Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപകാരപ്രദം യുപിഐ

നേരിട്ട് കറൻസി ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകൾ കുറഞ്ഞുവരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾക്കു നിയമപരമായി പരിധി നിലവിൽ വന്നതോടെ നോട്ടുകെട്ടുകൾ കൈമാറ്റം ചെയ്തിരുന്ന നാളുകൾക്കു വിരാമമായി. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഡെബിറ്റ് കാർഡുകളും എടിഎമ്മുകളുമാണ് മുതിർന്ന തലമുറ കൂടുതലായി ഉപയോഗിക്കുന്നതെങ്കിൽ നൂതന ഡിജിറ്റൽ സങ്കേതങ്ങളാണ് നവതലമുറയ്ക്കു പ്രിയം.
ഡിജിറ്റൽ പണമിടപാടുകൾ സാധ്യമാക്കുന്ന, ഇന്ത്യയുടെ സ്വന്തം സാങ്കേതിക മികവാണ് യുപിഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്. കൈവെള്ളയിലിരിക്കുന്ന സ്മാർട്ഫോണിൽ ഡിജിറ്റൽ പണമിടപാട് നടത്തുന്ന മൊബൈൽ ആപ് ഉപയോഗിക്കുമ്പോൾ പണം കൈമാറ്റം യാഥാർഥ്യമാക്കാൻ പിന്നണിയിൽ പ്രവർത്തിക്കുന്നത് യുപിഐ പ്ലാറ്റ്‌ഫോമാണ്.

ഏറ്റവും പുതിയത്

ഇന്ത്യയിൽ ഇലക്‌ട്രോണിക് ആയും ഡിജിറ്റൽ ആയും പണമിടപാടുകൾ പ്രധാനമായും നടക്കുന്നത് നാഷനൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ കുടക്കീഴിലാണ്. രാജ്യത്തെ ഏത് എടിഎമ്മിൽനിന്നും ഏതു ബാങ്കിലെഅക്കൗണ്ടുകാർക്കും പണം പിൻവലിക്കാൻ സാധ്യത ഒരുക്കിയ നാഷനൽ ഫൈനാൽഷ്യൽ സ്വിച്ച്, ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ ഇലക്‌ട്രോണിക് പണം കൈമാറ്റം സാധ്യമാക്കിയ എൻഇഎഫ്റ്റി, ആർറ്റിജിഎസ്, ആഭ്യന്തര ഡെബിറ്റ് കാർഡായ റുപേ, മൊബൈൽ വഴിയുള്ള പണമിടപാടുകൾ സാധ്യമാക്കിയ ഐഎംപിഎസ് എന്നിവയുടെ സാങ്കേതിക പിതൃത്വവും മേൽനോട്ടച്ചുമതലയും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ്. ഇലക്‌ട്രോണിക് പണമിടപാട് സൗകര്യങ്ങൾക്കായി കംപ്യൂട്ടർ ശൃംഖലകളും പ്രവർത്തന സോഫ്റ്റ്‌വെയറുകളും അടങ്ങുന്ന, ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന പശ്ചത്തല സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഏറ്റവും പുതിയ സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്.

യുപിഐ അടിസ്ഥാനം മാത്രം


ആളുകൾക്കു പരസ്പരം പണം കൈമാറ്റം ചെയ്യാനും വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും പണം നൽകാനും സർക്കാരിലേക്ക് ഫീസുകളും നികുതികളും അടയ്ക്കാനും യൂട്ടിലിറ്റി ചാർജുകൾ നൽകുന്നതിനുമൊക്കെ, പണം കൈകൊണ്ടു തൊടാതെ ഡിജിറ്റൽ കൈമാറ്റം പ്രാവർത്തികമാക്കാൻ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ഇതിനോടകം ലഭ്യമായിട്ടുള്ള ഒട്ടനവധി മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് ഇടപാടുകാർക്ക് യുപിഐ അധിഷ്ഠിത ഡിജിറ്റൽ പണം കൈമാറ്റം നടത്താൻ സാധിക്കുക. ബാങ്കുകളുടെ ആപ്പുകളും മറ്റു വിവിധ ഡിജിറ്റൽ വോലറ്റുകളുക്കെ പണമിടപാടുകൾ സാധ്യമാക്കുന്നത് യുപിഐ പ്ലാറ്റ്ഫോമിലാണ്.
ഇന്ത്യയിലെ എല്ലാ ബാങ്കുകളേയും കോർത്തിണക്കി സർക്കാർ തന്നെ രൂപപ്പെടുത്തിയ ഭാരത് ഇന്റർഫേസ് ഫോർ മൊബൈൽ അഥവാ 'ഭീം' പേയ്‌മെന്റ് ആപ് പ്രവർത്തിക്കുന്നതും യുപിഐയുടെ പിൻബലത്താലാണ്. യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏതൊരു മൊബൈൽ ആപ് ഉപയോഗിച്ചും പണം സ്വീകരിക്കാൻ ഊബർ ടാക്‌സി ശൃംഖല സജ്ജമാണ്.

