Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎമാരുടെ കണക്കെടുപ്പ്; അനിശ്ചിതത്വത്തിന്റെ പകൽ

Karnataka Rajbhavan

ബെംഗളൂരു ∙ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽനിന്നു 10 എംഎൽഎമാരും ദൾ യോഗത്തിൽനിന്ന് അഞ്ച് എംഎൽഎമാരും വിട്ടുനിന്നതായ അഭ്യൂഹങ്ങളാണ് ഇന്നലെ ആദ്യം പ്രചരിച്ചത്. മുൻപു ബിജെപിയിലായിരുന്ന കോൺഗ്രസ് എംഎൽഎമാരായ ആനന്ദ് സിങ്, ബി.നാഗേന്ദ്ര എന്നിവരുടെ പേരുകൾ ചർച്ചകളിലെത്തി. ദൾ യോഗത്തിന് എത്താതിരുന്നതു രാജവെങ്കടപ്പ നായക്, വെങ്കടറാവു നടെഗൗഡ എന്നിവരാണെന്നു പിന്നീടു വാർത്ത വന്നു. എംഎൽഎമാർക്കു ബിജെപി 100 കോടി വിലയിട്ടെന്ന ആരോപണവുമായി എച്ച്.ഡി.കുമാരസ്വാമി പിന്നാലെയെത്തി. 

അഭ്യൂഹങ്ങളുടെയും ആരോപണങ്ങളുടെയും വിശദാംശങ്ങളിലേക്ക്: 

∙ പകൽ 11.50: സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചതായി രാജ്ഭവനിൽനിന്നു പുറത്തു വന്നശേഷം യെഡിയൂരപ്പ. 

∙ 12.20: ദൾ എംഎൽഎമാരെ വാങ്ങാൻ ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്തതായി എച്ച്.ഡി.കുമാരസ്വാമി. എവിടെനിന്നാണ് ഇത്രയധികം കള്ളപ്പണമെന്നും ആദായനികുതി ഉദ്യോഗസ്ഥർ ഇപ്പോൾ എവിടെയാണെന്നും ചോദ്യം. 

∙ 12.40: ബിജെപി ഒരാളെ വിലയ്ക്കു വാങ്ങിയാൽ രണ്ടാളെ തിരിച്ചുപിടിക്കുമെന്നു കുമാരസ്വാമി. 

∙ 1.10: കഴിഞ്ഞ ദിവസം കോൺഗ്രസിനൊപ്പം നിന്ന കെപിജെപി എംഎൽഎ ആർ.ശങ്കർ ഗവർണറെ സന്ദർശിക്കാൻ പോയ ബിജെപി സംഘത്തിനൊപ്പം. 

∙ 2.00: ചാക്കിട്ടുപിടിത്തത്തിനും കുതിരക്കച്ചവടത്തിനും കോൺഗ്രസിനും ദളിനുമാണു വശമെന്ന് ‘നൂറു കോടി’ ആരോപണത്തിനു മറുപടിയായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. 

∙ 2.35: യെഡിയൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നു ബിജെപി പ്രവർത്തകർക്കു വാട്സാപ് സന്ദേശം. 

∙ 3.25: ഗവർണറുടെ സന്ദർശനാനുമതിക്കായി 12 മണിമുതൽ കാത്തിരിക്കുകയാണെന്നു കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. 

∙ 4.10: കോൺഗ്രസ് എംഎൽഎമാരെ രാജ്ഭവനിലേക്കു കൊണ്ടുപോകാൻ പിസിസി ഓഫിസിനു മുന്നിൽ ബസ്. 

∙ 5.20: കോൺഗ്രസ് – ദൾ പക്ഷത്തെ എല്ലാ എംഎൽഎമാരെയും അണിനിരത്തിയുള്ള ശക്തിപ്രകടനത്തിനു രാജ്ഭവൻ അനുമതി നിഷേധിച്ചു. പത്തംഗ പ്രതിനിധി സംഘത്തിനു കാണാൻ അനുമതി. 

∙ 5.35: നിയമോപദേശം തേടിയശേഷം ഭരണഘടന അനുവദിക്കുന്നതുപ്രകാരം അവസരം നൽകാമെന്നു ഗവർണർ ഉറപ്പു നൽകിയതായി പിസിസി അധ്യക്ഷൻ ജി.പരമേശ്വര. 

∙ രാത്രി 8.00: ഗവർണർ യെഡിയൂരപ്പയെ ക്ഷണിച്ചതായി ബിജെപി നേതാവ് എസ്.സുരേഷ്കുമാറിന്റെ ട്വീറ്റ്. 

∙ രാത്രി 8.00: സത്യപ്രതിജ്ഞ സംബന്ധിച്ചു കർണാടക ബിജെപിയുടെ ട്വീറ്റ്. 

∙ രാത്രി 9.05: കർണാടക ബിജെപിയുടെ ട്വീറ്റ് പിൻവലിക്കുന്നു. 

∙ രാത്രി 9.40: യെഡിയൂരപ്പയെ ക്ഷണിച്ചുകൊണ്ടുള്ള ഗവർണറുടെ ഔദ്യോഗിക അറിയിപ്പ്.

related stories