Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടലോക്കലാകാൻ ഓൺലൈൻ സ്ട്രീമിങ്

Online Streaming

ലോകോത്തരമായ കട്ടലോക്കൽ; ഓൺലൈൻ സംഗീത, വിഡിയോ ഉള്ളടക്ക (ഡിജിറ്റൽ കണ്ടന്റ്) നിർമാതാക്കൾക്കിടയിൽ പ്രാദേശിക പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുള്ള മൽസരം മുറുകുകയാണ്. നാർക്കോസ്, സ്ട്രെയിഞ്ചർ തിങ്സ്, വെസ്റ്റ്വേർഡ് തുടങ്ങിയ വമ്പൻ ഹിറ്റ് ഓൺലൈൻ സ്ട്രീമിങ് പരമ്പരകളുടെ നിരയിലേക്കു മലയാളത്തിലെ ഒരു സീരിയലോ സിനിമയോ ഉടൻ എത്തിയേക്കാം. ഇംഗ്ലിഷ് ഫാന്റസി, കുറ്റാന്വേഷണ പരമ്പരകൾക്കു പിറകെ ഇന്ത്യയിൽ പ്രാദേശിക ഭാഷാ സീരിയലുകളും സിനിമയും നിർമിക്കാൻ ആഗോള ഓൺലൈൻ കണ്ടന്റ് നിർമാതാക്കൾ ഒരുക്കം തുടങ്ങിയെന്നാണു വാർത്ത.

ഇന്ത്യ പശ്ചാത്തലമായി നിർമിച്ച സേക്രട്ട് ഗെയിംസ്, ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ഓൺലൈൻ ഉള്ളടക്കങ്ങൾക്കു വൻ സ്വീകാര്യതയാണു ലഭിച്ചത്. ഇന്ത്യയിലെ ടെലികോം ഭീമന്മാരും പ്രാദേശിക ഉള്ളടക്ക നിർമാണത്തിനു നേരിട്ടു മുതൽമുടക്കുകയാണ്. പ്രിയങ്ക ചോപ്രയുടെ പർപ്പിൾ പെബിൾ എന്ന നിർമാണ കമ്പനി മറാത്തി, ബോജ്പുരി, പഞ്ചാബി, സിക്കിം ഭാഷകളിൽ മാത്രം സിനിമകൾ നിർമിച്ചു വിജയം കൊയ്യുന്നതും പ്രാദേശിക ഉള്ളടക്ക വിപണിയിൽ വമ്പൻമാരോടൊപ്പം വ്യക്തികളും അരയും തലയും മുറുക്കി പോരാട്ടത്തിനുണ്ട് എന്നു തെളിയിക്കുന്നു. ബംഗാളിലെ ഹൊയിചോയി എന്ന സ്ട്രീമിങ് സൈറ്റ് വിജയകരമായി മുന്നേറുന്നതും മലയാളത്തിലടക്കം ചെറുമീനുകൾക്കു സാധ്യതകൾ തുറന്നിടുകയാണ്.

ലോകപ്രശസ്ത നിർമാതാക്കളായ മാർവൽ സ്റ്റുഡിയോ അവരുടെ അടുത്ത സൂപ്പർ ഹീറോ മുംബൈ അല്ലെങ്കിൽ ന്യൂഡൽഹി കേന്ദ്രീകരിച്ചുള്ള നായകനായിരിക്കുമെന്നു സൂചന നൽകിയിട്ടുണ്ട്. പത്തും പതിനഞ്ചും മിനിറ്റ് ദൈർഘ്യമുള്ള പ്രാദേശിക സീരിയലുകൾക്കാണു മാർവൽ സ്റ്റുഡിയോ കൂടുതൽ പ്രാധാന്യം നൽകുകയെന്നും അറിയിച്ചിട്ടുണ്ട്.
നിലവിൽ അഞ്ചു പ്രാദേശിക ഭാഷകളിൽ മാത്രം ലഭ്യമായ ആമസോൺ പ്രൈം സേവനം ഉടൻ കൂടുതൽ ഭാഷകളിലേക്കു വ്യാപിപ്പിക്കും. തെലുങ്കിൽ നിർമിച്ച വെബ്സീരീസ് ‘ഗാങ്ങ് സ്റ്റാഴ്സ്’ വൻ വിജയമായതിന്റെ പശ്ചാത്തലത്തിൽ തമിഴിൽ ഒരു വെബ്സീരീസ് ഈ വർഷം തന്നെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ആമസോൺ.

കൊമ്പുകോർത്ത് ടെലികോം കമ്പനികൾ

പ്രദേശിക ഉള്ളടക്ക നിർമാണത്തിനു ടെലികോം മേഖലയിൽ പ്രധാനമായും കൊമ്പുകോ‍ർക്കുന്നത് റിലയൻസ് ജിയോയും എയർടെല്ലുമാണ്. ജിയോ സ്വന്തമായിത്തന്നെയാണു പ്രാദേശിക ഭാഷയിലുള്ള ഉള്ളടക്കങ്ങൾ നിർമിക്കുന്നത്. കൂടാതെ പ്രാദേശിക നിർമാണ കമ്പനികളിൽ ഓഹരി പങ്കാളിത്തവും തേടുന്നുണ്ട്. ഇറോസ് ഇന്റർനാഷനലിന്റെ അഞ്ചു ശതമാനം ഓഹരി വാങ്ങുമെന്നു റിലയൻസ് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്. എന്നാൽ, എയർടെൽ പ്രാദേശിക സംഗീതം, വിഡിയോ എന്നീ ഉള്ളടക്കങ്ങളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്സ്റ്റാർ, സോണി ലിവ് എന്നിവയുമായി കൈകോർക്കുകയാണ്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ നിർമാണ കമ്പനികളുമായി എയർടെൽ വിഡിയോ നിർമാണത്തിനായി ധാരണയിലെത്തിക്കഴിഞ്ഞു. ഇതുകൂടാതെ പ്രമുഖ പ്രാദേശിക സംഗീതഞ്ജരുടെ എക്സ്ക്ലൂസീവ് പാട്ടുകളും എയൽടെല്ലിന്റെ വിങ്ക് മ്യൂസിക് ആപ്പിലൂടെയും ലഭ്യമാക്കും.

പ്രദേശങ്ങൾ തിരിച്ച് ഉള്ളടക്കം കൊടുക്കുക എന്നതിനു വിപരീതമായി, ഉപഭോക്താവിനെ പഠിച്ച്, അഭിരുചികൾ നിറവേറ്റുകയാണു ടെലികോം കമ്പനികൾ ചെയ്യുന്നത്.
ഡൽഹിയിൽ ഏറ്റവും കൂടുതൽ ആളുകൾ കേൾക്കുന്നത് ബോളിവുഡ് പാട്ടുകൾക്കു പകരം ഭോജ്പുരിയും ഹരിയാൻവിയും ആണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്.