Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം: ടെൻഡറായി

Trivandrum-Airport

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനായി എയർപോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചു. അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗുവാഹത്തി, മംഗളൂരു എന്നിവയ്ക്കൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും സ്വകാര്യവൽക്കരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 28ന് കരാർ നൽകും.

പൊതു–സ്വകാര്യ പങ്കാളിത്തത്തിലൂടെ വിമാനത്താവളത്തിന്റെ വികസനം യാഥാർഥ്യമാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. വിമാനത്താവളത്തിന്റെ നടത്തിപ്പിനു പുറമെ ഭാവിവികസനവും കരാർ ഏറ്റെടുക്കുന്ന ഏജൻസികളുടെ അധികാരപരിധിയിൽ വരും. 50 വർഷത്തേയ്ക്കാണ് കരാർ നൽകുക. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയർപോർട്ട് അതോറിറ്റിക്ക് കരാറുകാർ ഫീസ് നൽകണം. യാത്രക്കാരിൽ നിന്ന് യൂസർ ഫീ ഈടാക്കാനുള്ള അധികാരവും കരാറുകാർക്കുണ്ടാകും.

താൽപര്യമുള്ള കരാറുകാർക്കായി ജനുവരി 17ന് പ്രീബിഡ് കോൺഫറൻസ് നടക്കും. സാങ്കേതിക ടെൻഡർ ഫെബ്രുവരി 16നും സാമ്പത്തിക ടെൻഡർ 25നും തുറക്കും. കരാർ നടപടിക്രമങ്ങൾക്കായി രണ്ട് ഉദ്യോഗസ്ഥരെ അതോറിറ്റി നിയോഗിച്ചിട്ടുണ്ട്. താൽപര്യമുള്ള കരാറുകാർക്കു വിവരങ്ങൾ നൽകാനും പരിശോധനയ്ക്കുമായി ഡാറ്റ റൂമും ഒരുക്കും.

സിയാൽ പങ്കെടുക്കും

തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിന്റെ കരാർ ഏറ്റെടുക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയും. ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യതാവ്യവസ്ഥകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അർഹതയുണ്ടെങ്കിൽ തീർച്ചയായും പങ്കെടുക്കുമെന്നും സിയാൽ എംഡി വി.ജെ.കുര്യൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് നടപടി.

1000 കോടി രൂപ ആസ്തിയാണ് കരാറിൽ പങ്കെടുക്കുന്ന കമ്പനികൾക്കുള്ള അടിസ്ഥാന യോഗ്യത. അത് സിയാലിനുണ്ട്. മറ്റു വ്യവസ്ഥകളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സിയാൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിൽ നിന്നു പിന്തിരിയണമെന്നും വികസനം സിയാൽ മാതൃകയിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.