Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിന് കമ്പനിയുമായി സർക്കാർ

trivandrum-airport

തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ദൗത്യകമ്പനി രൂപീകരിക്കുന്നു. ചീഫ് സെക്രട്ടറി ചെയർമാനും ഗതാഗത, ധന സെക്രട്ടറിമാർ ഡയറക്ടർമാരുമായി തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ ഇതു റജിസ്റ്റർ ചെയ്യാൻ കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തി.

ആറു വിമാനത്താവളങ്ങളെ പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രത്യേക ദൗത്യകമ്പനി(എസ്പിവി)യെ നടത്തിപ്പ് ഏൽപിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. നടത്തിപ്പ് അവകാശം നേരിട്ടു നൽകുകയോ ടെൻഡറിൽ ആദ്യ പരിഗണന നൽകുകയോ വേണമെന്നും കേരളം അഭ്യർഥിച്ചു. കൊച്ചി, കണ്ണൂർ രാജ്യാന്തര വിമാനത്താവളങ്ങളുടെ നിർമാണവും നടത്തിപ്പുമാണു കേരളത്തിന്റെ യോഗ്യതയായി ഉയർത്തിക്കാണിച്ചത്.

നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അധ്യക്ഷനായ ഉന്നതാധികാര സമിതിക്കു മുന്നിൽ കേരളത്തിന്റെ യോഗ്യതകൾ സംബന്ധിച്ച റിപ്പോർട്ടും ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ഉന്നതാധികാര സമിതിയുടെ തീരുമാനപ്രകാരം കേരളത്തെ ടെൻഡറിൽ പങ്കെടുപ്പിക്കാനും കേരളം നിരസിച്ചാൽ മാത്രം മറ്റുള്ളവർക്ക് അവസരം നൽകുന്ന സംവിധാനം (റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ) ഏർപ്പെടുത്താനും തയാറാണെന്നു കേന്ദ്രം അറിയിച്ചു. തുടർന്നാണ് എസ്പിവിക്കു രൂപം നൽകാൻ സർക്കാർ തീരുമാനിച്ചത്. 10 ലക്ഷം രൂപയാണ് ഓഹരി മൂലധനം. എയർപോർട്ട് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ കൂടി വിലയിരുത്തിയ ശേഷം കമ്പനിയുടെ ഘടനയ്ക്ക് അന്തിമരൂപം നൽകും.

ടെൻഡർ മാനദണ്ഡങ്ങൾ പാലിക്കുന്ന സിയാലിന്റെ പങ്കാളിത്തത്തോടെയായിരിക്കും ടെൻഡറിൽ പങ്കെടുക്കുക. സിയാലിനു പുറമെ കിയാൽ, കെഎസ്ഐഡിസി, കിഫ്ബി, നാഷനൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവർക്കും എസ്പിവിയിൽ ഓഹരിപങ്കാളിത്തം നൽകും.