സുരക്ഷിതം സുഗമം ഇടപാടുകൾ


ഒരുലക്ഷം രൂപയുടെ വരെയുള്ള ചില്ലറ ഇടപാടുകൾക്കാണ് യുപിഐ ആപ്പുകൾ ഉപയോഗിക്കാനാകുക. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന തത്സമയ കൈമാറ്റം നടത്താം. നിലവിലെ ബാങ്ക് അക്കൗണ്ടിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉള്ള സ്മാർട് ഫോണിലേക്ക് യുപിഐ അധിഷ്ഠിത ആപ് ഡൗൺലോഡ് ചെയ്‌തെടുത്ത് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത് പാസ്കോഡ് സെറ്റ് ചെയ്യുക എന്നതാണ് ആദ്യ നടപടി. അടുത്തതായി ഒരു യുപിഐ തിരിച്ചറിയൽ ഐഡി ഉാക്കണം. പേര്, മൊബൈൽ നമ്പർ തുടങ്ങിയവ ഉപയോഗിച്ച് 'സാജൻ@എസ്ബിഐ', '9898123456@എസ്ബിഐ' എന്നിങ്ങനെയുള്ള മാതൃകയിൽ വെർച്വൽ പേയ്‌മെന്റ് ഐഡി ഉണ്ടാക്കാം.


റജിസ്റ്റേർഡ് ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിട്ടുള്ള ഡെബിറ്റ് കാർഡ് നമ്പരും ആപ്പിൽ ചേർക്കാം. ഇതിനോടൊപ്പം ഒരു യുപിഐ പിൻനമ്പരും സെറ്റ് ചെയ്യണം. ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌ കോഡ് എന്നിവയൊന്നും നൽകാതെ യുപിഐ ഐഡി മാത്രം നൽകിയാണ് പണമിടപാടുകൾ നടത്തുക. പണം നൽകേണ്ടുന്ന വ്യക്തിയുടെ യുപിഐ ഐഡിയോ, ക്യൂആർ കോഡോ ഉപയോഗിച്ച് പണം നൽകാം.

പണമയയ്ക്കുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങൾ സ്വീകരിക്കുന്നവർക്കു കൈമാറുന്നില്ല. ഒരാൾക്കുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ പ്രത്യേക പിൻനമ്പരുകൾ സെറ്റ് ചെയ്ത് ആപ്പിൽ ഉൾപ്പെടുത്താം. ഒരു ബാങ്കിന്റെ ആപ്പിൽത്തന്നെ മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളും ചേർത്ത് ഇടപാടുകൾ നടത്താം.

 ചാർജുകളും കാഷ്ബാക്കും

ഡിജിറ്റലിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ അധിഷ്ഠിത സേവനങ്ങൾ തികച്ചും സൗജന്യമാണ്. ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസ് ചുമത്തുന്നത് രണ്ടു കൊല്ലത്തേക്ക് കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, ഭീം ആപ് ഉപയോഗിച്ച് 10,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന കച്ചവടക്കാർക്ക് 0.5% കാഷ്ബാക് ആണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

മറ്റ് സ്വകാര്യ ആപ്പുകൾ നൽകുന്ന സൗജന്യങ്ങൾക്ക് തുല്യമായി ഭീം ആപ്പിലും ചുരുങ്ങിയത് 100 രൂപയുടെ ആദ്യ ഉപയോഗത്തിന് 51 രൂപ, അടുത്ത 20 ഇടപാടുകൾക്ക് ഓരോന്നിനും 25 രൂപ വീതം അതിന് മുകളിൽ 50 ഇടപാടുകൾ വരെ 100 രൂപ എന്നിങ്ങനെ പോകുന്നു ഓരോ മാസവും ലഭിക്കാവുന്ന കാഷ് ബാക്കുകൾ. കച്ചവടക്കാർക്ക് ഓരോ ഇടപാടിനും രണ്ടു രൂപ മുതൽ 50 രൂപ വരെ നിരക്കിൽ മാസം 2,000 രൂപ വരെ ലഭിക്കത്തക്ക കാഷ് ബാക്ക് നിരക്കുകളുണ്ട്.

പരിമിതികൾ


ഇന്ത്യയ്ക്കകത്തുള്ള പണമിടപാടുകൾ മാത്രമേ യുപിഐ പിന്തുണയ്ക്കുന്നുള്ളൂ. വിദേശ രാജ്യങ്ങളിലേക്കു പണമയയ്ക്കാൻ സാധിക്കുന്നില്ല. എൻആർഇ, എൻആർഒ അക്കൗണ്ടുകൾ യുപിഐ അധിഷ്ഠിത മൊബൈൽ ആപ്പുകളിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നില്ല. ഒരിക്കൽ പണം അയച്ചുകഴിഞ്ഞാൽ തിരികെ എടുക്കാൻ കഴിയുന്നില്ല. തെറ്റായാണെങ്കിലും പണം കൈപ്പറ്റിയ ആൾ സഹകരിച്ചാൽ മാത്രമേ തിരിച്ചെടുക്കൽ സുഗമമാകൂ. തെറ്റായി ആർക്കെങ്കിലും പണം നൽകിയാൽ പരാതി നൽകുന്നതിനും പരിഹരിക്കുന്നതിമുള്ള സംവിധാനം എൻപിസിഐ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്.