Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശ വനിതകൾ; രാജ്യത്തെ വനിതാ പൈലറ്റുമാരുടെ എണ്ണം ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ

women-pilot

ഇന്ത്യയിലെ വനിതകൾക്ക് അഭിമാനിക്കാനൊരു കാര്യംകൂടി. രാജ്യത്തെ വനിതാ പൈലറ്റുമാരുടെ എണ്ണം ആഗോള ശരാശരിയുടെ ഇരട്ടിയിലേറെയായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലാണ് ഏറ്റവും ഉയർന്ന വനിതാ പൈലറ്റ് അനുപാതമുണ്ടായിരുന്നത്.  ഇന്റർനാഷനൽ സൊസൈറ്റി ഓഫ് വിമൻ എയർലൈൻ പൈലറ്റ്സിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. റിപ്പോർട്ട് പ്രകാരം ലോകത്താകെ 1,51,624 പൈലറ്റുമാരുള്ളതിൽ 5.4% മാത്രമാണ് വനിതകൾ. അതായത് 8187 പേർ. ഇതിൽത്തന്നെ 2190 പേർ മാത്രമാണ് ക്യാപ്റ്റൻമാർ.

ഇന്ത്യയിൽ ഏതാണ്ട് 8800 പൈലറ്റുമാരുള്ളതിൽ 1092 പേർ വനിതകളാണ്. അതായത് 12.4%. ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ. 385 പേർ ക്യാപ്റ്റൻമാരുമാണ്. ആഗോളതലത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വനിതാ പൈലറ്റുമാരുടെ എണ്ണം കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇക്കാലയളവിൽ വനിതാ പൈലറ്റുമാർ കൂടി. 2016ൽ ലോകത്ത് വനിതാ പൈലറ്റുമാരുടെ അനുപാതം 5.9 ശതമാനമായിരുന്നതാണ് 2018ൽ 5.4 ആയി കുറഞ്ഞത്. ഇന്ത്യയിൽ 2016ൽ വനിതാ പൈലറ്റുമാരുടെ അനുപാതം 11 ശതമാനമായിരുന്നതാണ് വർധിച്ച് 12.4 ശതമാനമായത്.

ഇന്ത്യയിലെ വിവിധ വിമാനക്കമ്പനികളുടെ വനിതാ പൈലറ്റുമാരുടെ അനുപാതമെടുത്താലും ആഗോള ശരാശരിയെക്കാൾ വളരെ ഉയർന്ന നിരക്കാണുള്ളതെന്നുകാണാം. ഇക്കാര്യത്തിൽ ലോകത്തെ വിമാനക്കമ്പനികൾക്കിടയിൽ ഒന്നാം സ്ഥാനത്തുള്ളത് ഡൽഹിയിലെ സൂം എയർ ആണ്. അവർക്കാകെ 30 പൈലറ്റുമാരുള്ളതിൽ ഒൻപതും വനിതകളാണ്.  ഇൻഡിഗോയിലെ 2400 പൈലറ്റുമാരുള്ളതിൽ 13.8%, അതായത് 330 പേർ വനിതകളാണ്. ജെറ്റ് എയർവേയ്സിൽ 1867 പൈലറ്റുമാരുള്ളതിൽ 231 പേർ(12.4%), 1710 പൈലറ്റുമാർ ജോലി ചെയ്യുന്ന എയർഇന്ത്യയിൽ 217 പേർ (12.7%), സ്പൈസ് ജെറ്റിലെ 853 പൈലറ്റുമാരിൽ 113 പേർ (13.2%) എന്നിങ്ങനെയാണു വനിതാപങ്കാളിത്തം.

അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻസിലാണ് ലോകത്ത് ഏറ്റവുമധികം വനിതാ പൈലറ്റുമാർ ഉള്ളത്– 940. ഇതിൽ 299 പേർ ക്യാപ്റ്റൻമാരാണ്. അമേരിക്കൻ എയർലൈൻസിൽ 626 വനിതാ പൈലറ്റുമാരിൽ 152പേരും ഡെൽറ്റ എയർലൈൻസിൽ 692 വനിതാ പൈലറ്റുമാരിൽ121 പേരുമാണ് ക്യാപ്റ്റൻമാരായുള്ളത്. ലുഫ്താൻസയിലെ 375 വനിതാ പൈലറ്റുമാർ കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം ഇന്ത്യൻ കമ്പനിയായ ഇൻഡിഗോയ്ക്കാണ്. ഇന്ത്യയിൽ വനിതാ പൈലറ്റുമാരുടെ എണ്ണത്തിൽ വലിയ വളർച്ചയുണ്ടായത് 5 വർഷം കൊണ്ടാണ്. ഇൻഡിഗോയിൽ 2013ൽ 80 വനിതാ പൈലറ്റുമാർ മാത്രമാണുണ്ടായിരുന്നത്.