Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ നാഗമാണിക്യം എവിടെ?

sunil-parameshwaran സുനിൽ പരമേശ്വരൻ ആശ്രമത്തിനു മുന്നിൽ സ്ഥാപിച്ച ബോർഡ്.

നോവലിസ്റ്റ് സുനിൽ പരമേശ്വരൻ 22 മാന്ത്രിക നോവലുകൾ എഴുതിയിട്ടുണ്ട്. പക്ഷേ, നാഗമാണിക്യത്തിന്റെ കഥ പറഞ്ഞ ‘അനന്തഭദ്രം’ സിനിമയായതോടെ ഇരിക്കപ്പൊറുതിയില്ലാതായി. വന്നവർക്കെല്ലാം ഒറ്റ ആവശ്യം: നാഗമാണിക്യം വേണം. സംഗതി കഥ മാത്രമാണെന്നു പറഞ്ഞിട്ടും ബോധ്യമാകാതെ, ഒരിക്കൽ ഒരു സംഘം നോവലിസ്റ്റിനെ തട്ടിക്കൊണ്ടുപോയി. കൂർഗിൽ പണിയുന്ന റിസോർട്ടിനു വാസ്തു നോക്കണമെന്നു പറഞ്ഞാണു കൊണ്ടുപോയത്. പറഞ്ഞ സ്ഥലം കഴിഞ്ഞു കാട്ടിലെത്തിയതോടെ ആവശ്യം മാറി. അവിടെ സർപ്പപ്പുറ്റിൽനിന്നു നാഗമാണിക്യം എടുത്തു കൊടുക്കണം. അതൊന്നും അറിയില്ലെന്നു പറഞ്ഞപ്പോൾ സ്വരം മാറി. മൂന്നു കിലോമീറ്റർ ഓടിയാണു രക്ഷപ്പെട്ടതെന്നു സുനിൽ പരമേശ്വരൻ പറയുന്നു.

കാന്തല്ലൂരിൽ ആശ്രമം സ്ഥാപിച്ചു കഴിയുന്ന അദ്ദേഹത്തെ തേടി പലരും വന്നു. ദുർമന്ത്രവാദമാണ് ആവശ്യം. വരുന്നതു കോടീശ്വരന്മാർ. മധ്യതിരുവിതാംകൂറിൽനിന്നു വന്ന രണ്ടു സഹോദരങ്ങൾക്കു പിതാവിനെ ഭ്രാന്തനാക്കുകയാണ് ആവശ്യം. മേലധികാരിക്കെതിരെ ആഭിചാരക്രിയയ്ക്കായി തിരുവനന്തപുരത്തുനിന്നു വന്നവർവരെയുണ്ട്. പറഞ്ഞു മടുത്തപ്പോൾ ആശ്രമത്തിനു മുന്നിൽ കടുത്ത ഭാഷയിൽ ബോർഡ് വയ്ക്കേണ്ടിവന്നു.

∙ പറ്റിക്കാൻ പെയിന്റടിച്ചതാ സാറേ...

ദുർമന്ത്രവാദമെന്നു പറഞ്ഞ് ആളുകളെ പറ്റിക്കുന്നവർക്കും അബദ്ധം പറ്റും. വയനാട്ടിൽനിന്നു കർണാടകയിൽ ഇഞ്ചിക്കൃഷിക്കു പോയതാണു മൂന്നംഗസംഘം. അതു മാത്രമല്ല, അത്യാവശ്യം വേട്ടയുമുണ്ടെന്നു ബാറിൽ വീമ്പിളക്കിയപ്പോഴാണു ക്വട്ടേഷൻ വന്നുവീണത്: കടുവത്തോൽ വേണം. ഒരു മന്ത്രവാദിക്കു വേണ്ടിയാണ്. കടുവയെ എവിടെക്കിട്ടാൻ? സാമാന്യം വലിയ തെരുവുനായയെ കൊന്ന് തോൽ കടുവയുടേതുപോലെ പെയിന്റടിച്ചുണക്കി. ഒരു ലക്ഷം രൂപയും വാങ്ങി. ശേഷം കഥ കോയമ്പത്തൂരിൽ.

