Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്കൗണ്ടിൽ കോടികൾ വന്നു; തൊടാൻപോലുമാകാതെ

account-balance

മലപ്പുറം ∙ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഇരുപതോളം ജീവനക്കാരുടെ അക്കൗണ്ടിലെത്തിയ കോടികളൊന്നും ഉള്ളതല്ലെന്നും ഉണ്ടെന്നു വെറുതെ വിശ്വസിച്ചുകളയരുതെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇന്നലെ അവരെ അറിയിച്ചു. കോട്ടയ്ക്കൽ എസ്ബിഐ ശാഖയിലെ അക്കൗണ്ടുകളിൽ കോടികൾ ക്രെഡിറ്റ് ചെയ്തെന്ന ആരോപണം ശരിയല്ലെന്നും കെവൈസി (ഉപഭോക്താവിനെ അറിയുക) നിബന്ധനകൾ പാലിക്കാത്ത അക്കൗണ്ടിൽനിന്നു പണം പിൻവലിക്കുന്നതു തടയാൻ മൈനസ് ക്രെഡിറ്റ് ചെയ്യുകയാണുണ്ടായതെന്നും എസ്ബിഐ റീജനൽ ബിസിനസ് ഓഫിസ് ചീഫ് മാനേജർ പി.ബാലകൃഷ്ണൻ പറഞ്ഞു. ഇടപാടു തടയാൻ അക്കൗണ്ടുകൾ ‘ഹോൾഡ്’ ചെയ്യുകയായിരുന്നു. ലക്ഷക്കണക്കിനു രൂപ നീക്കിയിരുപ്പ് കണ്ടു ഞെട്ടിയ ഉപഭോക്താക്കൾ, തുകയോടൊപ്പം മൈനസ് ചിഹ്നം ചേർത്തത് ശ്രദ്ധിക്കാതിരുന്നതാണ് പ്രശ്നമായത്.

ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിനു രൂപയുടെ ബാലൻസ് വന്നതായാണു കഴിഞ്ഞദിവസങ്ങളിൽ അഭ്യൂഹം പരന്നത്. ചിലരുടെ അക്കൗണ്ടിൽ ഒരു കോടി രൂപ വരെ ‘കണ്ടെത്തി’. ശനിയാഴ്ച ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഇടപാടുകാർ പറയുന്നു. ഞായറാഴ്ച ബാങ്ക് അവധിയായതിനാൽ ആശയക്കുഴപ്പം വർധിച്ചു. ബാങ്ക് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്ന പരാതി എസ്ബിഐ മേലുദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ സ്വമേധയാ നടത്തിയ പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചു. 

ഇതെന്താ സംഗതി അക്കൗണ്ട് ‘ഹോൾഡ്’

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കെവൈസി നിബന്ധന പാലിക്കാത്ത അക്കൗണ്ടുകളാണ് ഉയർന്ന മൈനസ് തുക ക്രെഡിറ്റ് ചെയ്ത് ഹോൾഡ് ചെയ്യുന്നത്. ഈ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാം. പക്ഷേ, മൈനസ് ബാലൻസിനു ശേഷമുള്ള വരുന്ന തുകയേ പിൻവലിക്കാൻ കഴിയൂ. അതായത്, 60,000 രൂപയുള്ള അക്കൗണ്ടിൽ 50,000 രൂപ ബാങ്ക് ഹോൾഡ് ചെയ്താൽ പതിനായിരം രൂപയേ അക്കൗണ്ട് ഉടമയ്ക്ക് പിൻവലിക്കാനാവൂ. പണം പിൻവലിക്കൽ പൂർണമായി തടയാനാണ് ഉയർന്ന തുക ഹോൾഡ് ചെയ്യുന്നത്. ഇത് പരിഹരിക്കാൻ ബാങ്കുമായി ബന്ധപ്പെടുമ്പോൾ കെവൈസി രേഖകൾ വാങ്ങി അക്കൗണ്ട് പൂർവസ്ഥിതിയിലാക്കി നൽകും.

കെവൈസി നിർബന്ധം 

അക്കൗണ്ട് ഹോൾഡ് ആർക്കും കിട്ടാവുന്ന ‘പണി’യാണ്. ഇതൊഴിവാക്കാൻ കെവൈസി നിർബന്ധമായും പൂർത്തിയാക്കണം. ഫോട്ടോയും വിലാസവുമുള്ള ഔദ്യോഗിക രേഖ കെവൈസി രേഖയായി സമർപ്പിക്കാം. ആധാർ, പാസ്പോർട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയാണ് ഏറ്റവും നല്ലത്. പാൻകാർഡ് ഉൾപ്പെടെയുള്ളവയും സമർപ്പിക്കാമെങ്കിലും അതിൽ വിലാസമില്ലാത്തതിനാൽ അക്കാര്യം തെളിയിക്കുന്ന രേഖ വേറെ നൽകണം. അംഗീകൃത പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയിൽ രേഖകളും കെവൈസി ആവശ്യത്തിന് ഉപയോഗിക്കാം.