Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ പെയ്താൽ ചാർജ് കൂടാത്ത 'ടാസ്കി'

man-taxi-car

കൊച്ചി ∙ മഴ പെയ്താൽ, ചൂടു കൂടിയാൽ, ആളു കൂടിയാൽ, സമരങ്ങൾ വന്നാൽ, ഉത്സവ സീസൺ വന്നാൽ... ഓൺലൈൻ ടാക്സികൾക്കു നിന്ന നിൽപിൽ ചാർജ് കൂട്ടാൻ ഇങ്ങനെ എത്രയെത്ര കാരണങ്ങൾ. സർജിങ് പ്രൈസാണ് ഓൺലൈൻ ടാക്സികളിൽ നിന്ന് ഇപ്പോൾ ഉപയോക്താക്കളെ അകറ്റുന്ന ഘടകം. ഷോപ്പിങ് മാളിലേക്കു പോകുമ്പോഴത്തെ തുകയെക്കാൾ മൂന്നിരട്ടി തുക ചിലപ്പോൾ, തിരിച്ചു വരുമ്പോൾ ചാർജ് ചെയ്തേക്കാം. ഇതിനു വിപരീതമായി എപ്പോഴും ഒരേ നിലവാരത്തിൽ റൈഡുകൾ നൽകുകയാണ് കൊച്ചിയുടെ സ്വന്തം ഓൺലൈൻ ടാക്സി ആപ്പായ ടാസ്കി. സോഫ്റ്റ്‌വെയർ എൻജിനീയറായ ജിജോ സി. ചെറിയാനാണു ടാസ്കി ആപ് സിഇഒ. ടാസ്കി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്ഥാനം പാലാരിവട്ടം.

∙ടാസ്കി വിളിയെടാ...
തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കുതിരവട്ടം പപ്പു മോഹൻലാലിനോടു പറയുന്ന ആ ഡയലോഗ് ഓർക്കുന്നില്ലേ... അതുതന്നെ... ടാസ്കി എന്ന പേരു വന്നതും മലയാളികളെന്നുമോർക്കുന്ന ഈ സിനിമാ ഡയലോഗിൽ നിന്നാണെന്ന് ജിജോ പറയുന്നു.

∙തർക്ക പരിഹാരം ഫോണിലൂടെ
പരാതികൾ ഫോൺ വിളിച്ചു പറയാമെന്നതാണ് ടാസ്കി ആപ്പിന്റെ മറ്റൊരു പ്രത്യേകത. പരാതികൾ മെയിൽ അയയ്ക്കുകയും തുടർന്ന് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവിന്റെ വിളിക്കായി കാത്തിരിക്കുകയും വേണ്ട. ഇ–മെയിലിലൂടെ പരാതി അറിയിക്കാൻ മുതിർന്ന ഉപയോക്താക്കൾക്കും മറ്റുമുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ് ഓഫിസിൽ കോൾ സെന്റർ കൂടി പ്രവർത്തിപ്പിക്കുന്നതെന്ന് ജിജോ പറയുന്നു. പരാതികൾക്കു വളരെ വേഗത്തിൽ പരിഹാരം കാണാനും കഴിയും.

∙ഡ്രൈവർമാർക്കു നേട്ടം
ഓരോ റൈഡിലും ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന ചാർജിന്റെ 25 മുതൽ 35 ശതമാനം വരെ മറ്റുള്ള ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്നുണ്ട്. എന്നാൽ ടാസ്കി ഈടാക്കുന്നത് 10 ശതമാനം മാത്രമാണ്. അതായത് 100 രൂപയുടെ ട്രിപ്പിൽ 90 രൂപയും ഡ്രൈവർമാർക്കു ലഭിക്കും. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലും ഡ്രൈവർമാർക്കും നേട്ടമുണ്ടാകണമെന്ന ചിന്തയിൽ നിന്നാണ് ചാർജ് 10 ശതമാനമായി നിലനിർത്തുന്നതെന്നും ജിജോ പറയുന്നു.

ആശുപത്രികളും മറ്റു സ്ഥാപനങ്ങളുമായി ചേർന്നുള്ള ടാക്സി സഹകരണമാണു ജിജോയുടെ അടുത്ത പദ്ധതി. ഇപ്പോൾ വിമാനത്താവളത്തിലേക്കും തിരിച്ചു നഗരത്തിലേക്കുമാണു കൂടുതൽ ടാസ്കി സർവീസുകളുള്ളത്. എയർപോർട് റൈഡിൽ 30 മുതൽ 40 ശതമാനം വരെ നേട്ടം മറ്റ് ഓൺലൈൻ ടാക്സികളുമായി താരതമ്യം ചെയ്യുമ്പോൾ ഉപയോക്താക്കൾക്കു നൽകാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ കൂടുതൽ ഭാഗത്തേക്കു സർവീസ് ഉടൻ വ്യാപിപ്പിക്കും.