ഒരു വ്യവസായിക്ക് അഞ്ചു കോടി രൂപ കടം തീർക്കാൻ പത്തു ലക്ഷത്തിന്റെ മന്ത്രവാദം. അഞ്ചു ലക്ഷം രൂപ വിലയുള്ള കടുവത്തോലിൽ ഇരുന്നു മന്ത്രവാദം നടത്തിയാൽ ആകാശത്തുനിന്നു സ്വർണക്കട്ടി വീഴുമെന്നായിരുന്നു പ്രവചനം. സ്വർണക്കട്ടി കൃത്യമായി വീഴാൻ, വ്യവസായി വീടിന്റെ മേൽക്കൂരതന്നെ ഇളക്കിമാറ്റി. പ്രവചനം പാളിയതോടെ കേസായി. മന്ത്രവാദി പൊലീസ് പിടിയിലായി. കടുവത്തോൽ കേസ് വനംവകുപ്പിനെ ഏൽപിച്ചു. അവർ അന്വേഷിച്ചു ചെന്നപ്പോൾ കടുവത്തോലിന്റെ യഥാർഥനിറം പുറത്ത്.

∙ ചുട്ടു പറപ്പിക്കാൻ ഫാം ഫ്രഷ് കരിങ്കോഴി

സ്വയംതൊഴിൽ സംരംഭം തുടങ്ങാനുള്ള അപേക്ഷകളുടെ കൂട്ടത്തിൽ നോർക്കയുടെ മുൻപാകെ ഇടയ്ക്കിടെ വന്നുവീഴുന്ന പ്രോജക്ടുണ്ട്: ‘കരിങ്കോഴി വളർത്തൽ’. പൊടുന്നനെ കുറേപ്പേർ കരിങ്കോഴി വളർത്താൻ രംഗത്തിറങ്ങുന്നതിന്റെ കാര്യമറിയുക, അടുത്ത ഘട്ടമായ കൗൺസലിങ്ങിലാണ്. ‘‘മറ്റു കോഴികളെപ്പോലെയല്ല സാർ. മന്ത്രവാദമുള്ളിടത്തോളം ചെറുതിനും വലുതിനും മുട്ടയിടുന്നതിനും ഇടാത്തതിനുമൊക്കെ ഒരുപോലെ മാർക്കറ്റുണ്ട്.’’ കരിങ്കോഴിയെ ഉപയോഗിച്ചു ചെയ്യുന്ന മന്ത്രവാദം ‘സ്ട്രോങ്’ ആയിരിക്കുമെന്ന വിശ്വാസം തലമുറകൾ കൈമാറിയെത്തിയതാണ്. നാട്ടിലുള്ളവ പോരാതെവന്നപ്പോൾ മധ്യപ്രദേശ്, മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽനിന്നും കോഴിക്കുഞ്ഞുങ്ങളെ എത്തിച്ചു വളർത്തിത്തുടങ്ങി. കരിങ്കോഴി ഫാമുകൾ വന്നു. ‘‘ചെറിയ കോഴിയാണെങ്കിൽ 100 രൂപ. വലുതിന് 500. മുട്ടയിടുന്നതിന് 600 രൂപ. മുട്ടയ്ക്ക് 20 – 50 രൂപ. കോഴിയെ വാങ്ങാൻ ആരുമറിയാതെ രാത്രിയും പുലർച്ചെയും ആളുവരും. കൂട്ടത്തോടെ വാങ്ങി കൊണ്ടുപോകുന്നവരുമുണ്ട്. മുഴുത്ത കരിങ്കോഴി – ഒന്ന് എന്ന കുറിപ്പെഴുതുന്ന മന്ത്രവാദികളുമുണ്ട്.’’ – യുവകർഷകൻ പറയുന്നു.

മനസ്സിനെ പിരിച്ചെടുക്കും!

