Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിസർവ് ബാങ്ക് യോഗം ഇന്ന്; വെടിനിർത്തുമോ, വീണ്ടും വെടി പൊട്ടുമോ ?

urjit-jaitley

കൊച്ചി ∙ കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്‌ചാത്തലത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ നിർണായക ബോർഡ് യോഗം ഇന്ന്. ചില കാര്യങ്ങളിൽ ഒത്തുതീർപ്പുണ്ടായേക്കാമെങ്കിലും ശാശ്വതമായ വെടിനിർത്തലിനു സാധ്യത വിദൂരമാണെന്നു സാമ്പത്തിക നിരീക്ഷകർ കരുതുന്നു. നിരീക്ഷകർക്കു പുറമെ ഓഹരി, കടപ്പത്ര, വിദേശനാണ്യ വിപണികളും യോഗതീരുമാനങ്ങൾക്കു കാതോർക്കുകയാണ്.

ബാങ്കുകൾ, ബാങ്ക് ഇതര ധനസ്‌ഥാപന (എൻബിഎഫ്‌സി) ങ്ങൾ, ഭവന വായ്‌പക്കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയ്‌ക്കും യോഗതീരുമാനങ്ങൾ നിർണായകമായേക്കും. ആർബിഐയുടെ വായ്‌പ നയ സമിതി (എംപിസി) യോഗങ്ങൾക്കു മാത്രമായിരുന്നു എക്കാലത്തും പ്രാധാന്യം. ബോർഡ് യോഗത്തിനു വാർത്താപ്രാധാന്യം കൈവന്നിരിക്കുന്നത് ആദ്യം.

ബോർഡിൽ 18 അംഗങ്ങളാണുള്ളത്. ഗവർണറും നാലു ഡപ്യൂട്ടി ഗവർണർമാരും സർക്കാരിന്റെ രണ്ടു പ്രതിനിധികളുമൊഴികെയുള്ളവർ സ്വതന്ത്രാംഗങ്ങളാണ്. പൊതുസമ്മതത്തിന്റെ അടിസ്‌ഥാനത്തിലാണു ബോർഡ് തീരുമാനങ്ങളെടുക്കുക.  എന്നാൽ ഇന്നത്തെ യോഗത്തിൽ ചില തീരുമാനങ്ങളിലെത്താൻ വോട്ടെടുപ്പു വേണ്ടിവന്നേക്കാം. അങ്ങനെവന്നാൽ അത് ആർബിഐയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും. ഡപ്യൂട്ടി ഗവർണർമാർക്കു വോട്ടവകാശമില്ല. എന്നാൽ ഗവർണർക്കു സെക്കൻഡ് / കാസ്‌റ്റിങ് വോട്ട് രേഖപ്പെടുത്താം.

കേന്ദ്ര ബാങ്കും കേന്ദ്ര സർക്കാരും തമ്മിലെ  പ്രധാന തർക്കപ്രശ്‌നങ്ങൾ:

∙ പൊതുമേഖലയിലെ 11 ബാങ്കുകൾക്കും സ്വകാര്യ മേഖലയിലെ ധനലക്ഷ്‌മി ബാങ്കിനും ആർബിഐ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണം. വായ്‌പകൾ അനുവദിക്കുന്നതിലെ നിയന്ത്രണത്തിനെങ്കിലും ഇളവ് അനുവദിക്കണമെന്നാണു സർക്കാരിന്റെ നിലപാട്. ആർബിഐക്ക് ഇതിനോടു യോജിപ്പില്ല.

∙ പണലഭ്യതയിലെ ഇടിവ് എൻബിഎഫ്‌സികൾ, ഭവനവായ്‌പക്കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. ഇവയ്‌ക്കായി പ്രത്യേക പുനർവായ്‌പ സംവിധാനം ഏർപ്പെടുത്തണമെന്ന സർക്കാർ നിലപാടിനോടും ആർബിക്കു വിയോജിപ്പ്.

∙ ആർബിഐയുടെ പക്കൽ 9.6 ലക്ഷം കോടി രൂപ കരുതൽ ശേഖരമായുണ്ട്. ഇത്രയും ഭീമമായ ശേഖരം എന്തിന് എന്നാണു സർക്കാരിന്റെ ചോദ്യം. ആവശ്യങ്ങൾ കണക്കാക്കിയ ശേഷം ബാക്കി തുക സർക്കാരിനു ലഭിക്കണം. പല രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകൾ ആവശ്യം കഴിഞ്ഞുള്ള തുക സർക്കാരിനു കൈമാറുന്നു. ഇവിടെയും ആ രീതി സ്വീകരിക്കണം. ആവശ്യം എത്രയെന്നു കണക്കാക്കുന്നതിനു മാനദണ്ഡം ഏർപ്പെടുത്തണമെന്നാണു സർക്കാർ നിലപാട്.

∙ പൊതുമേഖലാ ബാങ്കുകളുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ ഘടന, പേയ്‌മെന്റ് സംവിധാനങ്ങൾക്കു പ്രത്യേക നിയന്ത്രണാധികാരി, ആർബിഐയിൽനിന്നു സർക്കാരിനു ലഭിക്കുന്ന ലാഭവീതം, ആർബിഐയുടെ വിവിധ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതികൾ എന്നിങ്ങനെ തർക്കപ്രശ്‌നങ്ങൾ വേറെയുമുണ്ട്.