Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടപടിയില്ല; ഇന്ധനവില മുകളിലേക്കുതന്നെ

petrol-record-price1

ന്യൂഡൽഹി ∙ ഇന്ധനവില പിടിച്ചുകെട്ടാൻ നടപടിയുണ്ടാവുമെന്നറിയിച്ച കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും വിലയുയർന്നു. ഇന്നലത്തെക്കാള്‍ പെട്രോളിന് 38 പൈസയും ഡീസലിന് 23 പൈസയും കൂടുതലാണ് കേരളത്തില്‍ ഇന്നത്തെ വില.  ഡൽഹിയിൽ ഇന്നലെ പെട്രോളിന് 77.47 രൂപയും ഡീസലിന് 68.53 രൂപയുമായി. കർണാടക വോട്ടെടുപ്പിനു മുമ്പ് പിടിച്ചുനിർത്തിയ ഇന്ധനവില തുടർച്ചയായി പന്ത്രണ്ടാം ദിവസമാണ് വർധിക്കുന്നത്. 

രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുമ്പോൾ രാജ്യത്തെ എണ്ണ ഉൽപാദക കമ്പനികൾക്കുണ്ടാകുന്ന അപ്രതീക്ഷിത ലാഭത്തിനുമേൽ നികുതി ചുമത്താനും ആ തുക ഉപയോഗപ്പെടുത്തി എണ്ണവില വർധനയുടെ ആഘാതം ഒരു പരിധിവരെ താങ്ങാനും സർക്കാർതലത്തിൽ  ആലോചനയുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. 

പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണ ഖനനക്കമ്പനികൾ നിലവിൽ ഇന്ത്യയിൽനിന്നു ഖനനം ചെയ്തെടുക്കുന്ന എണ്ണയ്ക്കും രാജ്യാന്തര നിലവാരത്തിലാണു വില കിട്ടുന്നത്. അതിനാൽ, രാജ്യാന്തര വിപണിയിൽ വില ഉയർന്നിരിക്കുമ്പോൾ അവർക്ക് അവിചാരിതമായി വൻ തുക ലാഭമുണ്ടാകുന്നു. ഈ ലാഭം എണ്ണ വിപണനക്കമ്പനികളുമായി പങ്കുവച്ചാൽ ഇന്ധനത്തിന്റെ ചില്ലറ വിൽപന വില താഴ്ത്തിനിർത്താൻ വിപണനക്കമ്പനികൾക്കു കഴിയുമെന്നാണു സർക്കാരിന്റെ പ്രാഥമിക നിഗമനം. 

എണ്ണവില ബാരലിന് 70 ഡോളർ പിന്നിടുമ്പോൾ, അധികത്തുകയിന്മേൽ നികുതി ചുമത്താനാണ് ആലോചന. നേരത്തേയും ഇത് ആലോചിച്ചെങ്കിലും സ്വകാര്യ മേഖലയുടെ എതിർപ്പുമൂലം നടന്നില്ല. ബ്രിട്ടൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.

സംസ്ഥാനങ്ങൾ സഹകരിക്കാതെ പ്രശ്നം മറികടക്കാൻ കഴിയില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെയും പറഞ്ഞു.  എണ്ണക്കമ്പനികളുമായി അനൗദ്യോഗിക ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല.  

ഇന്നത്തെ പെട്രോൾ, ഡീസൽ വില (ലീറ്ററിന് രൂപയിൽ)

തിരുവനന്തപുരം 81.88, 74.49

കൊച്ചി             80.79, 73.46

കോഴിക്കോട്      81.58, 74.21