അടുപ്പിൽ വെന്തുതീരാതെ ആ കൊലപാതക കഥ

സുശീല്‍ ശര്‍മ (ഫയൽ ചിത്രം)

1995 ജൂലൈ രണ്ട്, രാത്രി 11 മണി

ഡല്‍ഹി കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ കൊല്ലം ഓച്ചിറ സ്വദേശി അബ്ദുൽ നസീര്‍ കുഞ്ഞിനും ഹോംഗാര്‍ഡ് ചന്ദ്രപാലിനും അന്നു ഡ്യൂട്ടി അശോക റോഡിലായിരുന്നു. തെരുവുകൾ ശാന്തം. നിരത്തുകളിൽ വലിയ ആളനക്കമില്ല. പെട്ടെന്നാണ് ഹോട്ടലിനു തീപിടിച്ചു എന്ന് ആരോ ഉറക്കെ വിളിച്ചു പറയുന്നത് അവര്‍ കേട്ടത്.

അബ്ദുൽ നസീര്‍ കുഞ്ഞും സഹപ്രവർത്തകനും സ്ഥലത്തേക്കു പാഞ്ഞു. റോഡിനരികിലെ റസ്‌റ്ററന്റില്‍ നിന്നാണ് തീയും പുകയും. ഫയർഫോഴ്സിനെ അറിയിക്കാൻ ടെലിഫോൺ ബൂത്തുകളൊന്നും തൊട്ടടുത്ത് ഇല്ല. സഹപ്രവർത്തകനെ ഹോട്ടലിനുള്ളിലേക്ക് അയച്ചശേഷം അബ്ദുൽ നസീർ കുഞ്ഞ് വയർലസ് വഴി വിവരം നൽകാനായി ഓഫിസിലേക്ക് ഓടി.

അബ്ദുൽ നസീര്‍ കുഞ്ഞ് (ഫയൽ ചിത്രം)

ഫയർഫോഴ്സിനെ അറിയിച്ചശേഷം തിരിച്ചെത്തിയപ്പോഴേക്കു പുക കനത്തിരുന്നു. ഹോട്ടലിലേക്കു കടന്ന പൊലീസുകാർക്കു കാണാൻ കഴിഞ്ഞത് തന്തൂരി അടുപ്പിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനു പകരം വീണ്ടും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന കേശവ് കുമാറിനെയാണ്. തീ കത്തിക്കുന്നതിനു വിശദീകരണം ചോദിച്ച പൊലീസിനോട്, പാര്‍ട്ടിയുടെ പഴയ നോട്ടിസുകളും ബാനറുകളും നശിപ്പിക്കുകയാണെന്നാണ്  കോൺഗ്രസ് പ്രവർത്തകനായ കേശവ് കുമാർ പറഞ്ഞത്. തൊട്ടടുത്ത് ഗേറ്റിനോടു ചേർന്ന െടന്റിൽ മറ്റൊരാൾ നൽക്കുന്നുണ്ടായിരുന്നു, ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മ. നോട്ടിസ് കത്തിക്കുകയാണെന്നാണ് അയാളും പറഞ്ഞത്. 

തീയുംപുകയും കണ്ട് ഓടിക്കൂടിയവർ ബക്കറ്റുകളിൽ വെള്ളമെത്തിച്ചു തീകെടുത്തിയശേഷം പിരിഞ്ഞുപോയി. എന്നാല്‍, സംശയം തോന്നിയ നസീര്‍ കുഞ്ഞ് സ്ഥലത്തു വിശദമായ പരിശോധന നടത്തി. രൂക്ഷഗന്ധം ഉണ്ടായത് സംശയത്തിനിടയാക്കി. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് അടുപ്പില്‍ ഒരു സ്ത്രീയുടെ പാതി വെന്ത ശരീരഭാഗങ്ങള്‍ നസീർകുഞ്ഞ് കണ്ടത്. പകുതി കത്തിയ ശരീരത്തിന്റെ കാലുകൾ പുറത്തുകാണാമായിരുന്നു. ശരീരാവശിഷ്ടങ്ങൾ  തണ്ടൂരി അടുപ്പിന്റെ പുറകുവശത്ത് ചിതറിക്കിടപ്പുണ്ടായിരുന്നു. അടുപ്പിന് അരികിലായി രക്തം പുരണ്ട കറുത്ത കവറും കണ്ടെത്തി. കേശവ് കുമാറിനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർ മേലധികാരികളെ വിവരം അറിയിച്ചു. ഇതിനിടയിൽ സുശീല്‍ ശര്‍മ ഓടി രക്ഷപ്പെട്ടിരുന്നു. എസിപി അലോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി. പിന്നീടുള്ള അന്വേഷണത്തിലാണ് സുശീല്‍ ശര്‍മയുടെ ഭാര്യ നൈന സാഹ്നിയാണ് കൊല്ലപ്പെട്ടത് എന്നു കണ്ടുപിടിച്ചത്. സുശീലും ഭാര്യയും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ഡൽഹി യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന സുശീൽ ശർമ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുമായും ഉന്നതരുമായും അടുത്ത ബന്ധമുള്ളയാളായിരുന്നു. രാഷ്ട്രീയത്തിൽ വലിയ ഉയർച്ചകൾ അയാൾ ആഗ്രഹിച്ചിരുന്നു. ഇതിനിടയിലാണ് നൈന സാഹ്നിയുമായി അടുപ്പത്തിലാകുന്നതും അടുപ്പം വിവാഹത്തിലെത്തുന്നതും. എന്നാൽ, പൂർവകാമുകനുമായി നൈന ബന്ധം തുടരുന്നുണ്ടെന്ന സുശീലിന്റെ കണ്ടെത്തൽ ബന്ധത്തിൽ വിള്ളലുണ്ടാക്കി. ഒടുവിലതു കൊലപാതകത്തിൽ കലാശിച്ചു.