പൂജപ്പുര സെൻട്രൽ ജയിലിൽ സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തി ‘നരക’ത്തിൽ കഴിയുകയാണ് കേഡൽ ജീൻസൺ രാജ. മാതാപിതാക്കളെയും സഹോദരിയെയും മഴുകൊണ്ടു വെട്ടിക്കൊന്നു കത്തിച്ച ശേഷം പിടിയിലായപ്പോൾ പൊലീസിനോടു പറഞ്ഞു, ‘ശരീരത്തിൽ നിന്നു മനസ്സിനെ വേർപെടുത്തുന്ന ആസ്ട്രൽ പ്രൊജക്‌ഷനായിരുന്നു ഞാൻ നടത്തിയത്. അല്ലാതെ ലോക്കൽ ടൈപ്പ് കൊലപാതകമല്ല’. ഇന്ന്, കേഡലിനൊപ്പം സ്വന്തം മനസ്സില്ല. മനോദൗർബല്യമുള്ളവരുടെ പത്താം ബ്ലോക്കിൽ ഇൗ മുപ്പതുകാരൻ ഉറക്കം പോലുമില്ലാതെ കഴിയുന്നു. ചെയ്ത തെറ്റിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

ആസ്ട്രൽ പ്രൊജക്‌ഷൻ  കേഡൽ തട്ടിക്കൂട്ടിയ കഥയാണെന്നാണ് പൊലീസ് പക്ഷം. ചോദ്യം ചെയ്യലിൽ കുറേയൊക്കെ പിടിച്ചുനിന്ന കേഡൽ പിന്നീട് മാനസികാരോഗ്യ വിദഗ്ധന്റെ കൗൺസലിങ്ങിൽ മനസ്സു തുറന്നു. കുട്ടിക്കാലം മുതൽ മാതാപിതാക്കൾ കാട്ടിയ അവഗണന അവരോടുള്ള പകയ്ക്കു കാരണമായി. സഹികെട്ടപ്പോൾ കൊല്ലാൻ തീരുമാനിച്ചു. കാരണമായി ഉണ്ടാക്കിയ കഥയാണ് ആസ്ട്രൽ പ്രൊജക്‌ഷൻ. ശിക്ഷയിൽനിന്നു രക്ഷപ്പെടാൻ ഇത്തരം കഥകൾ മെനയുന്ന സംഭവങ്ങൾ ഒട്ടേറെയെന്ന് പൊലീസും പറയുന്നു.

മോതിരമിടൂ, മറ്റെല്ലാം മറന്നേക്കൂ

മോതിരമിട്ടാൽ ആഗ്രഹിക്കുന്നതെന്തും കിട്ടുമെന്ന പരസ്യം കണ്ടാണു വിളിച്ചത്.

∙ ഹലോ, ഞാൻ തൃശൂരിൽനിന്നു വിളിക്കുന്നു, ആകെ തകർന്നൊരു മനുഷ്യനാണ്. – സാരമില്ല, പരിഹാരമുണ്ട്. വിളിക്കാൻ തോന്നിയതുതന്നെ രക്ഷപ്പെടുന്നതിന്റെ ലക്ഷണമാണ്. എത്രയാ വയസ്സ്, ഏതാ നാള്?

∙ 44, ഉത്രം. – ങ്ഹാ, വെറുതേയല്ല; ഉത്രക്കാർക്കു മൂന്നു വർഷമായി മോശം സമയമാണ്. എന്തു ചെയ്യുന്നു?

∙ വളം കമ്പനിയിൽ സെയിൽസ്മാനാണ്. ടാർഗറ്റ് മുട്ടിക്കാനാവുന്നില്ല. – ഞാനൊരു മോതിരം അയച്ചുതരാം. അതിട്ടാൽ അപ്പോൾത്തന്നെ മാറും.

∙ മോതിരത്തിനൊക്കെ വിലയാവില്ലേ? – 1500 രൂപയേയുള്ളൂ; 75 രൂപ തപാൽ ചാർജും. പോസ്റ്റ്മാൻ വീട്ടിൽ കൊണ്ടുവരുമ്പോൾ കൊടുത്താൽ മതി.

∙ ഫലിക്കുമോ? – അഞ്ചു ലക്ഷം രൂപയാ കഴിഞ്ഞ ദിവസം ഒരു സ്ത്രീക്കു കിട്ടിയത്. എനിക്കു നന്ദിയായി 25,000 രൂപ അയച്ചുതന്നതേയുള്ളു. ഇനി ലോട്ടറി അടിച്ചാൽ 50,000 തരും.

