Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധം ദുർബലം; റഫാലിൽ കേന്ദ്ര സർക്കാർ വാദം ഖണ്ഡിച്ച് ഡിപിപി വ്യവസ്ഥകൾ

Rafale fighter jet

റഫാൽ ഇടപാടിൽ ഓഫ്സെറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതിൽ തങ്ങൾക്കു പങ്കില്ലെന്ന പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും വാദം ഖണ്ഡിച്ചു പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചട്ടത്തിലെ (ഡിഫൻസ് പ്രൊക്യൂർമെന്റ് പ്രൊസിജ്യർ 2016 – ഡിപിപി) വ്യവസ്ഥകൾ. ഇന്ത്യയ്ക്കായി പ്രതിരോധ സാമഗ്രികൾ വാങ്ങുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളിലെ അവസാന വാക്കാണു ഡിപിപി. 2016ൽ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പുറത്തിറക്കിയ ഡിപിപിയിൽ (2016 ഏപ്രിൽ ഒന്നിനു നിലവിൽ വന്നു) ഓഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ കുറിച്ചിട്ടുണ്ട്:

∙ പ്രതിരോധ മന്ത്രാലയം കരിമ്പട്ടികയിൽപ്പെടുത്താത്ത ഏത് ഇന്ത്യൻ കമ്പനിയെയും ഓഫ്സെറ്റ് കരാറിനു തിരഞ്ഞെടുക്കാൻ പ്രതിരോധ സാമഗ്രി നിർമാതാവിന് (ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറർ–ഇവിടെ ഡാസോ ഏവിയേഷൻ) അധികാരമുണ്ട്.

∙ ഓഫ്സെറ്റ് കരാർ വ്യവസ്ഥകളുടെ രൂപീകരണം, കരാർ നടപ്പാക്കൽ എന്നിവയുടെ ചുമതല പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് ഓഫ്സെറ്റ്സ് മാനേജ്മെന്റ് വിങ് (ഡിഒഎംഡബ്ല്യു) വഹിക്കും.

∙ ഓഫ്സെറ്റ് കരാറിന്റെ സാങ്കേതിക, സാമ്പത്തിക വശങ്ങൾ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള അക്വിസിഷൻ വിഭാഗം പരിശോധിക്കണം.

∙ ഓഫ്സെറ്റ് കരാറിൽ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഡിപിപിയിലെ ചട്ടം 8.6 വ്യക്തമാക്കുന്നു – എല്ലാ ഓഫ്സെറ്റ് ഇടപാടുകളും അക്വിസിഷൻ വിഭാഗം മാനേജർ പരിശോധിക്കുകയും പ്രതിരോധ മന്ത്രി അംഗീകരിക്കുകയും വേണം. എത്ര തുകയ്ക്കുള്ള കരാറാണെങ്കിലും ഇതു ബാധകമാണ്. റിലയൻസുമായുള്ള ഓഫ്സെറ്റ് കരാറിൽ തങ്ങൾക്കു പങ്കില്ലെന്ന് ആവർത്തിക്കുന്ന പ്രതിരോധ മന്ത്രാലയം, ചട്ടങ്ങൾ പാലിച്ചും മനസ്സിലാക്കിയുമാണോ ആ വാദം ഉന്നയിക്കുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തം. പ്രതിരോധ മന്ത്രിയുടെ അനുമതി ഇല്ലാതെയാണു കരാർ റിലയൻസ് സ്വന്തമാക്കിയതെങ്കിൽ അതു ഡിപിപി ചട്ടങ്ങളുടെ ലംഘനമാണ്.

∙ സ്വന്തം തീരുമാനം: ഡാസോ

റഫാൽ കരാർ പങ്കാളിയായി റിലയൻസിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം തങ്ങളുടേതു മാത്രമാണെന്നും ഇന്ത്യൻ സർക്കാരിന് അതിൽ പങ്കില്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഡാസോ ഏവിയേഷൻ വ്യക്തമാക്കി. ഇന്ത്യൻ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണു റിലയൻസിനെ തിരഞ്ഞെടുത്തതെന്നു മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഇതെ തുടർന്ന് കോൺഗ്രസ് ഉയർത്തിയ ആരോപണശരങ്ങൾക്കു പിന്നാലെ പരാമർശം പരിഷ്കരിച്ച് ഒലോൻദ് രംഗത്തു വന്നു – റിലയൻസിനെ തിരഞ്ഞെടുത്തതിൽ ഫ്രഞ്ച് സർക്കാരിനു പങ്കില്ലെന്നും എല്ലാം ഡാസോ പറയുമെന്നും ഒലോൻദ് തിരുത്തി. അതിനു പിന്നാലെയാണ് എല്ലാം തങ്ങളുടെ തീരുമാനമാണെന്നു വ്യ‌ക്തമാക്കി ഡാസോ ചെയർമാനും സിഇഒയുമായ എറിക് ട്രപ്പിയർ രംഗത്തുവന്നത്.