നൈനയുടെ പ്രണയം

ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ അംഗങ്ങളായിരുന്ന നൈനയും മത്‌ലൂബ് കരീമും പ്രണയത്തിലായിരുന്നു. വ്യത്യസ്ത മതത്തില്‍ പെട്ടവരായതിനാൽ വിവാഹ ജീവിതം സാധ്യമാവില്ല എന്നു തിരിച്ചറിഞ്ഞ് ഇവര്‍ സുഹൃത്തുക്കളായി തുടരാൻ‌ തീരുമാനിച്ചു. അതിനു ശേഷമാണ് സുശീലുമായി നൈന അടുക്കുന്നത്. സുശീലിനെ നേരത്തെ അറിയാമായിരുന്ന മത്‌ലൂബ് ഇവര്‍ തമ്മിലുള്ള വിവാഹത്തെ എതിര്‍ത്തെങ്കിലും 1992 ല്‍ നൈന സുശീലിനെ വിവാഹം കഴിച്ചു. മത്‌ലൂബുമായി ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റി നൈന സുശീലിനോടു പറഞ്ഞിരുന്നു. നൈനയുടെ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ആരംഭിക്കുന്നത് ആറുമാസത്തിനു ശേഷമാണ്. മത്‌ലൂബിന്റേയും നൈനയുടെയും സൗഹൃദം സംശയത്തോടെ നോക്കിക്കണ്ട സുശീല്‍ ഇവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചു. 

1995 ജൂലൈ രണ്ട് രാത്രി

മന്ദിര്‍ മാര്‍ഗിലെ ഫ്‌ളാറ്റിലെത്തിയ സുശീല്‍ കാണുന്നത് ഭാര്യ ആരോടോ ഫോണില്‍ സംസാരിക്കുന്നതാണ്. തന്നെ കണ്ടതും ഫോണ്‍ കട്ട് ചെയ്തത് സുശീലില്‍ കൂടുതല്‍ സംശയം ജനിപ്പിച്ചു. റീഡയല്‍ ചെയ്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ ഫോണ്‍ എടുത്തത് മത്‌ലൂബ് കരീം. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടു. വഴക്കിനൊടുവില്‍ തന്റെ റിവോള്‍വര്‍ എടുത്ത് സുശീല്‍ നൈനയ്ക്കു നേരെ വെടിയുതിര്‍ത്തു; മൂന്നു തവണ. ഒന്നു തലയിലും രണ്ട് കഴുത്തിലും മൂന്നാമത്തേത് മുറിയിലെ എസിയിലുമാണ് കൊണ്ടത്. നൈനയുടെ മരണം സ്ഥിരീകരിച്ച സുശീല്‍, ശരീരം പല കഷ്ണങ്ങളാക്കി സുഹൃത്ത് കേശവ് കുമാര്‍ മാനേജറായ റസ്റ്ററന്റിലെ തന്തൂരി അടുപ്പിലിട്ടു കത്തിച്ചു. 

ഒമ്പതാം ദിനം കീഴടങ്ങല്‍

ഹോട്ടലില്‍നിന്ന് ഓടി രക്ഷപ്പെട്ട സുശീല്‍ ഒമ്പതാം ദിവസം കീഴടങ്ങി. കൊലപാതകം നടത്തിയ ദിവസം സുഹൃത്തും ഐഎഎസ് ഓഫിസറുമായ ഡി.കെ.റാവുവിന്റെ കൂടെ ഗുജറാത്ത് ഭവനില്‍ താമസിച്ച സുശീല്‍ രണ്ടാം ദിനം ജയ്പൂരിലേക്കും അവിടെനിന്നു മുംബൈയിലേക്കും പിന്നീടു ചെന്നൈയിലേക്കും കടന്നു. പിന്നീട് ബെംഗളൂരുവിലെത്തിയ സുശീല്‍ അവിടെവച്ചാണ് പൊലീസിനു കീഴടങ്ങിയത് 

സുശീല്‍ ശര്‍മ (ഫയൽ ചിത്രം)

