Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ വിക്ഷേപണത്തിൽ 71 ഉപഗ്രഹങ്ങൾ; ദൗത്യത്തിൽ മലയാളിയുടെ ഉപഗ്രഹവും

chris-nair ക്രിസ് നായർ

തിരുവനന്തപുരം∙ ഒറ്റ വിക്ഷേപണത്തിൽ 71 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനായി ഇലോൺ മസ്കിന്റെ എയ്റോ സ്പേസ് കമ്പനിയായ സ്പേസ് എക്സ് നടത്തുന്ന ചരിത്രദൗത്യത്തിൽ മലയാളി യുവാവിന്റെ സ്റ്റാർട്ടപ് വികസിപ്പിച്ച ഉപഗ്രഹവും. നെയ്യാറ്റിൻകര സ്വദേശി ക്രിസ് നായരുടെ എക്സീഡ് സ്പേസ് വികസിപ്പിച്ച എക്സീഡ്സാറ്റ്–1 നാനോ ഉപഗ്രഹമാണു 19നു കാലിഫോർണിയയിലെ വാൻഡെൻബെർഗ് എയർഫോഴ്സ് ബേസിൽനിന്നു ഫാൽക്കൺ 9 റോക്കറ്റിൽ കുതിച്ചുയരുക.

2017 ഫെബ്രുവരിയിൽ ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച് ഐഎസ്ആർയുടെ ദൗത്യത്തിനു ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഒരുമിച്ചു വിക്ഷേപിക്കുന്ന ദൗത്യമാണു സ്പേസ് എക്സിന്റെ എസ്എസ്ഒ മിഷൻ. 29 ഉപഗ്രഹങ്ങളാണ് ഇതുവരെ യുഎസ് ഒരുമിച്ചു വിക്ഷേപിച്ചിട്ടുള്ളത്.

പൂർണമായും സ്വകാര്യമേഖലയിൽ വികസിപ്പിച്ചു വിക്ഷേപിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹമായിരിക്കും എക്സീഡ്സാറ്റ്–1. ഹാം റേഡിയോ ഓപ്പറേറ്റർമാർ‌ക്കു വേണ്ടിയാണ് ഒരു കിലോഗ്രാം ഭാരമുള്ള നാനോ ഉപഗ്രഹം വികസിപ്പിച്ചത്. നീളം, വീതി, ഉയരം എന്നിവ 10 സെന്റിമീറ്റർ വിതമാണ്. മുംബൈയിലും ഹൈദരാബാദിലുമായി 8 മാസം കൊണ്ടാണ് ഉപഗ്രഹം വികസിപ്പിച്ചത്.