∙ എനിക്കും ലോട്ടറി അടിക്കുമോ? – ഏയ്, നിങ്ങൾ ജോലി ചെയ്യുന്നയാളല്ലേ. ലോട്ടറി വെറുതേ ഇരിക്കുന്നവർക്കുവേണ്ടിയുള്ളതാണ്. നിങ്ങളുടെ പ്രശ്നം ജോലിവഴിതന്നെ ശരിയാക്കാം.

∙ ഇന്നുതന്നെ അയയ്ക്കുമോ? – അതു പറ്റില്ല, പത്താം ദിവസമേ കിട്ടൂ. കുറേ ഓർഡറുകളുണ്ട്. മാത്രമല്ല, മൂന്നു ദിവസം പൂജ കഴിഞ്ഞേ അയയ്ക്കൂ. ങ്ഹാ, നാളെ രാവിലെ പത്തിന് ഒരു തേങ്ങയുടച്ചേക്കണം.

∙ ആവട്ടെ, ഞാൻ കസ്റ്റമേഴ്സിന്റെ അടുത്തു ചെന്നെല്ലാം സംസാരിക്കും. ആരും വഴങ്ങുന്നില്ല. – എങ്കിൽ, ഒരു വശീകരണംകൂടി ചേർത്തേക്കാം. പിന്നെ, അവർ വളം ഓർഡർ ചെയ്തശേഷം ഒരു ചായേംകൂടി വാങ്ങിത്തന്നേ വിടൂ.

∙ എന്റെ കയ്യിൽ നിറയെ ഇങ്ങനത്തെ മോതിരങ്ങളാണ്. – എല്ലാം ഊരിക്കളഞ്ഞോളൂ. കൂടുതൽ മോതിരം കയ്യിൽ കണ്ടാൽത്തന്നെ ആൾക്കാർക്കു മതിപ്പുണ്ടാവില്ല. ഇതു പഞ്ചലോഹമോതിരമാണ്. സ്വർണംവരെയുണ്ടിതിൽ. ഏഴു കല്ലുകളും.

∙ തേങ്ങയുടയ്ക്കാം, വേറെന്തെങ്കിലും ചെയ്യണോ? – നാളെമുതൽ പോകുന്നതിനു മുൻപു ഭംഗിയായി ഡ്രസ് ചെയ്യുക. എന്നിട്ടു കണ്ണാടിക്കു മുന്നിൽ നിന്ന് ആത്മവിശ്വാസം സ്വീകരിക്കുക. എങ്ങനെ കസ്റ്റമറോടു സംസാരിക്കണമെന്നു പലതവണ പ്രാക്ടീസ് ചെയ്യുക. എല്ലാം ശരിയാകും. വിലാസം പറയൂ. ഒരു വിലാസം പറഞ്ഞുകൊടുത്തു; ഏതോ ഫോൺ നമ്പരും. പറഞ്ഞു തീരുംമുൻപേ അപ്പുറത്തുനിന്നു നിർദേശം: കൂടുതൽ സംസാരിക്കണമെങ്കിൽ ഞായറാഴ്ച വിളിക്കൂ. എനിക്കു വേറെയും വിളികൾ വരുന്നുണ്ട്. തട്ടിപ്പിനിരയാവാൻ വിളിക്കുന്നവർ ഫോണിൽ ക്യൂ നിൽക്കുകയാണ്. ശരിയാണ്, തട്ടിപ്പുകാരന് ആ മോതിരം കാര്യമായിത്തന്നെ സമ്പത്തു കൊണ്ടുവരുന്നുണ്ട്.

നാളെ: കൊണ്ടും കൊടുത്തും കോൺഗ്രസിലെ കൂടോത്രം.

തയാറാക്കിയത്: ജയൻ മേനോൻ, സന്തോഷ് ജോൺ തൂവൽ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്, എ.എസ്.ഉല്ലാസ്, മുസ്തഫ കൂടല്ലൂർ 

സങ്കലനം: ഷെറിൻ മുഹമ്മദ്