Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നുംവിലയുള്ള സ്വതന്ത്രൻ

h-nagesh എച്ച്.നാഗേഷ്

ബെംഗളൂരു∙ സ്വതന്ത്രന്റെ സാധ്യതകൾ അനന്തമെന്നു തിരിച്ചറിയുകയാണ് എച്ച്.നാഗേഷ്. കർണാടക നിയമസഭയിലെ ഏക സ്വതന്ത്രൻ. മുളബാഗിലു സംവരണ മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെയായിരുന്നു ജയം. ഫലം വന്നതിനു പിന്നാലെ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡി.കെ.ശിവകുമാർ 60 കിലോമീറ്ററകലെ കോലാറിൽനിന്നു നാഗേഷിനെ ബെംഗളൂരുവിലേക്കു കൊത്തിയെടുത്തു കൊണ്ടുവരികയായിരുന്നു. എന്നാൽ ബിജെപിയും ഇന്നലെ നാഗേഷിന്റെ പിന്തുണ അവകാശപ്പെട്ടതോടെ ആശയക്കുഴപ്പമായി. എങ്കിലും ആൾ ഇപ്പോഴും കോൺഗ്രസ് പാളയത്തിൽ തന്നെയുണ്ടെന്നാണു സൂചന. കോൺഗ്രസ്, ദൾ നേതാക്കൾ നാഗേഷിന്റെ പേരു കൂടി ചേർത്താണു ഗവർണർക്കു കണക്ക് നൽകിയിരിക്കുന്നത്.

മണ്ഡലത്തിലെ സ്ഥാനാർഥി കൊളത്തൂർ ജി.മഞ്ജുനാഥിനു കോടതി അയോഗ്യത കൽപിച്ചതോടെയാണു കോൺഗ്രസ് പകരം നാഗേഷിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ ഇവിടെ സ്വതന്ത്രനായി വിജയിച്ച മഞ്ജുനാഥ് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. എന്നാൽ ഇത്തവണ പത്രിക നൽകിയപ്പോൾ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് എതിർസ്ഥാനാർഥികളിലൊരാൾ കോടതിയെ സമീപിച്ചു. മഞ്ജുനാഥ് ഒബിസി വിഭാഗത്തിൽപ്പെട്ടയാളാണെന്നു കർണാടക ഹൈക്കോടതി വിധിക്കുകയും ചെയ്തു. മുൻകേന്ദ്രമന്ത്രി കെ.എച്ച്.മുനിയപ്പയുടെ മകൾ നന്ദിനിയും സ്വതന്ത്രയായി പത്രിക നൽകിയിരുന്നു. തന്റെ പത്രിക തള്ളിയതിനു പിന്നിൽ മുനിയപ്പയാണെന്നു മഞ്ജുനാഥ് ആരോപിച്ചതോടെ നന്ദിനിയും മൽസരരംഗത്തു നിന്നു പിന്മാറി. ഇതോടെയാണു നാഗേഷിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ജെഡിഎസിലെ സമുദ്ധി മഞ്ജുനാഥിനെ 6,715 വോട്ടിനു തോൽപിക്കുകയും ചെയ്തു. ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മൽസരിച്ച മണ്ഡലവും മുളബാഗിലുവാണ്–39. 

related stories