∙ പക്ഷേ, ട്രപ്പിയർ 2015ൽ പറഞ്ഞത് ഇങ്ങനെ:

2015 മാർച്ച് 25നു വ്യോമസേന, എച്ച്എഎൽ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ട്രപ്പിയർ നടത്തിയ പ്രസംഗത്തിൽ നിന്ന്: (ഈ പ്രസംഗം നടന്നതിന്റെ 16–ാം ദിവസം – 2015 ഏപ്രിൽ 10ന്– 36 വിമാനങ്ങൾക്കുള്ള പുതിയ കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസിൽ പ്രഖ്യാപിച്ചു. ഓഫ്സെറ്റ് പങ്കാളിയായി റിലയൻസ് രംഗത്തുവന്നു.)

‘മീഡിയം മൾട്ടി റോൾ കോംബാറ്റ് എയർക്രാഫ്റ്റ് (എംഎംആർസിഎ) പദ്ധതിയിലൂടെ ഇന്ത്യയുമായി ഭാവിയിലേക്കുള്ള ശക്തമായ സഹകരണമാണു ഞങ്ങളുടെ മനസ്സിലുള്ളത്. എംഎംആർസിഎയ്ക്കുള്ള ടെൻഡർ 2007ലാണു ക്ഷണിച്ചത്. മറ്റു കമ്പനികളിൽ നിന്നുള്ള കടുത്ത മൽസരത്തിനു ശേഷം 2012ൽ റഫാലിനെ തിരഞ്ഞെടുത്തു. പ്രവർത്തന മികവു തെളിയിച്ച കരുത്തുറ്റ വിമാനമാണു തങ്ങൾക്ക് ആവശ്യമെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി അറിയിച്ചിട്ടുണ്ട്. കരാറിൽ ഉത്തരവാദിത്തം പങ്കിടാനും നടപടിക്രമങ്ങൾ പാലിക്കാനുമുള്ള ഉറപ്പ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ചെയർമാൻ നൽകിയിട്ടുണ്ട്. എത്രയും വേഗം അന്തിമ കരാർ ഒപ്പിടാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.’

വേദി: എച്ച്എഎല്ലിന്റെ സഹകരണത്തോടെ മിറാഷ് 2000 യുദ്ധവിമാനത്തിന്റെ നവീകരണം ഡാസോ പൂർത്തിയാക്കിയതിനു പിന്നാലെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യ‌ോമസേനയ്ക്കു കൈമാറുന്ന ചടങ്ങ്. ആതിഥേയത്വം വഹിച്ചത് ട്രപ്പിയർ (ഡാസോ ഏവിയേഷന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ ഈ ചടങ്ങിന്റെ വിശദാംശങ്ങൾ ലഭ്യം).

എവിടെ: ഇസ്ത്രെസ് (ഫ്രാൻസ്). ഡാസോ ഏവിയേഷന്റെ വിമാന പരീക്ഷണ കേന്ദ്രം.

ആരൊക്കെ പങ്കെടുത്തു? : ഇന്ത്യൻ സംഘത്തെ നയിച്ചത് ഫ്രാൻസിലെ അന്നത്തെ ഇന്ത്യൻ അംബാസഡർ അരുൺ കെ. സിങ്. ഒപ്പം വ്യോമസേന, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഉദ്യോഗസ്ഥരും.

ജെപിസി അന്വേഷണത്തെ സർക്കാർ ഭയക്കുന്നത് എന്തിന്? – എ.കെ. ആന്റണി

പ്രതിരോധ ചട്ടങ്ങൾ പാലിക്കാതെയാണു മോദി സർക്കാർ റഫാൽ കരാർ ഒപ്പിട്ടതെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്ന മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്കു പറയാനുള്ളത്: ‘‘റഫാൽ കരാറിൽ ചിലതു മറച്ചുവയ്ക്കാനുള്ളതു കൊണ്ടാണു കേന്ദ്ര സർക്കാർ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണത്തെ ഭയക്കുന്നത്. കരാറിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചു സർക്കാർ ജെപിസി അന്വേഷണം പ്രഖ്യാപിക്കണം. ജെപിസിയിൽ ഭരണകക്ഷി അംഗങ്ങൾക്കു മൃഗീയ ഭൂരിപക്ഷമുണ്ട്.

പ്രതിപക്ഷം ന്യൂനപക്ഷമാണ്. പിന്നെ എന്തുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ മടിക്കുന്നത്? പരിഗണിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിക്കാനും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും ജെപിസിക്ക് അധികാരമുണ്ട്. ജെപിസി യോഗത്തിൽ നടക്കുന്ന ചർച്ചകളെല്ലാം രഹസ്യമാണ്. അന്തിമ റിപ്പോർട്ട് പാർലമെന്റിന്റെ ഇരു സഭകളിലും വയ്ക്കുമ്പോൾ മാത്രമാണു ജെപിസി അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്’’– ആന്റണി പറഞ്ഞു.

