റിപ്പർ ജയാനന്ദൻ: പണത്തിനായി ആരെയും കൊല്ലും; വള എടുത്തത് കൈ വെട്ടി മാറ്റി

2005 ഓഗസ്‌റ്റ് ഒന്ന്

എറണാകുളം ജില്ലയിലെ പറവൂർ ടൗണിലെ ബവ്‌റിജസ് കോർപറേഷന്റെ ചില്ലറ വിൽപ്പനശാല ജീവനക്കാരൻ നന്ത്യാട്ടുകുന്നം അച്ചൻചേരിൽ സുഭാഷകനെ (53) ജോലിക്കിടെ രാത്രി അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയതു ഞെട്ടലോടൊണു ജനം കേട്ടത്. ഒന്നാം തീയതി മദ്യവിൽപനശാലയ്ക്ക് അവധിയായതിനാൽ ലക്ഷക്കണക്കിനു രൂപ ഷോപ്പിൽ ഉണ്ടാകുമെന്ന തിരിച്ചറിവോടെയാണു പ്രതി എത്തിയതെന്നു പൊലീസ് ഉറപ്പിച്ചു.

വിൽപനശാലയുടെ പിന്നിലെ മതിൽ കുത്തിത്തുരന്നു കവർച്ചയ്ക്കു ശ്രമം നടത്തിയതായി അന്വേഷണത്തിൽ മനസിലായി. മതിൽ വളരെ കുറച്ചു മാത്രമേ തുരന്നിരുന്നുള്ളൂ. വിൽപനശാലയുടെ മുകളിലേയ്ക്കുള്ള ചവിട്ടുപടിയിൽവച്ചാണു സുഭാഷകനു വെട്ടേറ്റത്. ഷോപ്പിൽ കവർച്ച നടത്തിയിരുന്നില്ല. രാത്രി പട്രോളിങ്ങിനിടെ എത്തിയ പൊലീസുകാരാണു സുഭാഷകനെ ആശുപത്രിയിൽ എത്തിച്ചശേഷം വീട്ടിൽ വിവരമറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടിൽ സമരങ്ങൾ നടന്നു. മൂന്നു മാസം കഴിഞ്ഞപ്പോൾ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ, കൊലപാതകിയെ അവർക്കും കണ്ടെത്താനായില്ല.

2006 ഒക്‌ടോബർ മൂന്ന് 

നാടിനെ നടുക്കി മറ്റൊരു കൊലപാതക വാർത്ത പുറത്തുവന്നു. പുത്തൻവേലിക്കര നെടുമ്പിള്ളി രാമകൃഷ്‌ണന്റെ ഭാര്യ ബേബി (51)െയ കിടപ്പു മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാമകൃഷ്‌ണനെ അക്രമികൾ ഗുരുതരമായി വെട്ടി പരുക്കേൽപ്പിച്ചു. കിടപ്പുമുറിയിൽ ഭാര്യയുടെ മൃതദേഹത്തിനരികെ ബോധം നഷ്‌ടപ്പെട്ട നിലയിലാണ് രാമകൃഷ്‌ണനെ കണ്ടെത്തിയത്.

ആഭരണങ്ങളും പണവും കവർന്നിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മുറിയിൽ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടർ തുറന്നിട്ടു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെപ്പറ്റി വിവരം ലഭിച്ചില്ല. തമിഴ്‌നാട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം. നാട്ടുകാരുടെ നേതൃത്വത്തിലും കൊലയാളിക്കായി തിരച്ചിൽ നടന്നു. പക്ഷേ, എല്ലാ ശ്രമങ്ങളും വിഫലമായി. ജനങ്ങൾ സമരം പ്രഖ്യാപിച്ചു. മറ്റു ഏജൻസികൾ അന്വേഷിക്കട്ടെയെന്നു പ്രഖ്യാപിച്ച് ലോക്കൽ പൊലീസ് പിൻമാറി.

ഇൗ കൊലപാതകം അന്വേഷിക്കുന്നതിനിടയിലാണ് സമാനമായ ചില കൊലപാതകങ്ങളുടെ വിവരങ്ങൾ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. 2004 മാർച്ച് 26നാണ് മാള പള്ളിപ്പുറം കളത്തിപ്പറമ്പിൽ നബീസ(58) മരുമകൾ ഫൗസിയ (22) എന്നിവർ അടിയേറ്റ് കൊല്ലപ്പെട്ടത്. മറ്റൊരു മരുമകളായ നൂർജഹാനും അന്ന് ആക്രമിക്കപ്പെട്ടെങ്കിലും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കമ്പിപ്പാരകൊണ്ട് തലയിലേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. 32 പവനോളം ആഭരണങ്ങൾ നഷ്‌ടപ്പെട്ടു. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്‌തികരമാകാതെ വന്നപ്പോൾ 2004 ഏപ്രിൽ 22ന് കേസ് ക്രൈംബാഞ്ചിനു കൈമാറി. 