സാഹചര്യത്തെളിവുകള്‍ മാത്രം

നൈനയുടെ കൊലപാതകം സുശീലാണു നടത്തിയതെന്നു സ്ഥാപിക്കാന്‍ വേണ്ട തെളിവുകളൊന്നും പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. സാഹചര്യ തെളിവുകള്‍ മാത്രം വെച്ചാണ് പ്രോസിക്യൂഷന്‍ വാദം ആരംഭിച്ചത്. എന്നാല്‍ പ്രോസിക്യൂഷനെ ഞെട്ടിച്ചുകൊണ്ട്, നൈനയെ കല്യാണം കഴിച്ചിട്ടില്ലെന്നും മരണം നടന്ന ഫ്‌ളാറ്റിലല്ല താമസിക്കുന്നതെന്നും സുശീല്‍ പറഞ്ഞു. ഫ്‌ളാറ്റിലെ മറ്റു താമസക്കാരുടെ മൊഴിയും രഹസ്യ വിവാഹം കഴിച്ചു എന്ന് നൈന തന്നോടു വെളിപ്പെടുത്തിയതായുള്ള മത്‌ലൂബിന്റെ മൊഴിയുമാണ് ഈ വാദത്തെ ഖണ്ഡിച്ചത്. 

കൂടാതെ, പോസ്റ്റുമോര്‍ട്ടത്തില്‍ സുശീലിന്റെ പക്കല്‍നിന്നു പോലീസ് കണ്ടെടുത്ത തോക്കിലെ വെടിയുണ്ട തന്നെയാണ് നൈനയുടെ ശരീരത്തില്‍നിന്നു ലഭിച്ചതെന്ന തെളിവും നിര്‍ണായകമായി. 1995 ഓഗസ്റ്റ് ഒന്നിനു വാദം ആരംഭിച്ച കേസിന്റെ വിധി വരുന്നത് എട്ടു വര്‍ഷത്തിനു ശേഷം 2003 ൽ‍. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞ സുശീല്‍ ശര്‍മയ്ക്ക് വധശിക്ഷയും തെളിവു നശിപ്പിക്കാന്‍ കൂട്ടു നിന്ന കേശവ് കുമാറിന് ഏഴുവര്‍ഷത്തെ തടവുമാണ് വിചാരണക്കോടതി വിധിച്ചത്. സുശീല്‍ സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വാദങ്ങള്‍ക്കൊടുവില്‍ 2007 ല്‍ ശിക്ഷ ശരിവച്ചു. 

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും അതുകൊണ്ടു വധശിക്ഷ ഒഴിവാക്കണമെന്നും സാഹചര്യത്തെളിവുകള്‍ മാത്രമാണ് ശിക്ഷയ്ക്കു പരിഗണിച്ചതെന്നും കാണിച്ച് സുശീല്‍ ശര്‍മ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതി ശിക്ഷ കുറച്ചത്. സമൂഹത്തിനെതിരായ കുറ്റകൃത്യമല്ലെന്നും ഭാര്യയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളായിരുന്നു ഇതെന്നും കോടതി വിലയിരുത്തി.

ഇരുപതു വർഷത്തിനിടെ ഒരു തവണപോലും സുശീലിനു പരോൾ ലഭിച്ചില്ല. അതിനുശേഷം ജയിലിൽനിന്നു പുറത്തിറങ്ങിയ സുശീൽ, ഒരു നിമിഷത്തെ തെറ്റായ ചിന്ത തന്റെ വിലപ്പെട്ട ഇരുപതു വർഷം നഷ്ടപ്പെടുത്തിയെന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്. 

അബ്ദുൽ നസീര്‍ കുഞ്ഞ് (ഫയൽ ചിത്രം)

കൊലപാതകം കണ്ടുപിടിച്ച അബ്ദുൽ നസീര്‍ കുഞ്ഞ് മാധ്യമങ്ങളിലൂടെ താരമായി. പക്ഷേ, പിന്നീടുള്ള ഔദ്യോഗിക ജീവിതം ദുരിതപൂർണമായിരുന്നു. സംഭവം നടക്കുമ്പോൾ 28 വയസായിരുന്നു കുഞ്ഞിന്. അഞ്ചുലക്ഷം രൂപയും സ്ഥാനക്കയറ്റവുമായിരുന്നു ഡിപ്പാർട്ട്മെന്റ് വാഗ്ദാനം. എന്നാൽ, 1999 ലെ സ്ഥാനക്കയറ്റ പട്ടികയിൽ കുഞ്ഞ് ഇടംപിടിച്ചില്ല. ഇതിനെതിരെ നിരവധി പരാതികൾ അധികൃതർക്കു നൽകിയെങ്കിലും നടപടിയുണ്ടായില്ല. കോടതിയിലും കേസുകളുണ്ടായി. അവഗണനകളിൽ മനംമടുത്ത് 2012ൽ അദ്ദേഹം സർവീസിൽനിന്നു സ്വയം വിരമിച്ചു.