾമാർട്ടിനൊപ്പം നിക്ഷേപകരായെത്തുമെന്നു സൂചനയുണ്ട്.

രാജ്യത്തെ ഓൺലൈൻ വിപണിയിൽ ഫ്ലിപ്കാർട്ടും ഉപസ്ഥാപനങ്ങളായ മിന്ത്രയും ജബോങ്ങും ചേർന്ന് 40% കയ്യാളുമ്പോൾ ആമസോണിന്റെ വിഹിതം 31% ആണ്. ഇന്ത്യയിൽ ഇപ്പോൾ ഓൺലൈൻ വിപണി മൊത്തം ചില്ലറ വ്യാപാരത്തിന്റെ(80,000 കോടി രൂപ) രണ്ടര ശതമാനം (2000 കോടി) മാത്രമാണെങ്കിലും ഇനിയങ്ങോട്ടു വൻ സാധ്യതയാണുള്ളതെന്നു കമ്പനികൾ വിലയിരുത്തുന്നു. 

അമേരിക്കയിൽ ചില്ലറ വ്യാപാര രംഗത്തു വാൾമാർട്ടിനുണ്ടായിരുന്ന ആധിപത്യം പൊളിച്ച ആമസോണിനു തിരിച്ചടിയേകാൻ ആമസോണിന്റെ പ്രമുഖ വിപണികളിലൊന്നായ ഇന്ത്യയിൽ അവസരം ലഭിക്കുമെന്നതും വാൾമാർട്ടിനെ ആകർഷിക്കുന്നു.

ആമസോൺ ജീവനക്കാരായിരുന്ന സച്ചിൻ ബൻസാലും  ബിന്നി ബൻസാലും 2007ൽ സ്ഥാപിച്ചതാണു ബെംഗളൂരു ആസ്ഥാനമായ ഫ്ലിപ്കാർട്ട്. ഇന്ത്യയിലും വിദേശത്തുംനിന്നു വൻതോതിൽ മൂലധന നിക്ഷേപം ആകർഷിക്കാനായ കമ്പനിയിൽ ഇപ്പോൾ സ്ഥാപകർക്ക് അഞ്ചു ശതമാനത്തോളം വീതമേ പങ്കാളിത്തമുള്ളൂ. 20.5 ശതമാനം വീതം ഓഹരിയുള്ള ടൈഗറും സോഫ്റ്റ്ബാങ്കുമാണു മുഖ്യനിക്ഷേപകർ. മുപ്പതിനായിരത്തിലേറെ ജീവനക്കാരുണ്ട്.