പ്രതികളെക്കുറിച്ച് അനേകം ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. അന്വേഷണം കാര്യക്ഷമമാകാതായതോടെ രാഷ്‌ട്രീയ സംഘടനകളും വനിതാ സംഘടനകളും രംഗത്തെത്തി. അന്വേഷണത്തിന് സമ്മർദം ചെലുത്താൻ മാള കേന്ദ്രമായി ആക്ഷൻ കൗൺസിലും രൂപീകരിച്ചു. 2005 ഫെബ്രുവരിയിൽ കേസ് സി.ബി.ഐ. ഏറ്റെടുത്തു. തമിഴ്നാട്ടിൽനിന്നുള്ള ക്രിമിനൽ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന നിഗമനത്തിലാണ് സി.ബി.ഐയും എത്തിയത്. 

സിബിഐ അടക്കം വിവിധ അന്വേഷണ ഏജൻസികൾ അന്വേഷിക്കുകയും നിരവധിപേരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടും കൊലയാളിയിലേക്കുള്ള സൂചന ഒന്നുംതന്നെ ലഭിച്ചില്ല. എന്നാൽ, പ്രതിയെ തേടി ലോക്കൽ പൊലീസ് അപ്പോഴും അന്വേഷണത്തിലായിരുന്നു. ഒടുവിൽ നിർണായകമായ ചില വിവരങ്ങൾ അവർക്ക് ലഭിച്ചു.

പനങ്ങാടിൽ ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന വിദ്യാധരൻ കേസിലെ പ്രതിയായിരുന്നു തുരുത്തിപ്പുറം ഒളാട്ടുപുറത്ത് ഷിബു. പുത്തൻവേലിക്കരയിൽ നെടുമ്പിള്ളി രാമകൃഷ്‌ണന്റെ ഭാര്യ ബേബിയെ കവർച്ചയ്‌ക്കിടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിച്ച് ക്രിമിനൽ കേസുകളിലെ പ്രതിയായ ഷിബുവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരുന്നു. പുത്തൻവേലിക്കര കൊലപാതക കേസിൽ ഇയാൾക്കു പങ്കില്ലെന്നു തെളിഞ്ഞെങ്കിലും ക്രിമിനൽ സ്വഭാവമുള്ള നിരവധിയാളുകളെ പറ്റി ഇയാളിൽ നിന്നു പൊലീസിനു വിവരം കിട്ടി. മാളയ്‌ക്കു സമീപം കൃഷ്‌ണൻകോട്ടയിൽ വിവിധ കേസുകളിൽപ്പെട്ട പ്രതിയായ തമ്പിയെ കുറിച്ച് അറിഞ്ഞത് ഇങ്ങനെയാണ്.

പറവൂർ സി.ഐ: ആർ.കെ. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ എച്ച്.സിമാരായ ഇ.എസ്. ജീവാനന്ദൻ, സി.എൻ. വിനയകുമാർ, കോൺസ്‌റ്റബിൾമാരായ കെ.എ. ജോയി, വി.പി. രഞ്‌ജിത്, സി. ജീവൻലാൽ എന്നിവർ തമ്പിക്കു പിന്നാലെ കൂടി.

തമ്പിയുടെ നാട്ടിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് തമ്പിയുമായി സൗഹൃദം സ്ഥാപിക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. തമ്പിക്ക് സ്ഥിരമായി മദ്യം വാങ്ങി നൽകി. പൊലീസാണെന്നറിയാതെ തമ്പി ചില സ്വകാര്യവിവരങ്ങൾ പറഞ്ഞു തുടങ്ങി. ഒരു ദിവസം മദ്യപാനത്തിനിടെ പൊലീസുകാരിൽ ചിലർ പുത്തൻവേലിക്കര കൊലപാതകത്തിന്റെ പത്രവാർത്തകൾ ചർച്ചയാക്കി. മദ്യലഹരിയിലായിരുന്ന തമ്പിയും ചർചയിൽ പങ്കെടുത്തു. തമിഴ്നാട്ടുകാരാണ് കൊലയ്ക്കു പിന്നിലെന്നായിരുന്നു വേഷംമാറിയെത്തിയ പൊലീസുമാരുടെ വാദം. തമ്പി ഇതംഗീകരിച്ചില്ല. തർക്കത്തിനൊടുവിൽ അയാൾ പറഞ്ഞു–‘ജയാനന്ദൻ ആളത്ര ശരിയല്ല, കാശിനുവേണ്ടി അവൻ കൊല്ലും’.

