Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്‍ഗ്രസ് സഹകരണം കേരളത്തില്‍ വിഷയമാകില്ല: സീതാറാം യച്ചൂരി

sitaram-yechury സീതാറാം യച്ചൂരി

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസുമായി സഹകരിക്കുക ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമായിരിക്കുമെന്ന കൃത്യമായ സൂചനനല്‍കി സിപിഎം ജനറല്‍ െസക്രട്ടറി സീതാറാം യച്ചൂരി. ഒന്നാം യുപിഎ സര്‍ക്കാരിന് നല്‍കിയതുപോലെ പുറത്തുനിന്നുള്ള പിന്തുണയായിരിക്കും സിപിഎം നല്‍കുക. കോണ്‍ഗ്രസ് സഹകരണത്തിന്‍റെ സ്വഭാവം സീതാറാം യച്ചൂരി മനോരമ ന്യൂസിലൂടെയാണ് ആദ്യമായി വിശദീകരിക്കുന്നത്. കോണ്‍ഗ്രസ് സഹകരണം കേരളത്തില്‍ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും യച്ചൂരി വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് എല്‍ഡിഎഫ് വന്‍ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നത് ഉദാഹരിച്ചായിരുന്നു യച്ചൂരി നയം വിശദീകരിച്ചത്. ഐക്യമുന്നണി സര്‍ക്കാരിനും യുപിഎ സര്‍ക്കാരിനും സിപിഎം പുറത്തുനിന്നും പിന്തുണ നല്‍കിയ ചരിത്രവും യച്ചൂരി എടുത്തുപറയുന്നു.

തിരഞ്ഞെടുപ്പ് സഖ്യത്തെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ല. വിവിധ സര്‍ക്കാരുകളെ പുറത്തുനിന്ന് പിന്തുണച്ച ചരിത്രം സിപിഎമ്മിനുണ്ട്. െഎക്യമുന്നണി സര്‍ക്കാരിനെയും ഒന്നാം യുപിഎ സര്‍ക്കാരിനെയും പുറത്തുനിന്നും പിന്തുണച്ചിരുന്നു. പ്രശ്നം ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ്. യുപിയിലും ബിഹാറിലും ഒഡീഷയിലും തെക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും തമ്മിലല്ല മല്‍സരം. പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ഇവിടെ സ്വാധീനം. തിരഞ്ഞെടുപ്പില്‍ നേടുന്ന സീറ്റുകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കുക.

കോണ്‍ഗ്രസ് സഹകരണം കേരളത്തില്‍ വിഷയമാകില്ല. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന കാലത്ത് എല്‍ഡിഎഫിന് കേരളത്തില്‍ വന്‍വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും കോണ്‍ഗ്രസിനെയാണ് നേരിട്ടിരുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 61 എംപിമാര്‍ ഇടതുപാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. ഇതില്‍ 57 പേരും കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് പാര്‍ലമെന്‍റിലെത്തിയവരാണ്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അന്ന് കോണ്‍ഗ്രസിനു പിന്തുണ നല്‍കിയിരുന്നു. രാജ്യത്തിന് എന്താണ് ആവശ്യമെന്ന് തീരുമാനിക്കാനുള്ള പക്വത കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരളത്തില്‍ ഭൂരിപക്ഷ വിഭാഗത്തിന് തുല്യമായ അംഗബലം ന്യൂനപക്ഷത്തിനുമുണ്ട്. മതേതരത്വം എങ്ങിനെ സംരക്ഷിക്കണമെന്ന് അവര്‍ക്ക് അറിയാം.

ഹൈദരാബാദില്‍ വിജയിച്ചത് പാര്‍ട്ടിയാണെന്നും സീതാറാം യച്ചൂരി വ്യക്തമാക്കി. നിലപാടുകളെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനമെടുത്താല്‍ എല്ലാവരും ഒറ്റക്കെട്ടാണ്. പാര്‍ട്ടികോണ്‍ഗ്രസിന് മുന്‍പ് ഉത്കണ്ഠയുണ്ടായിരുന്നത് തന്‍റെ പദവിയെക്കുറിച്ചല്ല പാര്‍ട്ടിയുടെ ഐക്യത്തെക്കുറിച്ചായിരുന്നുവെന്ന് യച്ചൂരി പറഞ്ഞു. എന്നാല്‍ െഎക്യം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നും ഇച്ഛാശക്തിയുടെയും ഐക്യത്തിന്‍റെയും സമ്മേളനമാണ് കഴിഞ്ഞതെന്നും യച്ചൂരി വ്യക്തമാക്കി. ജയപരാജയങ്ങളെക്കുറിച്ചുള്ള ആശങ്ക കമ്യൂണിസ്റ്റുകള്‍ക്കില്ല. നിലപാടുകളെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നു. ആ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോയത്. ഇനിയും അങ്ങിനെയായിരിക്കും. പാര്‍ട്ടി പദവികള്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. നേരത്തെ കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിതാവായി തിരഞ്ഞെടുത്തപ്പോള്‍ ഒഴിവാക്കണമെന്ന് ഇഎംഎസിനോട് അഭ്യര്‍ഥിച്ചിരുന്നു. പാര്‍ട്ടിയുടെ തീരുമാനമാണെന്നായിരുന്നു ഇഎംഎസിന്‍റെ മറുപടി. പാര്‍ട്ടി എന്ത് ഉത്തരവാദിത്തം നല്‍കിയാലും ഏറ്റെടുക്കും.

പിണറായി വിജയന്‍ ജനങ്ങളില്‍ നിന്ന് അകലുന്നുവെന്ന് ആരാണ് പറഞ്ഞത്? ചിലപ്പോള്‍ ചിലര്‍ക്ക് അങ്ങിനെയുള്ള ധാരണകളുണ്ടാകാം. ആത്യന്തികമായി ജനങ്ങളാണ് വിധികര്‍ത്താക്കള്‍. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകലാതെ പ്രവര്‍ത്തിക്കേണ്ടതാണെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്കനുസരിച്ചാണ് പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസും ബിജെപിയും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുന്നു. അതിനെ ചെറുക്കാനുള്ള ഇച്ഛാശക്തിയുണ്ട്.

സമരങ്ങളിലൂടെ മാത്രമേ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയൂ. രാജ്യത്തെ യുവാക്കള്‍ നിരാശരാണ്. യുവാക്കളാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. അതുതന്നെയാണ് ‍ഞങ്ങളുടെ ശക്തി. യുവാക്കളെ മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ ബാധ്യതയാക്കി. വര്‍ഷംതോറും രണ്ടുകോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. തൊഴിലവസരങ്ങള്‍ കുറയുന്നു. ഹിന്ദുത്വധ്രുവീകരണത്തെ യുവാക്കളെ അണിനിരത്തിമാത്രമേ ചെറുക്കാന്‍ കഴിയൂ. അധികാരത്തോട് ചേര്‍ന്ന് നിന്നാല്‍ ജീവിതനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ യുവാക്കള്‍ക്ക് ഉണ്ടായിരുന്നു. യുവാക്കളെ ബിജെപി വഴിതെറ്റിക്കുകയാണ്. തൊഴില്‍രഹിതരെ പണമൊഴുക്കി കൂടെ നിര്‍ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യച്ചൂരി വിമര്‍ശിച്ചു.  

related stories