Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യുന്നതങ്ങളിൽ ആധി! വർമയെ വിലക്കിയാൽ നേട്ടമാർക്ക്?

rafale-jaitely-cbi

സിബിഐയുടെ തലപ്പത്തുനിന്നു മാറ്റപ്പെട്ട അലോക് വർമ സുപ്രീം കോടതിയോടു പറഞ്ഞു, ‘ഉന്നതരുൾപ്പെട്ട കേസന്വേഷണകാര്യങ്ങളിൽ സ്പെഷൽ ഡയറക്ടർ ഉടക്കുവച്ചു. സുപ്രീം കോടതി നേരിട്ടു നിരീക്ഷിക്കുന്ന കേസുകളടക്കം, അതിപ്രധാനമായ ചില കേസുകൾപോലും ഈ കൂട്ടത്തിലുണ്ട്’. അതിനർഥം അസ്താന തനിച്ചല്ലെന്നുതന്നെ. അസ്താനയ്ക്കു നേരെ വിരൽചൂണ്ടുമ്പോൾ ചങ്കിടിക്കുന്നതു മറ്റാർക്കൊക്കെയോ ആണെന്ന വ്യാഖ്യാനവും സിബിഐയിൽനിന്നുതന്നെ കേൾക്കുന്നു. 

alok-verma അലോക് വർമ

വർമയെ വിലക്കിയാൽ നേട്ടമാർക്ക് ? 

കാലാവധി പൂർത്തിയാക്കാൻ സമയം ശേഷിച്ചിരുന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അലോക് വർമ. അർധരാത്രി ഓഫിസ് അടക്കം പൂട്ടി, സിബിഐ ആസ്ഥാനത്തുനിന്നുതന്നെ അദ്ദേഹത്തെ തുരത്തിയതിനു പിന്നിൽ എന്താവും? ആ ചോദ്യത്തിനുള്ള ഉത്തരം അലോക് വർമയുടെ മേശയ്ക്കുള്ളിൽ ഉണ്ടെന്നാണു വർമയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലേക്കു തള്ളിയിടാൻ പോന്ന പരാതികൾ അലോക് വർമയുടെ സജീവ പരിഗണനയിലുണ്ടായിരുന്നുവത്രേ. ഈ പരാതികളിൽ സിബിഐ അന്വേഷണം തുടങ്ങുന്നതുപോലും കേന്ദ്ര സർക്കാരിനു ക്ഷീണം ചെയ്യുമെന്നത് ഉറപ്പായിരുന്നു. രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഘട്ടത്തിൽ പ്രത്യേകിച്ചും. ഇതൊഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിക്കൂടി വർമയ്ക്കെതിരായ നടപടിയെ വിലയിരുത്തുന്നവരുണ്ട്. സിബിഐയിൽനിന്നു തുരത്തപ്പെട്ട അർധരാത്രി അലോക് വർമയ്ക്കു മുന്നിൽ ശേഷിച്ചിരുന്ന പ്രധാന പരാതികൾ ഏഴാണ്. പ്രതിസ്ഥാനത്തുള്ള ഉന്നതരെ സംബന്ധിച്ച് ഏഴു ഭൂതങ്ങൾ. 

ഒപ്പിടാതെ പോയ ‘കുറ്റം’ 

സർക്കാർ പ്രവേശനം വിലക്കിയ മെഡിക്കൽ കോളജിന് അനുമതി തരപ്പെടുത്തി നൽകുന്നതുമായി ബന്ധപ്പെട്ട കോഴവിവാദം. സർക്കാർ ഉത്തരവിനെതിരെ കോളജ് സുപ്രീം കോടതിയിൽ ഹർജി നൽകി. കോളജിന് അനുകൂലമായ  വിധി സമ്പാദിക്കുന്നതിനായി, വിരമിച്ച ഹൈക്കോടതി ജഡ്‌ജി ഇശ്റത്ത് മസ്റൂർ ഖുദ്ദുസി അടക്കം ഇടപെട്ടുവെന്നാണു കേസ്. ഖുദ്ദുസിയുടെ ഇടപെടൽമൂലം ഉന്നത സ്വാധീനമുള്ളവർ അനുകൂല നിലപാടെടുത്തതായും എഫ്ഐആറിലുണ്ട്. കേസിൽ കുറ്റപത്രം തയാറായിരുന്നു. ഫയൽ പരിശോധിച്ച് ഒപ്പുവയ്ക്കുന്ന നടപടിയാണ് ഡയറക്ടറുടെ മുന്നിൽ ശേഷിച്ചിരുന്നത്. 