ജയാനന്ദൻ..അതൊരു പുതിയ അറിവായിരുന്നു പൊലീസിന്. അന്വേഷണത്തിൽ അതുവരെ സംശയിക്കാത്ത ഒരാൾ. തന്റെ കൂടെയുള്ള ‘സുഹൃത്തുക്കൾ’ പൊലീസുകാരാണെന്ന് തമ്പിക്ക് മനസിലായത് സ്റ്റഷനിലേക്ക് കൊണ്ടുപോയപ്പോഴാണ്. ചോദ്യം ചെയ്തപ്പോൾ തമ്പി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.

മദ്യപിച്ചിരിക്കുമ്പോഴാണ് തമ്പിയുടെ സുഹൃത്തായ ജയാനന്ദൻ ഒരു വെളിപ്പെടുത്തൽ നടത്തിയത്.‘ആരോടും കടപ്പാടൊന്നും വേണ്ട. പണത്തിനായി ആരെയും കൊല്ലാം. ആരും അറിയാതിരുന്നാൽ മതി’. പൊലീസ് ജയാനന്ദനെ രഹസ്യമായി നിരീക്ഷിച്ചു. മൂന്നു വർഷം മുൻപു മോഷണക്കേസിൽ പ്രതിയായതിനു ശേഷം നാട്ടിൽ ആരുമായും ജയാനന്ദന് അടുപ്പമില്ലായിരുന്നു. ഇയാൾക്ക് ഒരു വാനുണ്ടെന്നും ഡ്രൈവിങ് അറിയാത്തതിനാൽ ഡ്രൈവറെ വച്ചാണ് ഓടിച്ചിരുന്നതെന്നും പൊലീസ് മനസ്സിലാക്കി. ഭാര്യയും മക്കളും ഉണ്ടെങ്കിലും വീട് മിക്കവാറും അടഞ്ഞുകിടന്നു. പകൽസമയം കൂടുതലും ജയാനന്ദൻ വീട്ടിൽ തന്നെ കഴിഞ്ഞതും പൊലീസിന്റെ സംശയം വർധിപ്പിച്ചു. 

ഇയാളെ ചോദ്യംചെയ്യാൻ നിശ്‌ചയിച്ച പൊലീസ് പിടികൂടാനുള്ള ശ്രമം തുടങ്ങി. മാളയിലൂടെ സ്വന്തം വാഹനത്തിൽ ജയനന്ദൻ കടന്നുപോകുമ്പോൾ പൊലീസ് അറസ്റ്റു ചെയ്തു. ആദ്യം ഒന്നും പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് കൊലപാതകങ്ങൾ ഓരോന്നായി പ്രതി ഏറ്റുപറഞ്ഞു. ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിയപ്പോൾ പറവൂരിലെ ബവ്‌റിജസ് കോർപറേഷന്റെ ചില്ലറ മദ്യവിൽപന ശാലയിലെ കളക്ഷൻ ലക്ഷങ്ങളാണെന്ന് അറിഞ്ഞാണു മോഷണത്തിനു ശ്രമിച്ചതെന്നും അതാണ് സെക്യൂരിറ്റിക്കാരൻ സുഭാഷകന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും  ജയാനന്ദൻ പറഞ്ഞു.

സെക്യൂരിറ്റിക്കാരനെ കൊല്ലാൻ പദ്ധതി ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നിലെ ഭിത്തി തുരക്കുന്നതിനിടെ സെക്യൂരിറ്റിക്കാരൻ പലവട്ടം പിന്നാമ്പുറത്തേക്കു വന്നതു മോഷണത്തിനു തടസ്സമായി. അങ്ങനെയാണു കമ്പിവടിക്ക് അടിച്ചുകൊന്നത്. ഇതിനിടെ പൊലീസ് വന്നതിനാൽ കവർച്ച നടത്താനായില്ല. ടൗണിൽ ഒരു കുറ്റിക്കാട്ടിൽ പുലർച്ചെ വരെ കഴിച്ചുകൂട്ടിയ ശേഷം ബസിൽ വീട്ടിലേയ്‌ക്കു തിരിച്ചുപോയി.

