Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മോളല്ല, ഇസാഫ് ഇനി ഷെഡ്യൂൾഡ് ബാങ്ക്

esaf-bank

കൊച്ചി ∙ തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു ഷെഡ്യൂൾഡ് ബാങ്ക് എന്ന നിലയിൽ പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ അനുമതി. ഇതോടെ കേരളം ആസ്ഥാനമായുള്ള സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കുകളുടെ എണ്ണം അഞ്ചായി. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയാണു മറ്റുള്ളവ. ബാങ്ക് ഇതര ധനസ്ഥാപന (എൻബിഎഫ്സി) മായി പ്രവർത്തിച്ചുപോന്ന ഇസാഫ് മൈക്രോഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടു വർഷം മുമ്പാണു സ്മോൾ ഫിനാൻസ് ബാങ്ക് എന്ന നിലയിലേക്കു മാറിയത്.

135 ശാഖകൾ ഉൾപ്പെടെ നാനൂറിലേറെ കേന്ദ്രങ്ങളിൽ സാന്നിധ്യമുള്ള ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സെപ്റ്റംബർ 30ന് അവസാനിച്ച അർധവർഷത്തിൽ 24 കോടി രൂപ അറ്റാദായം നേടുകയുണ്ടായി. രണ്ടു വർഷത്തിനകം ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) നടത്താൻ ലക്ഷ്യമിടുന്ന ബാങ്കിന്റെ ഇപ്പോഴത്തെ ബിസിനസ് 7930 കോടി രൂപയുടേതാണ്.

ഷെഡ്യൂൾഡ് ബാങ്കായി മാറുന്നതു ബാങ്കിൽ നിക്ഷേപകർക്കുള്ള വിശ്വാസം വർധിപ്പിക്കാൻ സഹായകമാകും. ആർബിഐയിൽനിന്നു ദീർഘകാല വായ്പ ലഭിക്കുമെന്നതാണു മറ്റൊരു നേട്ടം. ഷെഡ്യൂൾഡ് ബാങ്ക് എന്ന നിലയിൽ ക്‌ളിയറിങ് ഹൗസ് അംഗത്വം ലഭിക്കുകയും ചെയ്യും. കറൻസി ചെസ്റ്റ് സൗകര്യത്തിനും ബാങ്ക് അർഹത നേടും.

ഷെഡ്യൂൾഡ് ബാങ്ക് എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമ (1934) ത്തിന്റെ രണ്ടാം പട്ടികയിൽ പെടുത്തിയിട്ടുള്ള ബാങ്കുകളാണു ഷെഡ്യൂൾഡ് ബാങ്കുകൾ എന്ന് അറിയപ്പെടുന്നത്. അടച്ചുതീർത്ത മൂലധനം, ഉടമസ്ഥത തുടങ്ങിയ കാര്യങ്ങളിൽ നിയമത്തിലെ നിബന്ധനകൾ പാലിക്കുന്ന ബാങ്കുകൾക്കു മാത്രമാണു പട്ടികയിൽ സ്ഥാനം. ആർബിഐയിൽ നിശ്ചിത അനുപാതത്തിൽ കരുതൽധനം സൂക്ഷിക്കാൻ ഷെഡ്യൂൾഡ് ബാങ്കിനു ബാധ്യതയുണ്ട്. നിശ്ചിത കാലയളവിൽ ആർബിഐക്കു റിട്ടേൺ സമർപ്പിക്കേണ്ടതുമാണ്.