Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്ട്രുമെന്റേഷൻ കൈമാറ്റം: കേരളം നൽകേണ്ട തുകയിൽ 11 കോടി രൂപയുടെ വർധന

instrumentation

പാലക്കാട് ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിനു കൈമാറുന്നതിന്റെ ഭാഗമായി കേരളം നൽകേണ്ട തുകയിൽ 11 കോടി രൂപയുടെ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം സ്ഥാപനത്തിലെ ഉത്പാദനം വർധിച്ചതോടെ ആസ്തികളിലുണ്ടായ വർധനയാണ് ഏറ്റെടുക്കൽ തുകയിൽ മാറ്റമുണ്ടാകാൻ കാരണം.

2017 മാർച്ച് 31ലെ കണക്കനുസരിച്ച് 53.02 കോടി രൂപയാണ് കേരളം നൽകേണ്ട വിലയായി നിശ്ചയിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 64 കോടിയായി. കഴിഞ്ഞമാസം ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് ഈ വർഷം സെപ്റ്റംബർ 30ലെ സ്ഥിതി വിവരം അടിസ്ഥാനമാക്കി വില കണക്കാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം നടത്തിയ കണക്കെടുപ്പിലാണ് ആസ്തി വർധനയ്ക്ക് അനുസരിച്ചുള്ള വില 64 കോടിയായി നിശ്ചയിച്ചത്. ഓഡിറ്റ് നടപടികൾ പൂർത്തിയായാൽ തുക ഔദ്യോഗികമായി പ്രഖ്യാപിക്കും.

പ്രതീക്ഷിച്ചതിനപ്പുറമാണു വർധനയെങ്കിലും ഈ തുക നൽകി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാനാണു സംസ്ഥാന സർക്കാർ തീരുമാനം. സ്ഥാപനം കേരളത്തിനു വിട്ടുനൽകാനുള്ള തീരുമാനമെടുത്തപ്പോൾ ആസ്തിവില നൽകാതെ ഏറ്റെടുത്തു നടത്താമെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. എന്നാൽ, കേന്ദ്രം ഇത് അംഗീകരിക്കാൻ തയാറാകാത്തതിനാൽ വില നൽകിത്തന്നെ ഏറ്റെടുക്കാൻ തയാറാകുകയായിരുന്നു.