പുത്തൻവേലിക്കരയിലെ രാമകൃഷ്‌ണനെ തലയ്‌ക്കു കമ്പിക്ക് അടിച്ചുവീഴ്‌ത്തിയ ശേഷം ഉറങ്ങുകയായിരുന്ന ബേബിയെ തലയ്‌ക്കടിച്ചു കൊല്ലുകയായിരുന്നെന്നും, വള ഊരിയെടുക്കാൻ വിഷമം തോന്നിയതിനാൽ കൈ വെട്ടിമാറ്റി വളയെടുത്തതായും പ്രതി ഏറ്റുപറഞ്ഞു. 

തുടർന്ന് മാള, പെരിഞ്ഞനം ഇരട്ട കൊലപാതകങ്ങളും മാള പഞ്ഞിക്കാരൻ ജോസിന്റെ കൊലപാതകങ്ങളുടെയും പ്രതി താനാണെന്നു ജയാനന്ദൻ സമ്മതിച്ചു. രാത്രി നടത്തുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെയാണ് ഇയാൾ മനസ്സിലാക്കിയിരുന്നത്. 

തെളിവുകളെല്ലാം ശേഖരിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷമാണ് പൊലീസ് കൊലയാളിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

കൊലപാതകി – മാള പള്ളിപ്പുറം ചെന്തുരുത്തി കുറുപ്പുംപറമ്പിൽ ജയാനന്ദൻ (ജയൻ 39).

കൊല്ലപ്പെട്ടവർ – തൃശൂർ ജില്ലയിൽ മാള പുളിപ്പറമ്പിൽ പഞ്ഞിക്കാരൻ ജോസ് (42), മാള പള്ളിപ്പുറം കളത്തിപ്പറമ്പിൽ നബീസ (58), മരുമകൾ കൊടുങ്ങല്ലൂർ എറിയാട് സ്വദേശിനി ഫൗസിയ (22), പെരിഞ്ഞനം കുറ്റിലകടവിലെ വ്യാപാരി കളപ്പുരയ്‌ക്കൽ സഹദേവൻ (62), ഭാര്യ നിർമല (54), എറണാകുളം ജില്ലയിലെ പറവൂർ ടൗണിലെ ബവ്‌റിജസ് കോർപറേഷന്റെ ചില്ലറ വിൽപ്പനശാല ജീവനക്കാരൻ നന്ത്യാട്ടുകുന്നം അച്ചൻചേരിൽ സുഭാഷകൻ (53), പുത്തൻവേലിക്കര നെടുമ്പിള്ളി രാമകൃഷ്‌ണന്റെ ഭാര്യ ബേബി (51),  പറവൂർ ചേന്ദമംഗലം കൊടിയൻ വീട്ടിൽ ഏലിക്കുട്ടി (86) . അക്രമങ്ങളിൽ ആറുപേർക്കു പരുക്കേറ്റിരുന്നു. എല്ലാ കൊലപാതകങ്ങളും ഒറ്റയ്‌ക്കാണു ചെയ്‌തതെന്ന് പ്രതി മൊഴി നൽകി.

മൂന്നുവർഷത്തിനിടെ എറണാകുളം–തൃശൂർ അതിർത്തി മേഖലകളിൽ നടന്ന പല മോഷണങ്ങളുടെയും പിന്നിൽ ജയാനന്ദനായിരുന്നു. സ്വർണാഭരണങ്ങൾ ധരിച്ച സ്‌ത്രീകളായിരുന്നു മുഖ്യലക്ഷ്യം. മോഷ്‌ടിച്ചെടുക്കുന്ന സ്വർണം പണയം വയ്‌ക്കുകയായിരുന്നു പതിവ്. പണയം വച്ച സ്‌ഥാപനം പോലും കൃത്യമായി ഓർത്തെടുക്കാൻ ജയാനന്ദന് കഴിഞ്ഞിരുന്നില്ല. 

സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നു പ്രചോദനം നേടിയാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. വിരലടയാളം പതിയാതിരിക്കാൻ കൈയ്യിൽ സോക്‌സ് ധരിച്ചാണ് കൃത്യം നടത്തിയിരുന്നത്. ഗ്യാസ് തുറന്നുവിട്ടും മണ്ണെണ്ണ സ്‌പ്രേ ചെയ്തും തെളിവു നശിപ്പിക്കുന്ന രീതിയും സിനിമയിൽ നിന്നാണു പഠിച്ചതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. 

