Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീഷണിയുമായി നിപ്പ വൈറസ് കേരളത്തിൽ; നാം നേരിടേണ്ടത് എങ്ങനെ ?

nipah-virus നിപ്പ വൈറസ്

നിപ്പ വൈറസ് എങ്ങനെ കോഴിക്കോട്ടെത്തി എന്ന ചോദ്യത്തിനാണ് ശാസ്ത്രസമൂഹം അതിവേഗം ഉത്തരം കണ്ടെത്തേണ്ടത്. അതത്ര നിസ്സാരമല്ലെന്നു കൂടി ഓർക്കുക. 1998–99ൽ ആണ് ആദ്യമായി വൈറസ് കണ്ടെത്തിയത്. മലേഷ്യ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ അടുത്തടുത്ത വർഷങ്ങളിൽ കണ്ടെത്തി. 2008 വരെ ചിലയിടങ്ങളിൽ ഇവ കണ്ടെത്തിയതായി പറയുന്നുണ്ടെങ്കിലും, പിന്നീടൊരു വിവരവുമില്ല. ഭൂമിശാസ്ത്രപരമായി ദക്ഷിണേന്ത്യയിൽ ഇവയെത്താനുള്ള സാധ്യതയും വിരളമാണ്. മുൻപുള്ള സംഭവങ്ങളിൽ പഴച്ചാർ ഭക്ഷണമാക്കുന്ന ഫ്രൂട്ട് വവ്വാലുകളാണ് ഇവ പരത്തുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, 50 കിലോമീറ്ററിന് അപ്പുറം ഈ വവ്വാലുകൾ സഞ്ചരിക്കാറില്ല. അടുത്ത സമയത്തെങ്ങും ലോകത്തു മറ്റെവിടെയും ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടതായും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ, മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയ ആരെങ്കിലും വഴി പകരാനുള്ള സാധ്യതയും കുറവ്. മറ്റു രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ, വവ്വാലുകൾ കടിച്ച പഴങ്ങളോ ഭക്ഷണപഥാർഥങ്ങളോ കേരളത്തിൽ എത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം. വൈറസ് ബാധയെ വരുതിയിലാക്കാനുള്ള ബാലപാഠം അതിന്റെ സ്രോതസ്സ് മനസ്സിലാക്കുകയാണ്. അതു കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ നാം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ വെറുതേയാകും.

സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) രോഗത്തിൽ മരണനിരക്കു കൂടുതലായിരുന്നെങ്കിലും, വ്യാപനം ശക്തമായിരുന്നില്ല. അതേസമയം, എച്ച്‍വൺ എൻവൺ രോഗം വൻതോതിൽ വ്യാപിച്ചെങ്കിലും മരണനിരക്കു കുറവായിരുന്നു. മുൻകാല അനുഭവങ്ങൾ നിപ്പാ വൈറസിന്റെ വ്യാപനം ശക്തമല്ല എന്നു ചൂണ്ടിക്കാട്ടുന്നു. മരണസാധ്യത കൂടുതലാണെങ്കിലും വ്യാപ്തി കുറവായിരുന്നു. ഇതാണ് നമുക്ക് ആശ്വസിക്കാൻ വക നൽകുന്നത്.

നിപ്പ പോലെ ഒരു രോഗം പടർന്നുപിടിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കേരളം എത്രത്തോളം ജാഗരൂകരാണെന്ന കാര്യത്തിൽ സംശയമുണ്ട്. സഞ്ചാരസാധ്യതകൾ വർധിക്കുന്ന കാലത്ത് വൈറസുകൾ എളുപ്പത്തിൽ പടരുമെന്ന കാര്യം ഓർക്കുക. 

NIPAH Graphics

ആശുപത്രിയിൽ ഇത്തരമൊരു രോഗിയെ എത്തിച്ചാൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നതിനെക്കുറിച്ചും വ്യക്തതയില്ല. സംസ്ഥാനത്ത് രണ്ടു സ്ഥലങ്ങളിലെങ്കിലും വൈറസ് റെസ്‍പോൺസ് ടീം സ്ഥിരം സംവിധാനമായി രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് ഈ സംഭവം കേരളത്തിനു നൽകുന്ന പാഠം. ഇതിനു പുറമേ, പരിശോധനയ്ക്കുള്ള ആധുനിക സൗകര്യങ്ങളും ഉറപ്പാക്കണം. ഇപ്പോഴും പുണെ, മണിപ്പാൽ, ഡൽഹി എന്നിവിടങ്ങളാണ് നമ്മുടെ ആകെയുള്ള ആശ്രയം. 

അടുത്തഘട്ടമെന്ന നിലയിൽ ഈ വൈറസ് എത്രത്തോളം വ്യാപിച്ചുവെന്നു കണ്ടെത്തണം. അതിനായി പല സ്ഥലങ്ങളിൽ നിന്നായി വിവിധ സാംപിളുകൾ ശേഖരിക്കണം. ഇവ കൃത്യമായി മാപ്പ് ചെയ്താൽ മാത്രമേ വ്യാപ്തി വ്യക്തമാകൂ. ഏറ്റവും പ്രധാനം സ്രോതസ്സ് കണ്ടെത്തുകയാണ്. ഊഹാപോഹങ്ങൾക്കു പിന്നാലെ പോയാൽ യഥാർഥ കാരണം അജ്ഞാതമായി തന്നെ തുടരും.

(വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ഇൻഫെക്‌ഷ്യസ് ഡിസീസസ് വിഭാഗത്തിൽ പ്രഫസറാണ് ലേഖകൻ)