ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും അടുത്ത മാസം തിരഞ്ഞെടുപ്പ്; മുഖ്യം, മൂന്നു പാർട്ടികൾക്കും

മണിക് സർക്കാർ, മുകുൾ സാംഗ്‌മ, ടി. ആർ. സെയ് ലാങ്.

ഏഴു സഹോദരിമാർ എന്നാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വിശേഷിപ്പിക്കാറുള്ളതെങ്കിലും ഇപ്പോൾ എട്ടു സംസ്ഥാനങ്ങൾ ഈ മേഖലയിലുണ്ട്– അരുണാചൽ പ്രദേശ്, അസം, മേഘാലയ, മണിപ്പുർ, മിസോറം, ത്രിപുര, നാഗാലാൻഡ് എന്നിവയോടെപ്പം സിക്കിമിനെയും ഉൾപ്പെടുത്തണം. ഈ സംസ്ഥാനങ്ങളെല്ലാം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ബിജെപി നീങ്ങുന്നത്. എട്ടിൽ നാലു സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്ക്കോ സഖ്യകക്ഷികളോടൊപ്പമോ അധികാരത്തിലാണ്. ഏതാണ്ട് ഒരു വർഷം മുമ്പു വരെ ഈ എട്ടിൽ അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസായിരുന്നു ഭരണത്തിൽ – അസം, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം, മണിപ്പുർ എന്നിവിടങ്ങളിൽ. എന്നാൽ, അസമും മണിപ്പുരും ബിജെപി കൈക്കലാക്കി, നാഗാലാൻഡിൽ ബിജെപിക്കു പങ്കാളിത്തമുള്ള ദേശീയ ജനാധിപത്യ സഖ്യമാണു ഭരണത്തിൽ. ഈ പശ്ചാത്തലത്തിലാണു മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളിൽ അടുത്ത മാസം തിരഞ്ഞെടുപ്പു നടക്കുന്നത്. കൂടാതെ കോൺഗ്രസ് ഭരിക്കുന്ന മിസോറം നവംബറിൽ തിരഞ്ഞെടുപ്പിലേക്കു നീങ്ങും.

2014 ൽ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് മുക്തമാക്കുക എന്ന യജ്ഞവും തുടങ്ങി. നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും നിരന്തരമായി ഈ സംസ്ഥാനങ്ങളിൽ പര്യടനം തുടങ്ങി. ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും തമ്മിലായിരുന്നു മത്സരമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസും പ്രാദേശികകക്ഷികളും തമ്മിലായിരുന്നു മുഖ്യമായ പോരാട്ടം. ഇതു മാറ്റി ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയെ അവഗണിക്കാനാവാത്ത ശക്തിയായി ഉയർത്തിക്കൊണ്ടുവന്നത് അമിത് ഷായുടെ തന്ത്രമാണ്. അസമിൽ ബിജെപി വിജയിച്ചതോടെ മന്ത്രി ഹേമന്ത് വിശ്വാസിന്റെ നേതൃത്വത്തിൽ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻഇഡിഎ) എന്നൊരു സഖ്യമുണ്ടാക്കി. മുൻ കോൺഗ്രസ് നേതാവായ വിശ്വാസും ആർഎസ്എസിൽ നിന്നു റാം മാധവും കൂടിയാണ് ഇപ്പോൾ ഈ സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ കിണഞ്ഞു ശ്രമിക്കുന്നത്. ഒപ്പം, പ്രധാനമന്ത്രിയുടെ ഓഫിസിലെ മന്ത്രി ജിതേന്ദ്ര സിങ്ങിന് ആകമാന ചുമതലയും മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു മേഘാലയയുടെ ചുമതലയും.

കോൺഗ്രസിന് മേഘാലയയിൽ അധികാരം നിലനിർത്തുക മാത്രമല്ല, നാഗാലാൻഡിൽ ഭരണം തിരിച്ചുപിടിക്കാനും ശ്രമിക്കണം. ത്രിപുരയിൽ ഏതാണ്ട് നാമാവശേഷമായ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയും വേണം.  സിപിഎമ്മിനാകട്ടെ, കേരളം കഴിഞ്ഞാൽ അധികാരമുള്ള ഏക സംസ്ഥാനമാണു ത്രിപുര. 65 വർഷവും കോൺഗ്രസായിരുന്നു മുഖ്യ എതിരാളി. എന്നാൽ, ഇതാദ്യമായി ബിജെപി മുഖ്യ എതിർകക്ഷിയായി വളർന്നു.

