Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഷുറൻസിന്റെ പ്രാധാന്യം മലയാളികൾ തിരിച്ചറിഞ്ഞു: ഗിരീഷ് രാധാകൃഷ്ണൻ

kerala-rains-floods കേരളത്തെ പ്രതിസന്ധിയിലാക്കിയ പ്രളയക്കെടുതിയിൽനിന്ന്.

കോഴിക്കോട് ∙ പ്രളയത്തിനുശേഷം ഇൻഷുറൻസിന്റെ പ്രാധാന്യത്തെപ്പറ്റി മലയാളികൾക്കു ബോധ്യം വന്നതായി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് സിഎംഡി ഗിരീഷ് രാധാകൃഷ്ണൻ. പ്രളയത്തിൽ 30,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു സർക്കാർ പറയുന്നത്. ഇൻഷുറൻസ് ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ അതുവഴി കേരളത്തെ പുനർനിർമിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിനുശേഷം കേരളത്തിൽനിന്ന് 17,100 ക്ലെയിമുകളാണു യുണൈറ്റഡിനു കിട്ടിയത്. അതിൽ 10,000 എണ്ണത്തിലും തുക നൽകി. ഏകദേശം 620 കോടി രൂപയോളം വിതരണം ചെയ്തു. കൊച്ചി മെട്രോ, വിമാനത്താവളം എന്നിവ പോലെ വലിയ ചില സ്ഥാപനങ്ങളുടെ ക്ലെയിമുകൾ പരിശോധിച്ചു വരുന്നതേയുള്ളൂ. വീടുകളുടേതു മാത്രമായി 6,000 ക്ലെയിമുകളുണ്ടായിരുന്നു.

ജനറൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് (പെനിട്രേഷൻ) നിരക്ക് 0.70% മാത്രമാണ്. വാഹന ഇൻഷുറൻസാണ് ഏറ്റവും കൂടുതൽ പേരെടുക്കുന്നത്. എന്നാൽ, രാജ്യത്തെ 30% വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെന്നാണു കണക്ക്. രണ്ടാമതു നിൽക്കുന്നത് ആരോഗ്യ ഇൻഷുറൻസാണ്. രാജ്യത്ത് 85% പേർക്കും ആരോഗ്യ ഇൻഷുറൻസില്ല.

ബോധവൽക്കരണത്തിലൂടെ മാത്രമേ കൂടുതൽ പേരെ ഇൻഷുറൻസിലേക്കെത്തിക്കാൻ കഴിയൂ. കൂടുതൽ ഏജന്റുമാരെ നിയമിച്ചും ക്യാംപെയ്നുകൾ നടത്തിയും അതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.