ശുക്ലയ്ക്ക് ശുക്രൻ 

റിട്ട. ജഡ്ജി ഖുദ്ദുസി ഉൾപ്പെട്ട മെഡിക്കൽ കോഴക്കേസിന്റെ തുടർച്ചയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.നാരായൺ ശുക്ലയ്ക്കെതിരെയുള്ളത്. ശക്തമായ തെളിവുകളുണ്ടെന്നു സിബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ജസ്റ്റിസ് ശുക്ലയ്ക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുന്നതിന്  മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞ സെപ്റ്റംബറിൽ സിബിഐക്ക് അനുമതി നിഷേധിച്ചതാണു കേസ് വൈകിച്ചത്. എഫ്ഐആർ ഇടുന്നതിനുള്ള ശ്രമങ്ങൾ സിബിഐ തുടരുന്നതിനിടെയാണ് അലോക് വർമയുടെ സ്ഥാനമാറ്റം. 

hasmukh-adhia ഹസ്മുഖ് ആദിയ

ആദിയയ്ക്ക് എതിരെ   

മോദിയുടെ വിശ്വസ്തനായ ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയ്ക്കെതിരായ  പരാതിയാണു മറ്റൊന്ന്. കോടികൾ തട്ടി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയെ സഹായിച്ചതടക്കം, ഒട്ടേറെ അഴിമതി ഇടപാടുകളിൽ ആദിയയ്ക്കു പങ്കുണ്ടെന്നായിരുന്നു ആരോപണം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ആദിയ. സുബ്രഹ്മണ്യൻ സ്വാമിയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കേസിന് അലോക് വർമ നേരിട്ടു മേൽനോട്ടം വഹിക്കുകയായിരുന്നു. 

വഴിമുടങ്ങിയ കോഴ 

ഈ മാസമാദ്യം ഡൽഹിയിൽ നടത്തിയ റെയ്ഡിൽ മൂന്നു കോടി രൂപയുമായി ഒരാൾ പിടിയിലായ സംഭവത്തിലെ അന്വേഷണമാണു മറ്റൊന്ന്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനകാര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കോഴ എത്തിച്ചുകൊടുക്കുന്നതിലെ കണ്ണിയാണ് ഇയാളെന്നു സിബിഐ കണ്ടെത്തിയിരുന്നു. 

റഫാൽ ഭൂതം

ഈ മാസമാദ്യം അലോക് വർമയുടെ ഓഫിസിൽ ഒരു കൂടിക്കാഴ്ച നടന്നു. സിബിഐ ഓഫിസിൽ കേന്ദ്ര സർക്കാരിനെ ഏറ്റവും അലോസരപ്പെടുത്തിയ സംഭവങ്ങളിലൊന്ന് ഇതായിരുന്നു. കേന്ദ്ര സർക്കാരിന്റെ നിശിത വിമർശകരായ അരുൺ ഷൂറിയും യശ്വന്ത് സിൻഹയും പ്രശാന്ത് ഭൂഷണുമാണ് വർമയുമായി ചർച്ചയ്ക്കെത്തിയത്. റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടായിരുന്നു ആ കൂടിക്കാഴ്ചയിൽ ചർച്ചയായത്. അഴിമതി സംബന്ധിച്ച ചില രേഖകളും അവർ കൈമാറി.

 ‍പരാതി പരിശോധിക്കുന്ന നടപടികളിലേക്കു കടക്കുന്നതിനിടെയാണ് അലോക് വർമയെ നീക്കിയത്. രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാക്കൾ സിബിഐ മേധാവിയെ ഓഫിസിലെത്തി കണ്ടതിനെ സർക്കാർ തലപ്പത്തുള്ളവർതന്നെ രഹസ്യമായി വിമർശിച്ചു. റഫാൽ ഇടപാടിലെ രേഖകളുമായി എത്തിയവരെ അലോക് വർമ നേരിൽക്കണ്ടത്, കേസിൽ അദ്ദേഹത്തിനുള്ള താൽപര്യമായി വ്യാഖ്യാനിക്കുന്നവരുമേറെ. 

പൂട്ടുവീഴാതെ സന്ദേസര 

5000 കോടി രൂപ തട്ടിയെടുത്തു രാജ്യംവിട്ട ഗുജറാത്ത് വ്യവസായി നിതിൻ സന്ദേസരയ്ക്കെതിരായ അന്വേഷണവും അവസാന ഘട്ടത്തിലെത്തിച്ചാണ് അലോക് വർമ മടങ്ങിയത്. സന്ദേസരയുമായി അസ്താനയ്ക്കുള്ള ബന്ധവും അന്വേഷണം മുടക്കാൻ ഇടയ്ക്കിടെ അസ്താന ഉടക്കുവച്ചെന്നുമെല്ലാം അലോക് വർമ പരസ്യമാക്കിയതോടെയാണു സിബിഐയിലെ പോര് രൂക്ഷമായത്. 

