Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണ വില നാലുവർഷത്തെ ഉയർന്ന നിലയിൽ

oil-price-2

ദോഹ ∙ എണ്ണ ഉൽപാദനം ഉയർത്തണമെന്ന യുഎസ് ആവശ്യം ഒപെക് തള്ളിയതിനു പിന്നാലെ രാജ്യാന്തര വിപണിയിൽ വില നാലു വർഷത്തെ ഉയർന്ന നിലയിലെത്തി. ബ്രെന്റ് ക്രൂ‍ഡിന് ബാരലിന് 80.94 ഡോളർ വരെയെത്തി. 2014 നവംബറിനു ശേഷമുള്ള ഉയർന്ന വിലയാണിത്.

ഉൽപാദനം വർധിപ്പിച്ച് വില കുറയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഒപെകും ഒപെക് ഇതര എണ്ണ ഉൽപാദകരിൽ പ്രധാനിയായ റഷ്യയും തള്ളിയിരുന്നു. യുഎസ് ഉപരോധത്തെ തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വെനസ്വേല, ലിബിയ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.

ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യതയിലെ കുറവു പൂർണമായും നികത്താൻ ഒപെക് രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചാൽ പോലും സാധ്യമായേക്കില്ല. സൗദിക്കും റഷ്യയ്ക്കും മാത്രമാണ് ഉൽപാദനം ഗണ്യമായി വർധിപ്പിക്കാനുള്ള സൗകര്യങ്ങൾ നിലവിലുള്ളത്. എന്നാൽ, വിപണിയിൽ മികച്ച വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമേ ഈ രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കൂ.

ഇറാനെതിരെയുള്ള യുഎസ് ഉപരോധം പൂർണമായി പ്രാബല്യത്തിൽ വരുന്നതു നവംബർ നാലിനാണ്. ഇതു ഫലം കണ്ടാൽ ഇറാനിൽ നിന്നുള്ള എണ്ണലഭ്യത ഇനിയും ഇടിയും. രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കാൻ ഇത് ഇടയാക്കിയേക്കും. ശൈത്യകാലമാകുന്നതോടെ ലോകത്തെ മൊത്തം എണ്ണയാവശ്യത്തിലും വർധനയുണ്ടാവും.