കൊലപാതകങ്ങളെല്ലാം തനിച്ചു ചെയ്തിരുന്ന ജയാനന്ദൻ കവർച്ച ചെയ്യേണ്ട വീടുകൾ തലേന്നാണു തീരുമാനിച്ചിരുന്നത്. കൊലയ്ക്ക് ഉപയോഗിച്ചിരുന്ന ഇരുമ്പുദണ്ഡുകളും പാരകളും സമീപത്തെ വീടുകളിൽ നിന്നാണ് എടുത്തിരുന്നത്. ഇതു സംഭവസ്‌ഥലത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു പതിവ്. 

ആരായിരുന്നു ജയാനന്ദൻ?

എട്ടാം ക്ലാസ് വരെ പഠിച്ച ജയാനന്ദൻ ചെറുപ്പത്തിൽ അച്‌ഛനൊപ്പം മീൻ പിടിക്കാൻ പോയിരുന്നു. ആർഭാട ജീവിതത്തിനു പണം തികയാതായതോടെ മോഷണത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും തിരിയുകയായിരുന്നു. ജയാനന്ദന്റെ സ്വഭാവത്തെക്കുറിച്ച് വീട്ടുകാർക്കുപോലും ആദ്യം അറിവുണ്ടായിരുന്നില്ല. ബാർ ഹോട്ടലുകൾക്കു മദ്യം എത്തിച്ചുകൊടുക്കുന്ന ജോലിയാണു തനിക്കെന്നും ദൂരെ റബർ തോട്ടമുണ്ടെന്നും ഇയാൾ ഭാര്യയോടു പറഞ്ഞിരുന്നു. 

ജയാനന്ദന്റെ മോഷണത്തെക്കുറിച്ച് ഭാര്യയ്ക്ക് സൂചന ലഭിക്കുന്നത് ഒരു സാരിയിലൂടെയാണ്. അയൽവീട്ടിൽ ഉണങ്ങാനിട്ടിരുന്ന സാരി മോഷ്‌ടിച്ച് പുതിയ സാരിയാണെന്നു പറഞ്ഞു ജയാനന്ദൻ ഭാര്യക്കു സമ്മാനിച്ചു. ഒരു വിവാഹ ചടങ്ങിൽ സാരിയുടെ യഥാർഥ ഉടമ ജയാനന്ദന്റെ ഭാര്യയെ തൊണ്ടി സഹിതം പിടികൂടി. സാരിയുടെ പണം കൊടുത്ത് അന്നു കേസ് ഒതുക്കിങ്കെിലും മോഷ്‌ടാവെന്ന പേരു വീണതിനാൽ ഇയാൾ കൊടുങ്ങല്ലൂരിലേക്കു താമസം മാറ്റി. 

കൊടുങ്ങല്ലൂരിലെ താമസ സ്‌ഥലത്തിനു സമീപത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ മാല പൊട്ടിച്ചെടുത്തതാണ് ഇയാൾക്കെതിരെയുള്ള രണ്ടാമത്തെ കേസ്. പിന്നീട് കൊലപാതകക്കേസിൽ കുടുങ്ങുന്നതുവരെ ഒരിക്കൽപോലും പൊലീസിന് ഇയാളെ പിടികൂടാനായില്ല. 

കൊലപാതകങ്ങൾ നടത്തി നാടുവിറപ്പിച്ച കൊടുംകുറ്റവാളി ജയാനന്ദൻ ആയിരുന്നുവെന്ന വാർത്ത ഞെട്ടലോടൊണ് സുഹൃത്തുക്കൾ കേട്ടത്. കവർച്ചമുതൽ ഉപയോഗിച്ചു സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന പതിവും ജയാനന്ദനുണ്ടായിരുന്നു. 

ആദ്യം വധശിക്ഷയ്ക്കു വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽശിക്ഷയ്ക്കു വിധിച്ചു. ജയിലിലും പൊലീസുകാർക്ക് ജയാനന്ദൻ തലവേദന സൃഷ്ടിച്ചു. രണ്ടുതവണ ഇയാൾ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയിൽനിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് സഹടവുകാരൻ പ്രകാശനോടൊപ്പം ജയിൽചാടി. തലയിണയും പുതപ്പും ഉപയോഗിച്ച് സെല്ലിൽ ഡെമ്മി ഉണ്ടാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്. പിന്നീട് തൃശൂർ പുതുക്കാടുനിന്ന് ഇയാളെ പൊലീസ് പിടികൂടി. ഇപ്പോൾ ജയിലിൽ.