∙ യുദ്ധവിമാനത്തിനായി വ്യോമസേന

റഫാൽ യുദ്ധവിമാന കരാറിനെച്ചൊല്ലി ഭരണ – പ്രതിപക്ഷ പോര് മുറുകുമ്പോൾ, ആശങ്കയുടെ മുൾമുനയിലാണു വ്യോമസേന. പാക്ക്, ചൈന അതിർത്തികളിൽ നിന്നുള്ള ഭീഷണി ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ, തങ്ങൾക്ക് ആവശ്യമായ യുദ്ധവിമാന ശേഷി എത്രയും വേഗം ലഭ്യമാക്കണമെന്ന നിലപാടിലാണു സേന.

വൈകുംതോറും സ്ഥിതി സങ്കീർണമാകുമെന്നും യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. റഫാൽ വിമാനങ്ങളുടെ കാര്യശേഷിയിൽ സേനയ്ക്കു സംശയമില്ല. കരാറിനെ പിന്തുണച്ചു വ്യ‌ോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ അടുത്തിടെ രംഗത്തു വന്നതു കേന്ദ്ര സർക്കാരിനു കരുത്തു പകരും.

ഇന്ത്യയുടെ ആകാശക്കരുത്ത്

ഇന്ത്യ 560

നിലവിൽ, 31 ഫൈറ്റർ സ്ക്വാഡ്രണുകളാണു (ഒരു സ്ക്വാഡ്രണിലുള്ളത് 16 – 18 യുദ്ധവിമാനങ്ങൾ) വ്യോമസേനയുടെ പക്കലുള്ളത്. സർവീസിലുള്ളത് ഏകദേശം 560 യുദ്ധവിമാനങ്ങൾ. സേനയുടെ സ്ക്വാഡ്രൺ ശേഷി 42 ആണെന്നിരിക്കെ, ഇപ്പോഴുള്ള യുദ്ധവിമാന ശേഖരം വളരെ കുറവാണെന്നും അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി ഫലപ്രദമായി നേരിടാൻ കരുത്തുറ്റ യുദ്ധവിമാനങ്ങൾ ആവശ്യമാണെന്നും സേന വിലയിരുത്തുന്നു. സുഖോയ് 30 എംകെഐ, മിഗ് 21, മിഗ് 23, മിഗ് 27, മിഗ് 29, മിറാഷ് 2000, ജാഗ്വർ, തേജസ് യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ ആകാശക്കരുത്തിനു മൂർച്ച പകരുന്നത്. കാലപ്പഴക്കം ചെന്ന മിഗ് 21, മിഗ് 27 വിമാനങ്ങൾ സേനയിൽ നിന്നു ഘട്ടം ഘട്ടമായി ഒഴിവാക്കും. ഇതുണ്ടാക്കുന്ന വിടവ് അടിയന്തരമായി നികത്തണമെന്നാണു സേനയുടെ ആവശ്യം.

2022ൽ 36 റഫാൽ വിമാനങ്ങൾ എത്തുന്നതോടെ രണ്ടു സ്ക്വാഡ്രണുകൾ കൂടി സജ്ജമാക്കാം. എന്നാൽ, ഇക്കാലയളവിൽ മിഗ് വിമാനങ്ങളിൽ പലതും സർവീസിൽ നിന്നു വിരമിക്കുമെന്നതിനാൽ, സ്ക്വാഡ്രൺ ശേഷി കാര്യമായി വർധിക്കില്ല. 110 യുദ്ധവിമാനങ്ങൾക്കായി കേന്ദ്രം ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ടെങ്കിലും കരാർ നടപ്പാക്കി വിമാനങ്ങൾ നിർമിക്കാൻ കാലമേറെയെടുക്കും.

അയൽ രാജ്യങ്ങളുടെ കരുത്ത്:

ചൈന:1795

പീപ്പിൾസ് ലിബറേഷൻ ആർമി – എയർ ഫോഴ്സ് (പിഎൽഎ – എഎഫ്) എന്നറിയപ്പെടുന്ന ചൈനീസ് വ്യോമസേനയുടെ അംഗബലം 3,98,000. ചൈനയുടെ പക്കലുള്ള ഫൈറ്റർ വിമാനങ്ങളുടെ എണ്ണം 1795.

പാക്കിസ്ഥാൻ:370

പാക്കിസ്ഥാൻ എയർ ഫോഴ്സസിന്റെ (പിഎഎഫ്) പക്കലുള്ളത് 370 യുദ്ധവിമാനങ്ങൾ. ഏറ്റവുമധികമുള്ളത് ചൈനീസ് നിർമിത യുദ്ധവിമാനം ചെങ്ദു ജെ 7. യുഎസ് നിർമിത എഫ് 16 ഫൈറ്റിങ് ഫാൽക്കണിന്റെ രണ്ടു സ്ക്വാഡ്രണുകളും പിഎഎഫിൽ സജീവം.

(പരമ്പര അവസാനിച്ചു)