ത്രിപുര

കാൽനൂറ്റാണ്ടായി സിപിഎം ഭരിക്കുന്ന സംസ്ഥാനം. മുഖ്യമന്ത്രി മണിക് സർക്കാർ തന്നെയാണു പ്രമുഖ നേതാവ്. 37 ലക്ഷം ജനങ്ങൾ മാത്രമുള്ള ഇവിടെ അതിൽ മൂന്നിലൊന്നും പട്ടികവർഗക്കാരാണ്. 2013 ൽ 60 ൽ 50 സീറ്റും സിപിഎം നേടി. തൃണമൂൽ കോൺഗ്രസിന്റെ ആറ് എംഎൽഎമാരും ഒരു സ്വതന്ത്രനും ബിജെപിയിൽ ചേർന്നു. കോൺഗ്രസിന് നിയമസഭയിൽ രണ്ടു പേരേയുള്ളൂ. മുഖ്യപോരാട്ടം സിപിഎമ്മും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും തമ്മിലായിരിക്കും.

സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി മണിക് സർക്കാർ തന്നെ. ബിജെപി ഇവിടെ െഎപിഎഫ്ടിയുമായി (ഇൻ‌ഡിജിനസ് പീപ്പിൾസ് ഫണ്ട് ഓഫ് ത്രിപുര) സഖ്യത്തിലാണ്. ബിജെപി പ്രസിഡന്റ് ബിപ്ലവ് ദേവാണ് മുഖ്യനേതാവെങ്കിലും ഈ സഖ്യം ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നില്ല. ത്രിപുരയെ വിഭജിച്ച് ത്വിപ്രാലാൻഡ് സംസ്ഥാനം രൂപവൽക്കരിക്കണം എന്നാണ് െഎപിഎഫ്ടിയുടെ ആവശ്യം. നേരത്തേ സിപിഎമ്മും കോൺഗ്രസും ബിജെപിയും ഇതിനെ എതിർത്തതാണ്. എന്നാൽ സഖ്യമുണ്ടാക്കുന്നതോടെ ബിജെപി ഇവരുടെ നിലപാടിനു തത്വത്തിൽ അംഗീകാരം നൽകുകയാണ്.

മേഘാലയ

60 സീറ്റുള്ള മേഘാലയയിൽ ഭരണകക്ഷിയായ കോൺഗ്രസിന് 23 എംഎൽഎമാരേയുള്ളൂ. എല്ലായിടത്തെയും പോലെ കോൺഗ്രസ് ഗ്രൂപ്പുവഴക്കിൽ ആണ്ടുമുങ്ങിയിരിക്കയാണ്. അവരുടെ അഞ്ച് എംഎൽഎമാർ രാജിവച്ച് നാഷനൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നിരുന്നു. ഇവിടെ പ്രാദേശിക കക്ഷികളുടെ ബഹളമാണ്. നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി), ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) എന്നിവയാണു പ്രമുഖ കക്ഷികൾ. ബിജെപി ഇതിൽ എൻപിപിയുമായി ധാരണയിലാണ്. എന്നാൽ, പ്രാദേശികക്ഷികൾ ഒരുമിച്ചു ചേർന്നു ശക്തമായ ഒരു സഖ്യമുണ്ടാക്കി കോൺഗ്രസിനെ തോൽപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.കോൺഗ്രസ് ആറു തവണ ഭരിച്ച മേഘാലയയിൽ മുഖ്യമന്ത്രി മുകുൾ സാംഗ്‌മ തന്നെയാണ് പോരാട്ടം നയിക്കുന്നത്. കോൺഗ്രസിന്റെ ഉപമുഖ്യമന്ത്രി ആയിരുന്ന റോവൽ ലിംഗ്ഡോയാണ് ഇപ്പോൾ നാഷനൽ പീപ്പിൾസ് പാർട്ടിയുടെ നേതാവ്. ഇവരുമായാണ് ബിജെപിയുടെ ധാരണ.

നാഗാലാൻഡ്

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണു ഭരണത്തിൽ. മുഖ്യമന്ത്രി നാഗാലാൻഡ് പീപ്പിൾസ് പാർട്ടിയുടെ ടി. ആർ. സെയ് ലാങ്. ഇവർക്ക് 60 അംഗസഭയിൽ 45 എംഎൽഎമാരുണ്ട്. ബിജെപിക്കു നാലു പേരും. നാഗാലാൻഡ് പീപ്പിൾസ് പാർട്ടിയുമായുള്ള സഖ്യം വേർപെടുത്തി ബിജെപി ഒറ്റയ്ക്കു മത്സരിക്കണം എന്നു പാർട്ടിയിൽ ഒരു വിഭാഗം വാദിക്കുന്നുണ്ട്.  പിസിസി പ്രസിഡന്റ് കെ. തേയ്‌രി ആയിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. ദശാബ്ദങ്ങളായി നിലനിൽക്കുന്ന വിഘടനവാദ പ്രശ്നം പരിഹരിക്കാതെ തിരഞ്ഞെടുപ്പു നടത്തരുത് എന്നു പല പ്രാദേശിക കക്ഷികളും സംഘടനകളും വാദിക്കുന്നുണ്ട്. 2015 ൽ കേന്ദ്രസർക്കാർ നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയെങ്കിലും ഇതുവരെയും സർക്കാരോ ഈ സംഘടനയോ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇത്തവണ കോൺഗ്രസ് ഉയർത്തുന്ന മുഖ്യവിഷയവും ഇതായിരിക്കും.