ഗുജറാത്തിലെ സ്റ്റെർലിങ് ബയോടെക് എന്ന ഒൗഷധനിർമാണക്കമ്പനിയും ഒട്ടേറെ അനുബന്ധ വ്യവസായങ്ങളും നടത്തിയിരുന്ന നിതിൻ സന്ദേസര, 5 ബാങ്കുകളെ കബളിപ്പിച്ചെന്നാണു കേസ്. അസ്താനയും കേസിൽ പ്രതിയായി. 3.8 കോടി രൂപ അസ്താന കോഴ കൈപ്പറ്റിയെന്നും വർമ പരാതിയിൽ ആരോപിച്ചിരുന്നു. 

bhaskar-khulbe ഭാസ്കർ ഖുൽബേ

കൽക്കരി പുകയുമ്പോൾ

ബംഗാൾ ആസ്ഥാനമായ കമ്പനിക്കു കൽക്കരി ഖനനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെ മുന നീണ്ടത്  പ്രധാനമന്ത്രിയുടെ വിശ്വസ്തനിലേക്കായിരുന്നു – മോദിയുടെ സെക്രട്ടറിയും ബംഗാൾ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഭാസ്കർ ഖുൽബേയ്ക്കെതിരെ. ഖുൽബേയ്ക്കെതിരെ കേസെടുക്കണമെന്ന നിർദേശത്തിനു തടയിട്ടത് അസ്താനയായിരുന്നുവെന്നു സിബിഐ വൃത്തങ്ങൾ പറയുന്നു. പ്രധാനമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി.കെ.മിശ്രയ്ക്കൊപ്പം ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം വൻ സ്വാധീനമുള്ളയാളാണു ഖുൽബേ. 

വർമയെ ഒഴിവാക്കിയതോ ? 

തമ്മിലടിച്ച ഉദ്യോഗസ്ഥരെ മാറ്റിയശേഷം സർക്കാർ വൃത്തങ്ങൾ നടത്തിയ പ്രതികരണങ്ങളിലുണ്ട് സർക്കാരിന്റെ മനസ്സിലിരിപ്പ്. സർക്കാർ വർമയെ കടന്നാക്രമിച്ചു. കേന്ദ്ര വിജിലൻസ് കമ്മിഷണറുടെ അന്വേഷണ നടപടികളോടു സഹകരിക്കുന്നില്ലെന്നതായിരുന്നു വർമയ്ക്കെതിരായ പ്രധാന കണ്ടെത്തൽ. 

അതേസമയം, കോഴക്കേസ് തന്നെ ചുമത്തപ്പെട്ട അസ്താനയുടെ കാര്യത്തിൽ സർക്കാരിന്റെ ന്യായം മറ്റൊന്നായിരുന്നു – കേസെടുത്തതും റെയ്ഡ് നടത്തിയതുമെല്ലാം കീഴ്‌വഴക്കം ലംഘിച്ചായിരുന്നു. തമ്മിലടി രൂക്ഷമായപ്പോൾ രണ്ട് ഉദ്യോഗസ്ഥരെയും വിളിപ്പിച്ച പ്രധാനമന്ത്രിയുടെ സമീപനത്തിൽപോലും രണ്ടു നീതി പ്രകടമായിരുന്നുവെന്നു വ്യക്തം. 

വർമയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയ മറ്റൊരു വാചകം കൂടി ശ്രദ്ധിക്കണം. ഉന്നതതല അന്വേഷണം വേണ്ടിവരുന്ന ചില ഘട്ടങ്ങളിൽ സർക്കാർ താൽപര്യങ്ങൾക്കു വിരുദ്ധമായി മുന്നോട്ടുപോകേണ്ടിവന്നേക്കാം! 

വർമയ്ക്കെതിരായ ആരോപണങ്ങളും അന്വേഷിക്കപ്പെടണം. കേന്ദ്ര വിജിലൻസ് കമ്മിഷണറുടെ നേതൃത്വത്തിൽ സർക്കാർ അതിനു കച്ചമുറുക്കിക്കഴിഞ്ഞു. പ്രതികാര നടപടിയായി അതു മാറുമോ എന്നാണ് അറിയേണ്ടത്. സിബിഐക്കു മുഖം മിനുക്കാൻ കഴിയുമോ എന്നും കണ്ടുതന്നെ അറിയണം. 

അവസാനിച്ചു