Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ പുകച്ചു പുറത്തുചാടിച്ചു; രേഖപ്പെടുത്തിയത് ഇല്ലാത്ത തീരുമാനം: ജൂബിലി നവപ്രഭ

Jubilee Navaprabha ഡോ. ജൂബിലി നവപ്രഭ

കേരള സർവകലാശാലയിലെ ഒരു ഡയറക്ടറേറ്റിന്റെ തലപ്പത്ത് കുറഞ്ഞൊരുകാലം ഇരുന്നപ്പോഴാണു നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്താണു നടക്കുന്നതെന്നതു തനിക്ക് ഏറെക്കുറെ  മനസ്സിലായതെന്നു ഡോ. ജൂബിലി നവപ്രഭ. വിവാദങ്ങളെ തുടർന്നു സർവകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആൻഡ് ടീച്ചർ എജ്യുക്കേഷന്റെ (ഡോംടെക്) ഡയറക്ടർ സ്ഥാനം രാജിവച്ച ജൂബിലിക്കു തന്നെ ചില തൽപരകക്ഷികൾ പുകച്ചു പുറത്തുചാടിക്കുകയായിരുന്നുവെന്ന പരാതിയുണ്ട്. മന്ത്രി ജി. സുധാകരന്റെ ഭാര്യയാണ് ഡോ. ജൂബിലി നവപ്രഭ. 

പ്രിൻസിപ്പൽമാരുടെ മികവുപരിശോധനയ്ക്ക് ഏകീകൃത മാനദണ്ഡങ്ങളൊന്നും നിലവിൽ പാലിക്കപ്പെടുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. തന്റെ കീഴിലുള്ള 3 പ്രിൻസിപ്പൽമാരുടെ മികവുപരിശോധന നടന്നതു താൻ അറിയാതെയാണ്. മികവുപരിശോധന വീണ്ടും നടത്തണമെന്നു നിർദേശം വച്ചതിനു പിന്നാലെയായിരുന്നു പുതിയ വിവാദങ്ങളുടെ തുടക്കം. സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുത്തവരൊക്കെ ഉറപ്പിച്ചു പറയുന്നതു കരാർ ജീവനക്കാരിയായ തന്നെ സ്ഥിരപ്പെടുത്തുക എന്ന തീരുമാനം യോഗത്തിൽ ഉണ്ടായിട്ടില്ല എന്നാണ്. അങ്ങനെയാണെങ്കിൽ ഇല്ലാത്ത തീരുമാനം രേഖപ്പെടുത്തുക എന്ന ഗുരുതരമായ ആരോപണത്തിനു മറുപടി ഉണ്ടാവണം. ഒരു  വർഷത്തേക്കു കരാർ നിയമനത്തിനു പ്രവേശിച്ച ഒരാളെ സ്ഥിരപ്പെടുത്താനാവില്ല എന്നതാണു ചട്ടം.

എന്തിനാണു താങ്കളോടു വിരോധം? ആരാണ് ഇതിനു പിന്നിൽ?

അഴിമതിയോടു കീഴ്പ്പെടാത്തതിന്റെ ശമ്പളമാണ് അപവാദപ്രചാരണമായി ഞാൻ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. തീർത്തും യുക്തിരഹിതമായ കള്ളങ്ങൾ ചിലർക്കു പ്രചരിപ്പിക്കേണ്ടിവരുന്നതു ഭയം കൊണ്ടു മാത്രമാണ്. സ്വന്തം പിടിപ്പുകേടുകൾ പുറത്താകുമോയെന്ന ഭയം. അല്ലാതെ ജി.സുധാകരൻ എന്ന പൊതുപ്രവർത്തകൻ സ്വജനപക്ഷപാതത്തോടു വിട്ടുവീഴ്ച ചെയ്യുന്ന ഒരാളായിരുന്നുവെങ്കിൽ എംബിഎ റാങ്ക് ജേതാവായ അനുജത്തിയുടെ മകൾക്കു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യേണ്ടിവരില്ലായിരുന്നല്ലോ.

താങ്കൾ പുറത്തു പോകണമെന്ന് നിർബന്ധമുള്ളവർ ഉണ്ടെന്നാണോ? 

