Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധി കണ്ടാൽ വിറളി പിടിക്കുന്ന വിമാന ടിക്കറ്റ്

flight-holiday-fare

കൊച്ചി ∙ ഗൾഫിൽ സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ നാട്ടിലേക്കു മടങ്ങുന്ന മലയാളികൾക്കു വിമാനക്കൂലിയിനത്തിൽ ചെലവഴിക്കേണ്ടി വരുന്നതു വൻ തുക. അവധി കഴിഞ്ഞ് ഇവർ ഗൾഫിലേക്കു മടങ്ങുന്ന സെപ്റ്റംബർ വരെ കേരളത്തിൽനിന്നു സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കു ചാകരയാണ്. 

ഇന്നലെ സ്വകാര്യ ടിക്കറ്റ് ബുക്കിങ് പോർട്ടൽ മുഖേന ദുബായിൽ നിന്നു കൊച്ചിയിലേക്കുള്ള നാളത്തെ വിമാന നിരക്കുകൾ പരിശോധിച്ചപ്പോൾ 25000 രൂപ മുതൽ 40000 രൂപ വരെയാണു വിവിധ വിമാനക്കമ്പനികൾ സീറ്റൊന്നിന് ഈടാക്കുന്നത്. 

വിവിധ കമ്പനികളുടെ പോർട്ടലിൽ കാണിച്ച നിരക്കുകൾ:

ഇൻഡിഗോ                 24605 രൂപ 

എയർഇന്ത്യ                 27822 രൂപ 

എയർഇന്ത്യ എക്സ്പ്രസ് 28220 രൂപ

എത്തിഹാദ്                 28385 രൂപ 

സ്പൈസ് ജെറ്റ്            30719 രൂപ 

ജെറ്റ് എയർവേയ്സ്       32050 രൂപ 

എമിറേറ്റ്സ്                  33497 രൂപ 

ഒമാൻ എയർ               35355 രൂപ 

എയർ അറേബ്യ            36409 രൂപ 

ഗൾഫ് എയർ               39590 രൂപ 

ഇത്രയും ഉയർന്ന നിരക്കുകൾ രണ്ടു ദിവസം മു‍ൻപുമാത്രം ബുക്ക് ചെയ്യുന്നതു കൊണ്ടാണെന്ന വിമാനക്കമ്പനികളുടെ വാദം തെറ്റ്.  ഓഗസ്റ്റ് 21ന് കൊച്ചിയിൽ നിന്നുള്ള മടക്കയാത്രാ നിരക്കുകൾ കമ്പനികളുടെ പോർട്ടൽ മുഖേന ലഭിച്ചത് ഇങ്ങനെ:

ജെറ്റ് എയർവേയ്സ്      22920 രൂപ 

സ്പൈസ് ജെറ്റ്           23690 രൂപ 

ഇൻഡിഗോ                25027 രൂപ 

എയർഇന്ത്യ                29912 രൂപ 

എമിറേറ്റ്സ്                 40985 രൂപ 

കൊച്ചിയിൽനിന്നു ദുബായിലേക്കും തിരിച്ചും സാധാരണ സമയങ്ങളിൽ 5000 മുതൽ 7500 രൂപ വരെ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്ന വിമാനക്കമ്പനികളാണ് അവധിക്കാലം നോക്കി നിരക്കുയർത്തി വൻ ലാഭം നേടുന്നത്. ഗൾഫ് മേഖലയിലെ പ്രധാന സെക്ടറുകളുടെയെല്ലാം അവസ്ഥ ഇതു തന്നെയാണ്. 

നയം മാറ്റാതെ വിമാനക്കമ്പനികൾ

സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയം വഴിയും നേരിട്ടു വിമാനക്കമ്പനികളുമായി ചർച്ച നടത്തിയും തിരക്കു കാലത്തെ നിരക്കു വർധന  അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ക്രിയാത്മകമായി പ്രതികരിക്കാൻ ഒരു വിമാനക്കമ്പനിയും ഇതുവരെ തയാറായിട്ടില്ല കൊച്ചിയിൽ നിന്നു ദുബായിലേക്ക് ദിവസം ഒരു വിമാനം മാത്രം സർവീസ് നടത്തിയിരുന്ന കാലത്തും ഒൻപതു വിമാനങ്ങൾ സർവീസ് നടത്തുന്ന ഇന്നും തിരക്കുസമയത്തെ ചൂഷണ സമ്പ്രദായത്തിൽ മാറ്റം വരുത്താൻ  കമ്പനികൾ തയാറായിട്ടില്ല.