സംശയമെന്ത്? കഴിഞ്ഞ അഞ്ചുമാസമായി സർവകലാശാലയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട ഒരാളെന്നനിലയിൽ ഞാനിനിയും അവിടെ തുടരുന്നതു ദോഷം ചെയ്യുമെന്നു സ്വയം തിരിച്ചറിഞ്ഞ താപ്പാനകളുമുണ്ട്. അടുക്കും ചിട്ടയുമില്ലാതെയാണ് അവിടത്തെ പ്രവർത്തനങ്ങൾ. യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ബിഎഡ് സെന്ററുകൾ എന്നിവയുൾപ്പെടുന്ന 51 സ്ഥാപനങ്ങളുടെ ചുമതലയുള്ള ‍ഡോംടെക് ഡയറക്ടറായാണു കഴിഞ്ഞ മേയിൽ സ്ഥാനമേൽക്കുന്നത്. കൊമേഴ്സ് അധ്യാപികയായ ഞാൻ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നതെങ്ങനെയെന്ന് ആരോപണമുന്നയിച്ചവരുണ്ട്. യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു ടൈപ്പ് 1, ടൈപ്പ് 2 ഡിഗ്രി കോഴ്സുകൾ മാത്രമാണെന്നത് അവർക്കറിയാത്തതല്ല. 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും പര്യാപ്തമാണോ?

രണ്ടു മാസത്തിനുള്ളിൽ മുന്നറിയിപ്പുകളില്ലാതെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോഴാണ് അവസ്ഥ എത്ര പരിതാപകരമാണെന്നു മനസ്സിലാവുന്നത്. പലയിടത്തും കംപ്യൂട്ടറുകൾ പോലുമില്ല. വ്യക്തമായ അക്കാദമിക് കലണ്ടറോ മാസ്റ്റർ ടൈംടേബിളോ ഇല്ല.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു ശുചിമുറി മാത്രമുള്ള സ്ഥലങ്ങൾപോലുമുണ്ട്. ശ്രദ്ധയിൽപെട്ട, അടിയന്തരമായി പരിഷ്കരിക്കേണ്ട 50 കാര്യങ്ങളുടെ വിശദമായ പട്ടിക അന്നു സമർപ്പിച്ചിരുന്നു. വിഷയം മാറുന്ന സമയത്ത് അധ്യാപകർക്കു വ്യക്തമായ ഓറിയന്റേഷൻ നൽകുക, അനാവശ്യമായ ഡ്യൂട്ടി ലീവുകൾ ഒഴിവാക്കുക, പിടിഎ ഫണ്ട് സുതാര്യമായി ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളുടെ സമഗ്രമായ പട്ടികയിൽ വേണ്ട നടപടികൾ ഒന്നുമുണ്ടായില്ല.

കരാർ ജീവനക്കാരോട്, പ്രത്യേകിച്ചു വനിതകളോടു കാണിക്കുന്ന സമീപനം ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. മാറ്റിക്കൊടുക്കാൻ വകുപ്പുണ്ടായിട്ടും വളരെ ദൂരെ ജോലി ചെയ്യേണ്ടിവരുന്ന ഒരുപാടു വനിതാ ജീവനക്കാരുണ്ട്. പ്രിൻസിപ്പൽമാരോടു തർക്കിച്ചാൽ എന്തെങ്കിലും കാര്യമുണ്ടാക്കി ജോലിയിൽനിന്നു പറഞ്ഞുവിടും. പ്രസവാവധി എടുത്താൽ ജോലിപോകും. ഇതൊക്കെ എന്തുതരം നീതിയാണ്?

നിയമനത്തെക്കുറിച്ചുള്ള ആരോപണങ്ങളോട്?

തീർത്തും സുതാര്യമായിത്തന്നെയാണു ഡോംടെക് ഡയറക്ടർ സ്ഥാനത്തേക്കു നിയമിച്ചത്. എന്നോടൊപ്പം അഭിമുഖത്തിൽ പങ്കെടുത്തവർ ഭൂരിഭാഗവും പ്രിൻസിപ്പൽമാരായും വൈസ് പ്രിൻസിപ്പൽമാരായും വിരമിച്ചവർതന്നെയായിരുന്നു. അക്കൂട്ടത്തിലെ ഒരേയൊരു റിസർച്ച് ഗൈഡ് ഞാനായിരുന്നു.

യോഗ്യതകൾകൊണ്ടു മാത്രം നേടിയ ജോലിയാണ്. കഴിഞ്ഞ 5 മാസവും യൂണിവേഴ്സിറ്റിയെ മെച്ചപ്പെടുത്താൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. എന്നെയറിയുന്നവർക്കും ഇടപെടലുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കും അതറിയാം.